Quantcast

ഹൂതികളുമായി ചർച്ച നടത്തിയതിന് പിന്നാലെ ചെങ്കടലിലേക്ക് യുദ്ധക്കപ്പലയച്ച് ഇറാൻ

ചെങ്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    2 Jan 2024 1:03 AM GMT

Iran deploys warship to Red Sea
X

തെഹ്‌റാൻ: തെഹ്‌റാനിലെത്തിയ ഹൂതി സംഘവുമായി ചർച്ച നടത്തിയതിനു പിന്നാലെ ചെങ്കടലിലേക്ക് യുദ്ധക്കപ്പയച്ച് ഇറാൻ. മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ച അമേരിക്കൻ പടക്കപ്പൽ പിൻവലിക്കാനുള്ള പെന്റഗൺ നീക്കത്തിനിടെയാണ് ഇറാന്റെ നടപടി. ഗസ്സയിൽ യുദ്ധം മൂന്ന് മാസത്തിലേക്ക് അടുക്കവെ, ആയിരക്കണക്കിന് സൈനികരെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ അറിയിച്ചു. അതിനിടെ നെതന്യാഹു സർക്കാറിന്റെ വിവാദ ജുഡീഷ്യറി പരിഷ്‌കരണ നിയമം ഇസ്രായേൽ സുപ്രിംകോടതി റദ്ദാക്കി.

ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ സ്ഥിരീകരിച്ചതോടെ മേഖലയിൽ സംഘർഷം രൂക്ഷമാവുകയാണ്. 10 പോരാളികളെ ചെങ്കടലിൽ അമരിക്ക കൊലപ്പെടുത്തിയതിനെ തുടർന്ന് തെഹ്‌റാനിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഹൂതി സംഘത്തിന് എല്ലാ പിന്തുണയും ഇറാൻ ആവർത്തിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94-ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്‌സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിലെത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായിചർച്ച നടത്തി. ഹൂതികൾക്കും യെമനും എതിരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ സൈനിക സന്നാഹങ്ങൾ ഒരുക്കി നിർത്താൻ തന്നെയാണ് ഹൂതികളുടെ തീരുമാനം. ചെങ്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.

കിഴക്കൻ സിറിയയിൽ നിന്ന് ഇറാൻ അനൂകുല സേനയുടെ പിൻമാറ്റം നടക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. യുദ്ധം മാസങ്ങൾ നീണ്ടുനിൽക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടയിലും ഗസ്സയിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ സേന. തിരിച്ചുവിളിക്കുന്ന റിസർവ് സൈനികർക്ക് കൂടുതൽ പരിശീലനം നൽകുമെന്നും സൈന്യം. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിക്കുന്നത്. വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗസ്സക്കുമേൽ തകർച്ച ഉറപ്പാക്കാനാണ് തീരുമാനം. സൈനിക നീക്കം ആരംഭിച്ച് ഇതാദ്യമായാണ് ഗസ്സയിൽനിന്ന് സൈനികരെ ഇസ്രായേൽ വൻതോതിൽ പിൻവലിക്കുന്നത്. അതിനിടെ, ഗസ്സയിൽ മരണം 21,978 ആയി. ഇന്നലെ മാത്രം 156 പേരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ 16 സൈനികരെ വധിച്ചതായി പോരാളികൾ അറിയിച്ചുവെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

TAGS :

Next Story