'ഹോർമുസ് നിങ്ങളുടേതെങ്കിൽ കാലിഫോർണിയ ഞങ്ങളുടേത്'; ട്രംപിന് മറുപടിയുമായി ഇറാൻ
യുദ്ധാനന്തരം ഹോർമുസ് കടലിടുക്ക് അമേരിക്കൻ നിയന്ത്രണത്തിലാക്കുമെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു

തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതേ നാണയത്തിൽ മറുപടി നൽകി ഇറാൻ. അമേരിക്കയിലെ കാലിഫോർണിയയെ തങ്ങളുടെ പുതിയ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്കൻ പ്രകോപനത്തിന് ഇറാൻ തിരിച്ചടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവികാസങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.
യുദ്ധാനന്തരം ഹോർമുസ് കടലിടുക്ക് അമേരിക്കൻ നിയന്ത്രണത്തിലാക്കുമെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിനെ 'പുതിയ യുഎസ് പ്രദേശം' എന്ന് രേഖപ്പെടുത്തിയ മാപ്പ് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ട്രംപിന്റെ ഈ വിവാദ പോസ്റ്റ് പിന്നീട് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും റീപോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
ഇതിന് മറുപടിയായാണ് ഹൈദരാബാദിലെ ഇറാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അമേരിക്കയുടെ മാപ്പ് പങ്കുവെച്ചുകൊണ്ട് ഇറാൻ രംഗത്തെത്തിയത്. ഈ മാപ്പിൽ കാലിഫോർണിയയെ നീല നിറത്തിൽ പ്രത്യേകം അടയാളപ്പെടുത്തുകയും 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പ്രദേശം' എന്ന് കുറിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ചുള്ള ട്രംപിന്റെ മിഥ്യാധാരണകൾ ഉടൻ തിരുത്തപ്പെടുമെന്നും അല്ലെങ്കിൽ ഈ മിഥ്യാധാരണക്കാരനെ തങ്ങൾ തിരുത്തുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദി വ്യക്തമാക്കി.
കാലിഫോർണിയയെ, പ്രത്യേകിച്ച് ലോസ് ഏഞ്ചൽസിനെ ഇറാൻ തങ്ങളുടെ പ്രദേശമായി ഉയർത്തിക്കാണിക്കാൻ മറ്റൊരു കാരണവുമുണ്ട്. ഇറാന് പുറത്ത് ഏറ്റവും കൂടുതൽ ഇറാനിയൻ വംശജർ താമസിക്കുന്നത് ഇവിടെയാണ്. ഏകദേശം 1,41,000 ഇറാനിയൻ അമേരിക്കക്കാർ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ മാത്രം താമസിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇവിടേക്ക് കുടിയേറിയ ഇവരുടെ സ്വാധീനം കാരണം ലോസ് ഏഞ്ചൽസിലെ വെസ്റ്റ്‌വുഡ് പ്രദേശം 'തെഹ്‌റാൻഞ്ചൽസ്' എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പുതിയ വാക്പോര്. യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ജൂണിൽ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തർക്കം തുടരുന്നതിനാൽ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഈ ജലപാതയിലെ സുരക്ഷ സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിർണായകമായ തീരുമാനങ്ങളിൽ എത്തിയിട്ടില്ല.
Adjust Story Font
16

