ട്രംപിനെ പൊക്കിയെടുത്ത് വേസ്റ്റ് ബോക്സിലിട്ട് 'ഇറാൻ എംബിസി': വീഡിയോ വൈറൽ
റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് ഇറാനുമായുള്ള യുദ്ധവും കാരണമായതായി ട്രംപ് പറഞ്ഞിരുന്നു

ന്യൂഡൽഹി: യുഎസ് മിഡ്ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കടുത്ത തിരിച്ചടിക്ക് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇറാന്റെ 'നയതന്ത്ര കേന്ദ്രം' ട്രംപിനെതിരെ രംഗത്തെത്തിയത്.
ഡോണൾഡ് ട്രംപിനെ 'അപകടകരമായ മാലിന്യം' എന്ന് എഴുതിയ ചവറ്റുകുട്ടയിലേക്ക് ഏതാനും ഉദ്യോഗസ്ഥര്‍ തള്ളുന്ന തരത്തിലുള്ള എഐ നിർമ്മിത വീഡിയോയാണ് എംബസി പങ്കുവെച്ചത്. യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ മുന്നേറ്റം നടത്തുകയും ഭൂരിപക്ഷം പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ഇറാനുമായുള്ള യുദ്ധവും അതുമൂലമുണ്ടായ ഇന്ധനവില വർധനവും ജീവിതച്ചെലവുകളുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന് ട്രംപ് തന്നെ സമ്മതിച്ചിരുന്നു. ഇറാനിയൻ നയതന്ത്ര പ്രതിനിധികൾ നേരത്തെയും ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധതരംഗമാണ് എല്ലായിടത്തും പ്രകടമായത്. സെനറ്റിലും പ്രതിനിധിസഭയിലും ഡെമോക്രാറ്റ് പാർട്ടി ആധിപത്യം ഉറപ്പിച്ചു. സെനറ്റിലെ കേവല ഭൂരിപക്ഷത്തിനും അപ്പുറം 53 സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയം നേടി. ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചു. നിരവധി റിപബ്ലിക്കൻ മണ്ഡലങ്ങൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിർണായക മണ്ഡലമായ മിഷിഗണിൽ അബ്ദുൽ അൽ സയീദ് വിജയിക്കുകയും സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം ആകുകയും ചെയ്തു.
Adjust Story Font
16

