'ട്രംപിന്റേത് പെരും നുണ, യുദ്ധക്കൊതിയന്മാര്‍ ഇല്ലാത്തത് പ്രചരിപ്പിക്കുന്നു': ഇറാന്‍ വിദേശകാര്യമന്ത്രാലയം
ആണവ പദ്ധതികൾ ഇറാന്‍ നിർത്തലാക്കണമെന്നും ബാലിസ്റ്റിക് മിസൈൽ ശേഷി നിയന്ത്രിക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്

- Published:
25 Feb 2026 10:38 PM IST

തെഹ്റാന്‍: ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണങ്ങൾ തള്ളി ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു.
ആണവ പദ്ധതികൾ ഇറാന്‍ നിർത്തലാക്കണമെന്നും ബാലിസ്റ്റിക് മിസൈൽ ശേഷി നിയന്ത്രിക്കണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇറാൻ വീണ്ടും ദുഷ്ട ലക്ഷ്യങ്ങൾ പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആണവായുധം കൈക്കലാക്കാൻ താനൊരിക്കലും ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാല്‍ അമേരിക്കൻ ഭരണകൂടവും അതിനെ ചുറ്റിപ്പറ്റിയുള്ള യുദ്ധക്കൊതിയന്മാരും പ്രത്യേകിച്ച് വംശഹത്യ നടത്തുന്ന ഇസ്രായേൽ ഭരണകൂടവും ഇറാനെതിരെ പ്രചാരണ തന്ത്രങ്ങൾ മെനയുകയാണെന്ന് ഇസ്മായിൽ ബാഗായി കുറ്റപ്പെടുത്തി. പ്രൊഫഷണൽ നുണയന്മാർ 'സത്യത്തിന്റെ മിഥ്യാധാരണ' സൃഷ്ടിക്കുന്നതിൽ സമർത്ഥരാണെന്നും എക്സിലെഴുതിയ കുറിപ്പില്‍ ബാഗായി വ്യക്തമാക്കി. 'ഒരു നുണ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ അത് സത്യമായി മാറും' എന്ന നാസി പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ വചനമാണ് അദ്ദേഹം ഇതിനായി ഉദ്ധരിച്ചത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട് ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വലിയ കള്ളങ്ങളുടെ ആവർത്തനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യാഴാഴ്ച(നാളെ)യാണ് ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന മൂന്നാംഘട്ട പരോക്ഷ ചർച്ച. ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനൊരു കരട് കരാർ സമർപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കരാറിലെത്താൻ ഇറാന് 15 ദിവസത്തെ സമയപരിധി ട്രംപ് നിശ്ചയിച്ചിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കില്‍ സൈനിക നടപടി ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.
Adjust Story Font
16
