Quantcast

ഖാലിദാ ജറാർ മുതൽ സകരിയ്യാ സുബൈദി വരെ; ഇസ്രായേൽ വിട്ടയക്കുന്ന ഫലസ്തീനികളുടെ വിവരങ്ങൾ പുറത്ത്

ഫലസ്തീൻ പാർലമെന്റ് അംഗവും ഇടതുപക്ഷ പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഫോർ ദെ ലിബറേഷൻ ഓഫ് ഫലസ്തീന്റെ നേതാവുമാണ് ഖാലിദാ ജറാർ

MediaOne Logo

Web Desk

  • Published:

    18 Jan 2025 11:23 AM IST

Khalida Jarrar
X

ഖാലിദാ ജറാർ

ജെറുസലേം: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ ഞായറാഴ്ച വിട്ടയക്കുന്ന 95 ഫലസ്തീനികളുടെ വിവരങ്ങൾ ഇസ്രായേൽ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടു. യുവാക്കളും സ്ത്രീകളും പട്ടികയിലുണ്ട്. ഫലസ്തീൻ പാർലമെന്റ് അംഗവും ഫലസ്തീനിലെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഫോർ ദെ ലിബറേഷൻ ഓഫ് ഫലസ്തീന്റെ നേതാവുമായ ഖാലിദാ ജറാർ അടക്കമുള്ളവരെ ഞായറാഴ്ച വിട്ടയക്കും.

മാധ്യമപ്രവർത്തക ബുഷ്റ അൽ തവീൽ ആണ് വിട്ടയക്കപ്പെടുന്ന മറ്റൊരാൾ. 2011ൽ ഹമാസും ഇസ്രായേലും തമ്മിൽ നടന്ന തടവുകാരുടെ കൈമാറ്റത്തിലും ഇവർ ഉൾപ്പെ​ട്ടിരുന്നു. പിന്നീട് ഇസ്രായേൽ അറസ്റ്റ് ചെയ്യുകയായിരുന്നു. വെസ്റ്റ് ബാങ്ക് നഗരമായ അൽ ബിറേഹിലെ മേയറായിരുന്ന ഹമാസ് നേതാവ് ജമാൽ അൽ തവീലിന്റെ മകൾ കൂടിയാണ് ബുഷ്റ. 2024 ജനുവരിയിൽ കൊല്ലപ്പെട്ട ഹമാസിന്റെ മുതിർന്ന നേതാവ് സാലിഹ് അൽ അരൂരിയുടെ സഹോദരി ദലാൽ അൽ അരൂരിയും ഞായറാഴ്ച വിട്ടയക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

​വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടത്തിൽ 735 തടവുകാരെയാണ് ഇസ്രായേൽ വിട്ടയക്കുക. ഇതിന് പകരമായി 33 ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഞായറാഴ്ച മൂന്ന് ബന്ദികളെയാണ് ഹമാസ് വിട്ടയക്കുക.

വെസ്റ്റ് ബാങ്കിലെ അൽ അഖ്സ് ബ്രിഗേഡ് നേതാവ് സകരിയ്യ സുബൈദിയടക്കമുള്ളവർ ഇസ്രായേൽ വിട്ടയക്കുന്നവരുടെ പട്ടികയിലുണ്ട്. ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദിനെ കഴിഞ്ഞ വർഷം ഇസ്രാ​യേൽ കൊലപ്പെടുത്തിയിരുന്നു. ജീവപര്യന്തം തടവിൽ കഴിയുന്ന ഹമാസ്, ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ്, ഫതഹ് മൂവ്മെന്റ് തുടങ്ങിയവരുടെ പ്രവർത്തകരും വിട്ടയക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ഗസ്സ വെടിനിർത്തൽ കരാറിന് വെള്ളിയാഴ്ചയാണ് ഇസ്രായേൽ അംഗീകാരം നൽകിയത്. സുരക്ഷാ മന്ത്രിസഭയ്ക്കു പിന്നാലെ സമ്പൂർണ മന്ത്രിസഭയും കരാർ അംഗീകരിച്ചു.

TAGS :

Next Story