Quantcast

മൊസാദ് ചാരസങ്കേതങ്ങളും ഇന്‍റലിജന്‍സ് കേന്ദ്രവും തകര്‍ത്ത് ഇറാന്‍

ഇറാനിലെ രഹസ്യതാവളങ്ങള്‍ തകര്‍ത്ത ശേഷമാണ് തെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ലക്ഷ്യമിട്ട് ഇറാന്‍ വന്‍ മിസൈല്‍ ആക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 5:03 PM IST

മൊസാദ് ചാരസങ്കേതങ്ങളും ഇന്‍റലിജന്‍സ് കേന്ദ്രവും തകര്‍ത്ത് ഇറാന്‍
X

തെല്‍ അവീവ്: ജൂണ്‍ 13ന് ഇറാനില്‍ ആരംഭിച്ച സൈനിക ഓപറേഷന്‍ വര്‍ഷങ്ങളെടുത്ത് നടപ്പാക്കിയ പദ്ധതിയാണെന്നാണ് ഇസ്രായേല്‍ ചാരസംഘമായ മൊസാദ് അവകാശപ്പെട്ടത്. ഇറാന്റെ പല ഭാഗങ്ങളിലായി രഹസ്യ ഡ്രോണ്‍ താവളങ്ങള്‍ സെറ്റ് ചെയ്ത ശേഷമായിരുന്നുവത്രെ ആക്രമണത്തിനു തുടക്കമിട്ടത്. ഈ ഡ്രോണുകള്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനും ഈ താവളങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും രാജ്യത്ത് ഇനിയും മൊസാദിന്റെ താവങ്ങളുണ്ടെന്നും ചാരസംഘം അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ചയ്ക്കുമുന്‍പ് ഈ താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ നീക്കങ്ങളുടെ ചില ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.

തെഹ്‌റാനിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു മൊസാദ് ഡ്രോണ്‍ നിര്‍മാണകേന്ദ്രം ഇറാന്‍ സുരക്ഷാസേന തകര്‍ത്തതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവരുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇസ്രായേലിനു ചാരവൃത്തി ചെയ്യുന്ന നിരവധി പേരെ സൈന്യം പിടികൂടുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തെല്‍ അവീവിലെ ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് കേന്ദ്രവും മൊസാദ് ഓപറേഷന്‍ ഹബും തകര്‍ത്തെന്ന വാര്‍ത്തകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.

ഇറാന്റെ ഔദ്യോഗിക ചാനലായ പ്രസ് ടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തെഹ്റാന്റെ തെക്കന്‍ മേഖലയില്‍ മൊസാദിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഡ്രോണ്‍-ബോംബ് നിര്‍മാണ വര്‍ക്ഷോപ്പ് ആണ് ഇറാന്‍ സുരക്ഷാസേന പിടികൂടി തകര്‍ത്തിരിക്കുന്നത്. ഈ കേന്ദ്രത്തില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും ഡ്രോണുകളും പിടിച്ചെടുത്തതായി ഇറാന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

രാജ്യവ്യാപകമായി നടത്തിയ വന്‍ റെയ്ഡില്‍ മൊസാദുമായി ബന്ധമുള്ള നിരവധി രഹസ്യകേന്ദ്രങ്ങള്‍ തകര്‍ത്തതായും മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും തെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേന്ദ്രങ്ങളില്‍ നിര്‍മിക്കുകയോ സൂക്ഷിക്കുകയോ ചെയ്ത ഡ്രോണുകള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാനായി സൂക്ഷിച്ചിരുന്നതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇറാന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ വിപുലമായി നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഈ കേന്ദ്രം കണ്ടെത്തിയത്.

ഇസ്രായേലി മാധ്യമമായ യെദിയോത്ത് അക്രോനോത്തും ഡ്രോണ്‍ കേന്ദ്രം തകര്‍ത്ത വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം ഇറാനകത്തുള്ള ഇസ്രായേല്‍ രഹസ്യനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഭീഷണിയായി നിലകൊണ്ട കേന്ദ്രങ്ങളായിരുന്നു ഇത്. അതേസമയം, സംഭവത്തോട് ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനിലെ രഹസ്യതാവളങ്ങള്‍ തകര്‍ത്ത ശേഷമാണ് തെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ലക്ഷ്യമിട്ട് ഇറാന്‍ വന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിലെ സുപ്രധാനമായ രണ്ട് ഹൈലെവല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. ഗ്ലിലോട്ടിലുള്ള അമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മിലിറ്ററി ഇന്റലിജന്‍സ് ഡയരക്ടറേറ്റ് ആണ് ഒരു കേന്ദ്രം. മറ്റൊന്ന് മൊസാദിന്റെ രഹസ്യ ഓപറേഷനുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താവളവും. തെല്‍ അവീവിലെ ഹെര്‍സ്ലിയയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡ് ആണ് രണ്ട് ആക്രമണവിവരവും പുറത്തുവിട്ടത്.

ഐആര്‍ജിസിയുടെ എയ്‌റോസ്പേസ് ഫോഴ്സ് നടത്തിയ ആക്രമണത്തിലാണ് ഇസ്രായേലിനു വന്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ഇസ്രായേലിന്റെ അത്യധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം ഭേദിച്ചാണ് മിസൈലുകള്‍ ഈ ബഹുനില കെട്ടിടങ്ങള്‍ക്കുമേല്‍ പതിച്ചത്. ഹെര്‍സ്ലിയ, ഗ്ലിലോട്ട് മേഖലകളില്‍ ഇന്നലെ മാത്രം 30ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. രണ്ടിടത്തും വന്‍ തോതിലുള്ള നാശമുണ്ടായതായാണു വിവരം. അതേസമയം, ഈ സ്ഥലങ്ങളിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് ഇസ്രായേല്‍ സൈന്യം കര്‍ശനമായ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, തെല്‍ അവീവിലുള്ള, ഇസ്രായേല്‍ പെന്റഗണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിരോധ ആസ്ഥാനത്തും ഇറാന്‍ മിസൈല്‍ വന്‍ നാശം വിതച്ചിരുന്നു. ഇസ്രായേല്‍ സൈന്യത്തിനു സുപ്രധാനമായ സാങ്കേതിക ഗവേഷണങ്ങള്‍ നടത്തുന്ന വീറ്റ്മാന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

TAGS :

Next Story