Quantcast

'കൂടുതൽ അത്യാധുനിക ആയുധങ്ങളുണ്ട്, അമേരിക്ക നൽകേണ്ടിവരുന്ന വില വലുതായിരിക്കും': മുന്നറിയിപ്പുമായി ഐആര്‍ജിസി

മുൻപത്തെ യുദ്ധത്തിൽ പ്രധാനമായും തങ്ങളുടെ പഴയ തലമുറയിലുള്ള ആയുധങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും ഇറാന്‍

MediaOne Logo

Web Desk

  • Published:

    15 Oct 2026 8:29 AM IST

കൂടുതൽ അത്യാധുനിക ആയുധങ്ങളുണ്ട്, അമേരിക്ക നൽകേണ്ടിവരുന്ന വില വലുതായിരിക്കും: മുന്നറിയിപ്പുമായി ഐആര്‍ജിസി
X

Representative image

തെഹ്റാന്‍: ഇറാനെതിരെ പുതിയൊരു യുദ്ധത്തിന് തുനിയുന്നത് അമേരിക്കയ്ക്ക് യുക്തിസഹമല്ലെങ്കിലും, ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അത്തരമൊരു ആക്രമണ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഐആര്‍ജിസി. ഏത് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇറാൻ പൂർണ്ണ സജ്ജമാണെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബി വ്യക്തമാക്കി. ഇത്തവണ അമേരിക്ക നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപത്തെ 40 ദിവസത്തെ യുദ്ധത്തിൽ ഇറാൻ പ്രധാനമായും തങ്ങളുടെ പഴയ തലമുറയിലുള്ള ആയുധങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും, എന്നാൽ അതിനുശേഷം രാജ്യത്തിന് കൂടുതൽ ആധുനിക ആയുധങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജനറൽ മൊഹെബി കൂട്ടിച്ചേർത്തു. യുദ്ധങ്ങളെക്കുറിച്ച് അമേരിക്കൻ ജനതയ്ക്ക് ലഭിക്കുന്ന വിവരങ്ങളെയും അദ്ദേഹം വിമർശിച്ചു. സ്വന്തം രാജ്യത്തിന്റെ സൈനിക നീക്കങ്ങളുടെ ക്രൂരമായ യാഥാർത്ഥ്യങ്ങളിൽ നിന്നും അമേരിക്കൻ ജനതയെ മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവ്വം അകറ്റിനിർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനിലെ ഭരണകൂടങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നും പരസ്പരം സഹകരിക്കുന്നില്ലെന്നുമുള്ള യുഎസ് ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങൾ തികച്ചും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ തങ്ങളുടെ പരാജയങ്ങളെ ന്യായീകരിക്കാൻ മാത്രമാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത് എത്തി. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു- അദ്ദേഹം പറഞ്ഞു.

TAGS :

Next Story