'യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോഴേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് റഷ്യന്‍ എണ്ണ വാങ്ങാന്‍ ട്രംപ് കെഞ്ചുന്നു'; യുഎസിനെതിരെ പരിഹാസവുമായി ഇറാൻ
റഷ്യയ്ക്കെതിരെ നീങ്ങാൻ ട്രംപ് കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇറാനെതിരായ നിയമവിരുദ്ധ പോരാട്ടത്തിൽ അണിനിരന്നിരിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി വിമർശിച്ചു

- Published:
14 March 2026 8:01 AM IST

തെഹ്‌റാന്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കിയ യുഎസ് നടപടിയെ പരിഹസിച്ച് ഇറാന്‍. യുദ്ധം രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോട് റഷ്യന്‍ എണ്ണ വാങ്ങാന്‍ ട്രംപ് കെഞ്ചുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ പ്രേരിപ്പിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അതേ യുഎസ് തന്നെ ഇപ്പോള്‍ എണ്ണ വാങ്ങാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇറാനെതിരായ നീതീകരിക്കാനാവാത്ത യുദ്ധത്തില്‍ യൂറോപ്പ് യുഎസിനൊപ്പം നിലകൊണ്ടെന്നും അരാഗ്ചി വിമര്‍ശിച്ചു. എക്‌സിലൂടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
'കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അവര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിപ്പോള്‍, ഇറാനുമായി സംഘര്‍ഷമുണ്ടാക്കി രണ്ടാഴ്ചകള്‍ പിന്നിട്ടപ്പോഴേക്ക് കാര്യങ്ങള്‍ മാറി. എത്രയും വേഗം റഷ്യന്‍ എണ്ണ വാങ്ങണമെന്ന് യുഎസ് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയാണ്'. അരാഗ്ചി കുറിച്ചു.
ഇറാനെതിരായ നിയമവിരുദ്ധമായ യുദ്ധത്തില്‍ യുഎസിനെ പിന്തുണച്ച യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. റഷ്യക്കെതിരെ നീങ്ങാന്‍ ട്രംപ് കൂടെയുണ്ടാകുമെന്ന പ്രത്യാശയിലാണ് ഇറാനെതിരായ നിയമവിരുദ്ധ പോരാട്ടത്തില്‍ അവര്‍ അണിനിരന്നിരിക്കുന്നതെന്നും അരാഗ്ചി എക്‌സില്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസാഹചര്യത്തില്‍ ഊര്‍ജവിതരണം പ്രതിസന്ധിയിലായിരിക്കെയാണ് രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് താല്‍ക്കാലിക അനുമതി നല്‍കിയത്. യുദ്ധം കാരണം കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനാണ് അനുമതിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു. നേരത്തെ, ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് അനുമതി നല്‍കിയിരുന്നു. പിന്നാലെ റഷ്യന്‍ കമ്പനികളുടെ 30 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങിയത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങുന്നതിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിപ്പുണ്ടായിരുന്നു.
യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ ആരംഭിച്ച യുദ്ധം 15ാം ദിവസത്തിലേക്ക് കടന്നിരിക്കെ 1,300-ലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. പതിനേഴായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമാണ്.
Adjust Story Font
16
