അനുനയത്തിന് തയാറായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി; ഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ് നൽകി അമേരിക്ക
ഗൾഫ് കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതിക്കിടെ ഇറാനും ഹമാസിനും ഹൂതികൾക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. അനുനയത്തിന് തയാറായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടിക്ക് ട്രംപ് മുതിരുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ്. ഗൾഫ് കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവികസേന അറിയിച്ചു.
ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനു മേൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷാന്തരീക്ഷമാണ്. സഹകരണമാണ് തെഹ്റാൻ ലക്ഷ്യമിടുന്നതെങ്കിൽ ചർച്ചക്ക് ഒരുക്കമാണെന്നും മറിച്ചാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും യുഎസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. ഭീഷണിയും അടിച്ചേൽപിക്കലും കൊണ്ട് വഴങ്ങുമെന്ന് കരുതേണ്ടതില്ലെന്ന് ഇറാൻ അമേരിക്കയെ ഓർമിപ്പിച്ചു.
ബന്ദികളെ മോചിപ്പിക്കാൻ ഇനിയും തയാറായില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് നരകം തന്നെയാകുമെന്നും അമേരിക്ക താക്കീത് നൽകി. ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിന് ഹമാസ് മാത്രമാണ് ഉത്തരവാദികളെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് കുറ്റപ്പെടുത്തി. യെമനിൽ ഹൂതികൾക്ക് നേരെയുള്ള ആക്രമണം കൂടുതൽ ശക്തമായി തുടരാനും അമേരിക്ക തീരുമാനിച്ചു. അതിനിടെ, ഗൾഫ് സമുദ്രത്തിൽ എണ്ണ കള്ളകടത്തിന് ശ്രമിച്ച രണ്ട് ടാങ്കറുകൾ പിടിച്ചെടുത്തതായി ഇറാൻ നാവിക സേന അറിയിച്ചു.
ഏതു രാജ്യത്തിന്‍റെ ടാങ്കറുകളാണ് പിടികൂടിയതെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ടാങ്കറുകളിൽ ജോലിക്കാരായ 25 പേർ ഇറാൻ നാവികസേനയുടെ പിടിയിലാണ്. വെടിനിർത്തലിനായുള്ള ഈജിപ്തിന്‍റെ പുതിയ നിർദേശം തള്ളിയ ഇസ്രായേൽ, ഗസ്സയിലെ റഫയിൽ കരയാക്രമണം ശക്തമാക്കി. ആയിരങ്ങളെ ഇവിടെ നിന്നും ഇസ്രായേൽ സേന പുറന്തള്ളി. രണ്ടു ദിവസത്തിനിടെ എൺപതിലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. റെഡ്ക്രസന്റിന്റെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തി കുഴിമാടത്തിൽ തള്ളിയ ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്ന് യുഎൻ ചൂണ്ടിക്കാട്ടി.
Adjust Story Font
16

