Quantcast

ഇറാന്‍ വെടിവെച്ചിട്ടത് രണ്ട് സി-130 വിമാനവും രണ്ട് ബ്ലാക് ഹോക് ഹെലികോപ്ടറും; സൈനികനെ രക്ഷിക്കാന്‍ യുഎസ് നല്‍കിയത് കനത്ത വില

ഇറാനില്‍ തകര്‍ന്നു വീണ എഫ്-15 പോര്‍വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ സൈനികനെ യുഎസ് രക്ഷിച്ചത് കനത്ത ഏറ്റുമുട്ടലിനിടെ

MediaOne Logo
Iran destroyed two C-130 aircraft and two Black Hawk helicopters
X

തെഹ്‌റാന്‍: ഇറാനില്‍ തകര്‍ന്നു വീണ യുഎസ് വ്യോമസേനയുടെ എഫ്-15 പോര്‍വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ സൈനികനെ യുഎസ് രക്ഷിച്ചത് കനത്ത ഏറ്റുമുട്ടലിനിടെ. സൈനികന് വേണ്ടി തെരച്ചില്‍ നടത്താനെത്തിയ രണ്ട് സി-130 വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറും തെക്കന്‍ ഇസ്ഫഹാനില്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി അറിയിച്ചു.

വിമാനം തകര്‍ന്ന് കാണാതായ അമേരിക്കന്‍ സൈനികനെ രക്ഷപ്പെടുത്തിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ട്രംപ് അറിയിച്ചു. ഈ സൈനിക നടപടിയില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കന്‍ വ്യോമസേനയുടെ ആധിപത്യമാണ് ഇത് തെളിയിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

വെള്ളിയാഴ്ചയാണ് യുഎസിന്റെ എഫ്-15ഇ പോര്‍വിമാനം ഇറാന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയത്. പൈലറ്റും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്നുവീണതിന് പിന്നാലെ ഇതിലൊരാള്‍ രക്ഷപ്പെട്ടെങ്കിലും രണ്ടാമനെ കാണാതാവുകയായിരുന്നു. സൈനികനെ പിടികൂടാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വ്യോമസേനയ്ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കുറഞ്ഞത് ഏഴ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെള്ളിയാഴ്ച മാത്രം രണ്ട് അത്യാധുനിക വിമാനങ്ങള്‍ തകര്‍ന്നതോടെയാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളില്‍ ആശങ്ക വര്‍ധിച്ചത്. വെടിവെച്ചിട്ട വിമാനങ്ങളിലൊന്നിന്റെ ചിത്രം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.


TAGS :

Next Story