സുമൂദ് ഫ്ലോട്ടിലക്കെതിരായ ഇസ്രായേൽ അതിക്രമം;അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമെന്ന് ഇറാൻ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ ആവർത്തിച്ച് അപലപിച്ച ബഗായ് അക്രമം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിലും എല്ലാ സർക്കാരുകളും ഐക്യരാഷ്ട്രസഭയും ഉത്തരവാദിത്തം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രസ്താവിച്ചു.

ഇസ്മായിൽ ബഗായ് Photo: Press tv
തെഹ്‌റാൻ: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി യാത്ര തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലക്കെതിരായ ഇസ്രായേലിന്റെ അതിക്രമത്തെ അപലപിച്ച് ഇറാൻ. ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മാനുഷിക ശ്രമങ്ങളെ അടിച്ചമർത്താനുള്ള ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നവും ഭീകരവുമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
അവശ്യസാധനങ്ങളുമായി പുറപ്പെട്ട ഫ്ലോട്ടിലയിലെ 13 ബോട്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ബോട്ടുകൾക്ക് നേരെ ഇസ്രായേൽ ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും സാമൂഹിക സംഘങ്ങളുടെയും മാനുഷിക ശ്രമങ്ങളെ പ്രശംസിച്ച ഇറാൻ വിദേശകാര്യ മന്ത്രി, ഫലസ്തീനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ഒറ്റക്കെട്ടായി ഈ ഉപരോധം തകർക്കാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
തീരദേശത്തേക്ക് അടുക്കവേ ഒന്നിലധികം ബോട്ടുകൾ ഇസ്രായേൽ തടഞ്ഞുവെച്ചതോടൊപ്പം പുറംലോകവുമായുള്ള കപ്പലിന്റെ ആശയവിനിമയമായ തത്സമയ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 2023 ഒക്ടോബർ മുതൽ തുടരുന്ന ഇസ്രായേലിന്റെ വംശഹത്യയിൽ കനത്ത നാശനഷ്ടങ്ങൾ നേരിടുന്ന ഫലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് മാനുഷീക സഹായങ്ങളുമായാണ് സുമൂദ് ഫ്ലോട്ടില ഗസ്സയിലേക്ക് അടുക്കുന്നത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ ആവർത്തിച്ച് അപലപിച്ച ബഗായ് അക്രമം തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിലും എല്ലാ സർക്കാരുകളും ഐക്യരാഷ്ട്രസഭയും ഉത്തരവാദിത്തം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Adjust Story Font
16

