Quantcast

സൗരയൂഥത്തിന് അടുത്തേക്ക് പാഞ്ഞടുത്ത് ഒരു അജ്ഞാതവസ്തു; തലപുകഞ്ഞ് ശാസ്ത്രജ്ഞർ !

അജ്ഞാതവസ്തു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ ഒന്നുമല്ല എന്നാണ് ഒരു വാദം.. അന്യഗ്രഹപേടകമാണ് വരുന്നതെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുമുണ്ട്..

MediaOne Logo

Web Desk

  • Published:

    10 Aug 2025 6:03 PM IST

Interstellar comet 3I/ATLAS approaches solar system
X

കുറച്ച് ദിവസങ്ങളായി ലോകത്താകമാനമുള്ള ശാസ്ത്രജ്ഞർക്ക് തലവേദനയായി മാറിയിരിക്കുകയാണ് ബഹിരാകാശത്ത് കണ്ടെത്തിയ ഒരു അജ്ഞാത വസ്തു. 3ഐ/ അറ്റ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഇത്, വിദൂരപ്രപഞ്ചത്തിൽ നിന്ന് നമ്മുടെ സൗരയൂഥം സന്ദർശിക്കുന്ന മൂന്നാമത്തെ വസ്തുവാണ്. എവിടെ നിന്നാണ് ഈ വസ്തുവിന്റെ വരവെന്നോ എങ്ങനെയാണ് ഇത് ഇത്രയധികം സ്പീഡിൽ സൗരയൂഥത്തോട് അടുക്കുന്നതെന്നോ ഒരു പിടിയുമില്ല.

12 മൈൽ വിസ്തീർണമുണ്ട് 3ഐ/അറ്റ്ലസിന്. സെക്കൻഡിൽ 37 മൈൽ വേഗതയിലാണ് സഞ്ചാരം. നാസയുടെ അറ്റ്ലസ് പ്രോജക്ടിന്റെ ഭാഗമായി ചിലിയിൽ ഘടിപ്പിച്ച ഒരു ടെലസ്‌കോപ്പാണ് ആദ്യം ഈ അറ്റ്ലസിന്റെ ചിത്രം പകർത്തുന്നത്. ജൂലൈയിലായിരുന്നു ഇത്. ആദ്യമൊക്കെ ഇതൊരു ഛിന്നഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചത്. എന്നാൽ തുടർ നിരീക്ഷണങ്ങളിൽ, ഇത് ഒന്നുകിൽ വാൽനക്ഷത്രമോ അല്ലെങ്കിൽ മറ്റേതെങ്കിലും ബഹിരാകാശവസ്തുവോ ആകാമെന്ന് അവർ ഉറപ്പിച്ചു. പക്ഷേ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോഫിസിസ്റ്റ് അവി ലിയോബിന്റെ ഒരു പഠനം കണക്കുകൂട്ടലുകൾ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

3ഐ/അറ്റ്ലസ് വെറുമൊരു നാച്ചുറൽ ഒബ്ജക്റ്റ് എന്നതിലുപതി, അന്യഗ്രഹങ്ങളിലെ സാങ്കേതിവിദ്യ വെളിവാക്കുന്ന ഒരു ഉപകരണം ആണെങ്കിലോ എന്ന് അദ്ദേഹം ഒരു തിയറി ഇറക്കി. അന്യഗ്രഹജീവികളെ കുറിച്ച് അതിശക്തമായ ഗവേഷണങ്ങൾ നിരത്തി ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുള്ള ഗവേഷകനാണ് ലിയോബ്. ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ, അന്യഗ്രഹജീവികളെ കുറിച്ചുള്ള പഠനങ്ങൾക്ക് വലിയ മുതൽക്കൂട്ടുമാണ്. അതുകൊണ്ടു തന്നെ ഇതങ്ങനെ തള്ളിക്കളയാൻ ശാസ്ത്രജ്ഞർ തയ്യാറായില്ല. വിഷയത്തിൽ ഗഹനമായ പഠനം നടത്താൻ ലിയോബിനോടവർ നിർദേശിച്ചു. ഇങ്ങനെ നടത്തിയ ഗവേഷണങ്ങളിൽ പല വാദങ്ങളും ലിയോബ് നിരത്തി. 3ഐ/അറ്റ്ലസ് നമ്മുടെ സൗരയൂഥത്തിനോട് വിരുദ്ധസ്വഭാവം കാണിക്കുന്ന ഒന്നാകാം എന്നായിരുന്നു ഇതിൽ പ്രധാനപ്പെട്ട ഒരു നിരീക്ഷണം.

