Quantcast

യുദ്ധക്കുറ്റമാണ്, സ്വതന്ത്രാന്വേഷണം വേണം; മാധ്യമസ്ഥാപനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തില്‍ പ്രതികരിച്ച് രാജ്യാന്തര സമിതികൾ

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, അസോഷ്യേറ്റ് പ്രസ്, കമ്മിറ്റി ടു പ്രോടക്ട് ജേണലിസ്റ്റ്‌സ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്‌സ്, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങിയ രാജ്യാന്തര സമിതികളാണ് സംഭവത്തെ അപലപിച്ചും സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 May 2021 11:07 AM GMT

യുദ്ധക്കുറ്റമാണ്, സ്വതന്ത്രാന്വേഷണം വേണം; മാധ്യമസ്ഥാപനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തില്‍ പ്രതികരിച്ച് രാജ്യാന്തര സമിതികൾ
X

ഗസ്സയിലെ മാധ്യമസ്ഥാപനങ്ങൾ ബോംബിട്ടു തകർത്ത സംഭവത്തിൽ ഇസ്രായേലിനെതിരെ രാജ്യാന്തര വിമർശനമുയരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാജ്യാന്തര മാധ്യമ സമിതികൾ രംഗത്തെത്തി. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്(ആർഎസ്എഫ്), അസോഷ്യേറ്റ് പ്രസ്(എപി), കമ്മിറ്റി ടു പ്രോടക്ട് ജേണലിസ്റ്റ്‌സ്(സിപിജെ), എത്തിക്കൽ ജേണലിസം നെറ്റ്‌വർക്ക്(ഇജെഎൻ), എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇജിഐ), പ്രസ് ക്ലബ് ഓഫ് ഇന്ത്യ തുടങ്ങിയ രാജ്യാന്തര സമിതികളാണ് സംഭവത്തെ അപലപിച്ചും രാജ്യാന്തര കോടതിയുടെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുന്നത്.

ഗസ്സയിലെ 11 നിലയുള്ള അൽജലാ കെട്ടിടമാണ് ശനിയാഴ്ച ഇസ്രായേൽ പൂർണമായും ബോംബിട്ട് തകർത്തത്. കൃത്യമായ മുന്നറിയിപ്പുകളോടെയായിരുന്നു മാധ്യമസ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം. അൽജസീറ, അസോഷ്യേറ്റ് പ്രസ്(എപി), മിഡിലീസ്റ്റ് ഐ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇതിനു പുറമെ മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഏതാനും താമസക്കാരും ഇവിടെയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. മുന്നറിയിപ്പിനെ തുടർന്ന് ഇവിടെയുള്ളവരെ ഒഴിപ്പിച്ചിരുന്നതിനാൽ ആളപമായമുണ്ടായില്ല.

യുദ്ധക്കുറ്റമാണ്; രാജ്യാന്തര കോടതി അന്വേഷിക്കണം: റിപ്പോർട്ടേഴ് വിത്തൗട്ട് ബോർഡേഴ്‌സ്

ഗസ്സയിലെ മാധ്യമസ്ഥാപനങ്ങളടങ്ങിയ കെട്ടിടം ബോംബിട്ടു തകർത്ത സംഭവം അന്വേഷിക്കണമെന്ന് രാജ്യാന്തര കോടതിയോട് റിപ്പോർട്ടേഴ് വിത്തൗട്ട് ബോർഡേഴ്‌സ്(ആർഎസ്എഫ്) ആവശ്യപ്പെട്ടു. മാധ്യമാസ്ഥാപനങ്ങൾ മനപ്പൂർവം ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ആർഎസ്എഫ് സെക്രട്ടറി ജനറൽ ക്രിസ്റ്റോഫ് ഡെലോയർ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എഫ്.

മാധ്യമസ്ഥാപനങ്ങളെ ബോധപൂർവം തകർക്കുക വഴി ഒട്ടും അംഗീകാരിക്കാനാകാത്ത തരത്തിൽ വാർത്താ സാമഗ്രികൾ തകർക്കുക മാത്രമല്ല ഇസ്രായേൽ സൈന്യം ചെയ്തിരിക്കുന്നത്. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന സംഘർഷം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയുകകൂടിയാണ് കൂടുതൽ വിശാലാർത്ഥത്തിൽ അവർ ചെയ്തിരിക്കുന്നത്. ഈ വ്യോമാക്രമണം യുദ്ധക്കുറ്റമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് രാജ്യാന്തര ക്രിമിനൽ കോടതി മുഖ്യ പ്രോസിക്യൂട്ടറോട് ആവശ്യപ്പെടുന്നു-വാർത്താകുറിപ്പിൽ ക്രിസ്റ്റോഫ് ഡെലോയർ ആവശ്യപ്പെട്ടു.

