Quantcast

'ഇറാനിലെ ആണവ കേന്ദ്രം പൂർണമായും നശിപ്പിക്കപ്പെട്ടു'; ഫൊര്‍ദോ പ്ലാന്‍റിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് തള്ളി ട്രംപ്

ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-06-25 05:59:02.0

Published:

25 Jun 2025 8:57 AM IST

Trump
X

തെഹ്റാൻ: വെടിനിർത്തൽ യാഥാർഥ്യമായതോടെ ഇറാൻ സാധാരണ നിലയിലേക്ക്. ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം പൂർണമായും നിർത്തി. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ റിപ്പോര്‍ട്ട് തള്ളിയിരിക്കുകയാണ് ട്രംപും വൈറ്റ് ഹൗസും.

ആക്രമണത്തിലൂടെ ഇറാന്‍റെ ആണവ ശേഷി ഇല്ലാതാക്കിയിട്ടില്ല, മറിച്ച് കുറച്ച് മാസങ്ങൾ മാത്രം പിന്നോട്ട് പോയി എന്നായിരുന്നു ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി (ഡിഐഎ)യുടെ റിപ്പോർട്ട്. സിഎൻഎൻ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂൺ 22 ലെ ആക്രമണങ്ങൾ ഫോര്‍ദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ഇറാന്‍റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നായിരുന്നു വിലയിരുത്തൽ. ഇത് ട്രംപിന്‍റെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെയും പരസ്യമായ വാദങ്ങൾക്ക് ഇത് വിരുദ്ധമാണ്. ഇന്‍റലിജൻസ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിഎൻഎന്നും ന്യൂയോർക്ക് ടൈംസും ഒന്നിച്ചു ചേർന്നു വ്യാജവാര്‍ത്തയുണ്ടാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു.'' അദ്ദേഹം കുറിച്ചു.

പൂര്‍ണമായും തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും റിപ്പോർട്ട് തള്ളിക്കളഞ്ഞു. "ഈ ആരോപിക്കപ്പെടുന്ന വിലയിരുത്തൽ ചോർന്നത് പ്രസിഡന്‍റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്‍റെ ആണവ പദ്ധതിയെ ഇല്ലാതാക്കാൻ മികച്ച പ്രകടനം കാഴ്ചവച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമവുമാണ്. 30,000 പൗണ്ട് ഭാരമുള്ള പതിനാല് ബോംബുകൾ ലക്ഷ്യത്തിലേക്ക് കൃത്യമായി വർഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം: പൂർണമായ ഉന്മൂലനം'' ലീവിറ്റ് പറഞ്ഞു. സിഐഎയോ നാഷണൽ ഇന്‍റലിജൻസ് ഡയറക്ടറുടെ ഓഫീസോ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ വിലയിരുത്തലുകൾ പുറത്തുവിടുന്നതിൽ നിന്നും ഇസ്രായേൽ ഗവൺമെന്‍റും വിട്ടുനിന്നു. എന്നാൽ താനും ട്രംപും ചേര്‍ന്ന് ഇറാന്‍റെ ആണവ പദ്ധതി തകര്‍ത്തുവെന്ന് ചൊവ്വാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായേൽ-അമേരിക്കൻ സംയുക്ത നടപടിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു.ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസിന്‍റെ നിലപാട് ആവർത്തിച്ചു.

ഫൊര്‍ദോ പ്ലാന്‍റിന്‍റെ പ്രവേശന കവാടങ്ങൾ യുഎസ് ബങ്കർ-ബസ്റ്റർ ബോംബുകൾ മൂലം തകർന്നെങ്കിലും, ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ അതിജീവിച്ചതായി ഡിഐഎയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. യുറേനിയം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ ഉൾപ്പെടെയുള്ള പ്രധാന ഉപകരണങ്ങൾ ആക്രമണത്തിന് മുമ്പ് മാറ്റി സ്ഥാപിച്ചിരിക്കാമെന്നും അവ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നുമാണ് നിഗമനം.

TAGS :

Next Story