പ്രപഞ്ചത്തിലെ മറ്റ് ജീവിസമൂഹം അപകടകാരികളും മനുഷ്യരേക്കാൾ ബൗദ്ധികമായ പതിന്മടങ്ങ് വികസിച്ചവരും ആകാമെന്നാണ് ലിയോബ് പറയുന്നത്. അതുകൊണ്ടു തന്നെ, ഇവയ്ക്ക് ആധിപത്യസ്വഭാവവും ഉണ്ടാകും. പ്രപഞ്ചത്തിലെ മറ്റ് സമൂഹങ്ങളുടെ കണ്ണിൽ പെടാത്ത വിധം രഹസ്യമായാണ് ഇവർ സഞ്ചരിക്കുന്നതെന്നും അതാണ് ഇതുവരെ ഇത്തരമൊരു വസ്തു നമ്മുടെ കണ്ണിൽ പെടാഞ്ഞതെന്നും ലിയോബ് കൂട്ടിച്ചേർത്തു.

പക്ഷേ ഈ വാദം അംഗീകരിക്കാൻ പല ശാസ്ത്രജ്ഞരും തയ്യാറായില്ല. ഏലിയൻ സാന്നിധ്യം ഈ സംഭവത്തിൽ ഏറെക്കുറെ സ്ഥിരീകരിക്കാമെങ്കിലും ലിയോബ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോണമർ ക്രിസ് ലിനറ്റ് പ്രതികരിച്ചത്. 3ഐ/അറ്റ്ലസിന്റെ ഉത്ഭവം കണ്ടെത്താൻ നിയോഗിക്കപ്പെട്ട ടീമിൽ ലിനറ്റും ഉണ്ടായിരുന്നു. പുതുതായി കണ്ടെത്തിയ വസ്തു, അന്യഗ്രഹജീവികൾ ഉണ്ടാക്കിയതാണെന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 3ഐ/അറ്റ്ലസ് തികച്ചും പ്രകൃതിദത്തമായ ഒരു വസ്തുവാണെന്നും ആ വാദത്തെ തള്ളിപ്പറയുന്നവർ വസ്തുവിന്റെ ഉത്ഭവത്തെ കുറിച്ച് നടക്കുന്ന പഠനങ്ങൾക്ക് തടസ്സം നിൽക്കുകയാണെന്നും ക്രിസ് ആഞ്ഞടിച്ചു.

ഇതിനോട് ലിയോബും പോസിറ്റീവ് ആയിത്തന്നെയാണ് പ്രതികരിച്ചത്. വിഷയത്തിൽ അന്യഗ്രഹജീവികളുടെ സാന്നിധ്യം സംശയിക്കാം എന്നല്ലാതെ വസ്തു അവയുടെ നിർമിതി ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നായി ലിയോബ്. ഇതൊരു വാൽനക്ഷത്രമാകാനുള്ള സാധ്യതയാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതാദ്യമായല്ല, പ്രപഞ്ചവസ്തുക്കളിൽ അന്യഗ്രഹങ്ങളിലെ സാങ്കേതികവിദ്യയുടെ സാധ്യത ചൂണ്ടിക്കാട്ടി ലിയോബ് രംഗത്തെത്തുന്നത്. 2017ൽ ഇതേ പോലെ ബഹിരാകാശത്ത് കണ്ടെത്തിയ ഒരു വസ്തു, ഏലിയൻസിന്റെ പേടകമാണെന്ന് അദ്ദേഹം വാദിച്ചിരുന്നു. 2014ൽ കണ്ടെത്തിയ ഒരു ഉൽക്കയുടെ അവശിഷ്ടങ്ങൾ നമ്മുടെ സൗരയൂഥത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലോഹമിശ്രമാണെന്നും അദ്ദേഹം വാദങ്ങളുയർത്തി. ഇതിന്റെ ഉത്ഭവം കണ്ടെത്താനായി ഒരു മിഷൻ തന്നെ സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ ഒന്നും കണ്ടെത്താനായില്ല. എങ്കിലും തന്റെ പഠനങ്ങളൊന്നും അവസാനിപ്പിക്കാൻ ലിയോബ് തയ്യാറായില്ല.. 3ഐ/അറ്റ്ലസിന്റെ ഉത്ഭവത്തെ കുറിച്ച് തന്റേതായ കണ്ടെത്തലുകളിൽ ലിയോബ് ഉറച്ചുനിൽക്കുന്നതും അതേ കാരണം കൊണ്ടുതന്നെയാണ്.

എന്തായാലും 2025 ഒക്ടോബർ 30ന്, 3ഐ/അറ്റ്ലസ് ഭൂമിയെ കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. അപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ലഭ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ.

TAGS :

Next Story