Quantcast

നെതന്യാഹുവിന്റെ യുഎസ് സന്ദർശനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഇറാൻ

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും അത് നടപ്പാക്കാന്‍ പാടില്ലെന്നും ഇറാൻ

MediaOne Logo

Web Desk

  • Published:

    3 Feb 2025 5:33 PM IST

നെതന്യാഹുവിന്റെ യുഎസ് സന്ദർശനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഇറാൻ
X

തെഹ്റാന്‍: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇറാന്‍.

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും അത് നടപ്പാക്കാന്‍ പാടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി പറഞ്ഞു.

നെതന്യാഹു ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തും, എന്നാല്‍ അന്താരാഷ്ട്ര സമൂഹം ഫലസ്തീനെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ജോർദാനിലേക്കും ഈജിപ്തിലേക്കും ഗസ്സക്കാരെ ബലമായി പറഞ്ഞുവിടുന്ന പദ്ധതിക്ക് പകരം അവരുടെ സ്വയം നിർണ്ണയാവകാശത്തെ സംരക്ഷിക്കണം. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗസ്സ മുനമ്പിലും വെസ്റ്റ് ബാങ്കിലും അതിക്രമങ്ങളും കൂട്ടക്കൊലകളും തുടരുകയാണെന്നും''- എസ്മയിൽ ബഗായി വ്യക്തമാക്കി.

ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് അറബ് വിദേശകാര്യ മന്ത്രിമാര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നതിനെതിരെ അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നത്. ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് പ്രസ്താവന ഇറക്കിയത്.

ട്രംപിൻ്റെ നീക്കം മേഖലയിലെ സ്ഥിരതക്ക് ഭീഷണിയാണ്. സംഘർഷം വ്യാപിക്കുമെന്നും സമാധാനത്തിനുള്ള സാധ്യതകളെ തുരങ്കം വയ്ക്കുമെന്നും പലസ്തീൻ അതോറിറ്റിയും അറബ് ലീഗും വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ചയാണ് നെതന്യാഹുവും ട്രംപും തമ്മിലെ കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് നെതന്യാഹു കൂടിക്കാഴ്ക്ക് എത്തുന്നത്. ഹമാസുമായുള്ള വെടിനിർത്തൽ കരാറിലെ രണ്ടാംഘട്ടത്തെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുക.

TAGS :

Next Story