ഇസ്രായേലിനായി ചാരപ്പണി നടത്തിയയാളെ തൂക്കിലേറ്റി ഇറാൻ
ശനിയാഴ്ച തെഹ്‌റാന് തെക്കുള്ള ക്വോം നഗരത്തിലായിരുന്നു വധശിക്ഷ.

തെഹ്റാൻ: ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ ഒരാളെ കൂടി തൂക്കിലേറ്റി ഇറാൻ. ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് നിർണായക വിവരങ്ങൾ കൈമാറിയ ആളെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ഇറാനിയൻ പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച തെഹ്‌റാന് തെക്കുള്ള ക്വോം നഗരത്തിലായിരുന്നു വധശിക്ഷ. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ക്വോം ജയിലിൽ കഴിഞ്ഞ ഇയാളുടെ മാപ്പപേക്ഷ ഇറാൻ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. 2023ൽ മുതൽ ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധം പുലർത്തിയിരുന്ന ഇയാളെ 2024 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്.
ഈ മാസമാദ്യം ഖുസെസ്താൻ പ്രവിശ്യയിൽ തീവ്രവാദം ആരോപിച്ച് ആറ് പേരെ തൂക്കിലേറ്റിയിരുന്നു. അതിനു മുമ്പ്, ഇസ്രായേലിന്റെ മുൻനിര ചാരന്മാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെട്ട മറ്റൊരാളുടേയും വധശിക്ഷ നടപ്പാക്കിയിരുന്നു.
2023ൽ, ബ്രിട്ടീഷ് ചാരസംഘടനയുമായി ചേർന്ന് ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഇറാൻ മുൻ സഹമന്ത്രിയായിരുന്ന അലിറിസ അക്ബരിയെ തൂക്കിലേറ്റിയിരുന്നു. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രിയായിരുന്നു അലി റിസ അക്ബരി. ബ്രിട്ടീഷ്, ഇറാൻ പൗരത്വമുളള വ്യക്തിയാണ് അക്ബരി.
രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്. ഇറാന്‍ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിനു ശേഷം 10 പേരെയാണ് ചാരവൃത്തിക്കുറ്റത്തിന് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയതിന് നിരവധി പേരെ ഇറാൻ തൂക്കിലേറ്റിയിട്ടുണ്ട്.
Adjust Story Font
16

