ചാരപ്രവർത്തനം: രണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞരെ പിടികൂടിയതായി ഇറാൻ
ഇറാനിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ വെച്ചാണ് ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളെ ഇറാൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്

തെഹ്‌റാൻ: ചാരപ്രവർത്തനം ആരോപിച്ച് രണ്ട് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പിടികൂടിയതായി ഇറാൻ. ഇറാനിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ വെച്ചാണ് ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളെ ഇറാൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും മറ്റ് പല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഈ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഇറാൻ ഭരണകൂടം ഉന്നയിക്കുന്നത്.
കഴിഞ്ഞ മാസമാണ് സംഭവത്തിന് ആധാരമായ നടപടികൾ ഉണ്ടായതെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇറാൻ ഇന്റലിജൻസ് മന്ത്രാലയം ഇപ്പോഴാണ് പുറത്തുവിടുന്നത്. നിലവിലുള്ള നയതന്ത്ര ചട്ടങ്ങളെ മറികടന്നുകൊണ്ട്, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഇന്റലിജൻസ് മന്ത്രാലയം വ്യക്തമാക്കുന്നു. ഈ ഉദ്യോഗസ്ഥരെ പിടികൂടിയ വിവരവും അവർക്കെതിരെയുള്ള ആരോപണങ്ങളും ഔദ്യോഗികമായിത്തന്നെ ഫ്രഞ്ച് അധികൃതരെ അറിയിച്ചിട്ടുള്ളതായും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം തന്നെ തങ്ങളുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാൻ തടഞ്ഞുവെച്ചതായി ഫ്രാൻസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആ ഘട്ടത്തിൽ കൃത്യമായ ഒരു വിശദീകരണം നൽകാൻ ഇറാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ഇന്റലിജൻസ് വിഭാഗം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ഫ്രാൻസിന്റെ അധികാര പരിധിക്ക് പുറത്തുള്ള ഇടപെടലുകളാണ് ഉദ്യോഗസ്ഥർ നടത്തിയതെന്നാണ് ഇറാൻ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16

