Quantcast

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു

ഇസ്രായേലിന്‍റെ വ്യോമാക്രമണങ്ങളിൽ 747 പേർക്ക് പരിക്കേറ്റതായി ഇറാൻ റെഡ് ക്രസന്‍റ് വ്യക്തമാക്കി

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-02-28 18:22:02.0

Published:

28 Feb 2026 11:35 PM IST

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു
X

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ സെന്‍ട്രല്‍ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ ആണവ പാന്റുകളിലൊന്ന് നിലനില്‍ക്കുന്ന ഇസ്ഫഹാനില്‍ വന്‍ ആക്രമണം നടത്താനാണ് നീക്കം.

ആക്രമണം നടന്നാല്‍ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഇസ്രായേൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആണവ പ്ലാന്റുകളിലൊന്ന് നിലനില്‍ക്കുന്നത് ഇസ്ഫഹാനിലാണ്. ആക്രമണത്തിന് മുന്നോടിയായി മുഴുവന്‍ മന്ത്രിമാരേയും ഇസ്രായേല്‍ അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറ്റി.

ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇറാനില്‍ മാത്രമായി 200ലെറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പുറത്തുവന്ന വിവരങ്ങള്‍. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ 747 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. ഇതിനോടകം ഇന്ന് 24 പ്രവിശ്യകളിലാണ് ആക്രമണം നടന്നത്.

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 കുട്ടികള്‍ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള ഓപ്പറേറ്റര്‍മാര്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് മേഖലയിലെ വ്യോമപാത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരിക്കുകയാണ്.

നേരത്തെ, ദക്ഷിണ ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 83 പേരും കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടിരുന്നത്. ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെയും ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മേഖലയിലെ അമേരിക്കയുടേതായ എല്ലാം ഞങ്ങളുടെ സ്വാഭാവിക ലക്ഷ്യങ്ങളാണെന്നും ഐആര്‍ജിസി വ്യക്തമാക്കുകയും ചെയ്തു.

തങ്ങളെ വകവരുത്തണമെന്ന് കാലങ്ങളായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഭീകരശക്തികള്‍ക്കെതിരെ യുഎസിനൊപ്പം ചേര്‍ന്ന് ശക്തമായ സൈനിക നടപടിക്ക് നാം തുടക്കമിട്ടിരിക്കുകയാണെന്നും ഇത് തിരിച്ചടിക്കാനുള്ള സമയമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചിരുന്നു. ഇറാനില്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

TAGS :

Next Story