സ്വതന്ത്രാന്വേഷണം വേണം: എപി

മാധ്യമസ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് അസോഷ്യേറ്റ് പ്രസ് ആവശ്യപ്പെട്ടു. എപിയുടെ സീനിയർ വൈസ് പ്രസിഡന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബീ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഘർഷത്തിൽ ഞങ്ങൾ ഒരു വിഭാഗത്തിന്റെയും പക്ഷം പിടിച്ചിട്ടില്ല. തങ്ങളുടെ പക്കൽ തെളിവുണ്ടെന്ന് ഇസ്രായേൽ പറയുന്നുണ്ടെന്നാണ് കേട്ടത്. എന്താണ് ആ തെളിവെന്ന് അറിയില്ല. എന്താണ് കഴിഞ്ഞ ദിവസം നടന്നതെന്നതിനെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണം-സാലി ബുസ്ബീ സിഎൻഎൻ ചാനലിനോട് പ്രതികരിച്ചു.

യുഎൻ നിരീക്ഷണത്തിലുള്ള അന്വേഷണ വേണം: എഡിറ്റേഴ്‌സ് ഗിൽഡ്

ഇസ്രായേൽ ആക്രമണത്തെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇജിഐ) അപലപിച്ചു. സംഭവത്തെക്കുറിച്ച് യുഎൻ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നും ഇസ്രായേൽ ഇതിന് സൗകര്യമൊരുക്കിക്കൊടുക്കണമെന്നും ഇജിഐ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

തീർത്തും കലുഷിതമായ മേഖലയിൽനിന്നുള്ള വാർത്തകളുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതാണ് ആക്രമണം. ഇതിന് ആഗോളതലത്തിൽ തന്നെ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാകും. ഇത്തരമൊരു ആക്രമണത്തിനു തീരുമാനമെടുത്തതിനു പിന്നിലുള്ള കാരണങ്ങളും കൃത്യമായ തെളിവുകളുമായി ഇസ്രായേൽ വിശദമായ വിശദീകരണം നൽകണം-വാർത്താകുറിപ്പിൽ പറയുന്നു. വിഷയം ഇസ്രായേൽ ഭരണകൂടത്തിനു മുൻപാകെ ഉയർത്തണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

മാധ്യമസ്ഥാപനങ്ങളെ ആക്രമിക്കുന്നതിന് ഒരു ന്യായവുമില്ല-സംയുക്ത പ്രസ്താവനയിൽ പ്രസ് ക്ലബും പ്രസ് അസോസിയേഷനും ഐഡബ്ല്യുപിസിയും

പ്രസ് ക്ലബും പ്രസ് അസോഷിയേഷനും ഇന്ത്യൻ വുമൺസ് പ്രസ് കോർപ്‌സും(ഐഡബ്ല്യുപിസി) ഇസ്രായേൽ ആക്രമണത്തെ വിമർശിച്ചു. മാധ്യമതസ്ഥാപനങ്ങൾ ആക്രമിക്കുന്നതിന് ഒരു ന്യായവുമില്ലെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഗസ്സയിലും ഫലസ്ഥീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലും നിത്യസംഭവമായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമസ്ഥാപനങ്ങളെ തടയാനുള്ള കൃത്യമായ ശ്രമമാണിതെന്നു വ്യക്തമാണ്. സംഘർഷമേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

ഗസ്സയിലെ മനുഷ്യക്കുരുതിയുടെ വാർത്തകൾ തടയാനുള്ള ആസൂത്രിതശ്രമം: സിപിജെ

ഗസ്സയിലെ മനുഷ്യയാതനകളെക്കുറിച്ചുള്ള മാധ്യമവാർത്തകൾ തടസപ്പെടുത്താനായാണ് മാധ്യമസ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന ബോധപൂർവമുള്ള ആക്രമണമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊടക്ട് ജേണലിസ്റ്റ്‌സ്(സിപിജെ) ആരോപിച്ചു. ഗസ്സയിൽനിന്നു വരുന്ന വാർത്തകൾ മൂടിവെക്കാനാണ് ആക്രമണമെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്‌സ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെറമി ഡിയർ കുറ്റപ്പെടുത്തി.

എന്തു കാരണം പറഞ്ഞായാലും ഈ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് വിയന്ന കേന്ദ്രമായുള്ള ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടർ ബർബറ ട്രിയോൻഫി പ്രതികരിച്ചു.

വിമർശനങ്ങൾ നിശബ്ദമാക്കാനുള്ള ഇസ്രായേൽ ശ്രമമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിക്കൽ ജേണലിസം നെറ്റ്‌വർക്കിന്റെ സ്ഥാപകൻ ഐദാൻ വൈറ്റ് വിമർശിച്ചു.


TAGS :

Next Story