യുദ്ധസന്നാഹങ്ങൾക്കിടെ എണ്ണ കയറ്റുമതി ദ്രുതഗതിയിലാക്കി ഇറാൻ
സാധാരണയായി ഉപയോഗിക്കുന്ന എണ്ണയുടെ മൂന്നിരട്ടിയാണ് ഇറാൻ ഇപ്പോൾ കയറ്റി അയക്കുന്നത്

- Updated:
2026-02-26 09:30:12.0

തെഹ്‌റാൻ: അമേരിക്കൻ ആക്രമണം പ്രതീക്ഷിച്ച് എണ്ണ കയറ്റുമതി ദ്രുതഗതിയിലാക്കി ഇറാൻ. പേർഷ്യൻ ഗൾഫിലെ ടാങ്കറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന എണ്ണയുടെ മൂന്നിരട്ടിയാണ് ഇറാൻ ഇപ്പോൾ കയറ്റി അയക്കുന്നത്. ഫെബ്രുവരി 15നും 20നും ഇടയിൽ ഖാർഗ് ദ്വീപിൽ നിന്നുള്ള ഇറാനിയൻ എണ്ണ കയറ്റുമതി ഏകദേശം 20.1 ദശലക്ഷം ബാരലിലെത്തിയെന്ന് കെപ്ലർ ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെർഗ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ ലോഡ് ചെയ്തതിന്റെ മൂന്നിരട്ടിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തെ ഇറാന്റെ ശരാശരി ലോഡിംഗ് 1.54 ദശലക്ഷം ബാരൽ ആയിരുന്നു. ഇറാൻ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്ന ഒരു വലിയ ടെർമിനൽ ഖാർഗ് ദ്വീപിലുണ്ട്. യുഎസ് ആക്രമണം ഇറാന്റെ എണ്ണ വിതരണത്തെ തടസപ്പെടുത്തിയാൽ, സൗദി അറേബ്യ എണ്ണ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയ സമയത്തും സൗദി സമാനമായ രീതി അവലംബിച്ചിരുന്നു. അന്ന് സൗദി 0.5 ദശലക്ഷം ബാരൽ കയറ്റുമതി വർധിപ്പിക്കുകയും വിദേശ സംഭരണ യൂണിറ്റുകളിലേക്ക് ക്രൂഡ് ഓയിൽ കയറ്റി അയയ്ക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗൾഫ് മേഖലയിലെ വൻ യുദ്ധസന്നാഹങ്ങൾക്കിടെ, മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന് ജനീവയിൽ. ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ജനീവയിൽ ചർച്ച നടത്തി. യുദ്ധത്തിനും സമാധാനത്തിനും ഒരുക്കമാണെന്നാണ് ഇറാൻ നിലപാട്. അമേരിക്കയുടെ 12 പോർവിമാനങ്ങൾ കൂടി മേഖലയിലേക്ക് പുറപ്പെട്ടു.
Adjust Story Font
16
