Quantcast

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥന്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...

ഇറാനിൽ ശക്​തമായ ഇടപെടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് യുഎസ്​ പ്രസിഡന്‍റ്​ഡൊണാൾഡ്​ ട്രംപ് നൽകിയത്.

MediaOne Logo
പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നുവെന്ന് ഇറാന്‍ ഉദ്യോഗസ്ഥന്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...
X

തെഹ്റാന്‍: ഇറാനിലെ പ്രക്ഷോഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടാഴ്ചയായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതാദ്യമായാണ് ഉയർന്ന മരണസംഖ്യ അധികൃതർ സ്ഥിരീകരിക്കുന്നത്. പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നില്ല.

ഇതിനിടെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ ഇറാനിയൻ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാൻ ഇന്റർനാഷണൽ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ നൂറുകണക്കിന് മാത്രമാണെന്നും, എന്നാൽ ഇറാനിലെ കടുത്ത വിവരനിയന്ത്രണങ്ങൾ കാരണം സ്വതന്ത്രമായി ഈ കണക്കുകൾ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇറാനിൽ ശക്​തമായ ഇടപെടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് യുഎസ്​ പ്രസിഡന്‍റ്​ഡൊണാൾഡ്​ ട്രംപ് നൽകിയത്.​ സൈനിക നടപടിയും നയതന്ത്ര നീക്കങ്ങളും പരിഗണനയിലാണെന്ന്​ യു.എസ്​ നേതൃത്വം അറിയിച്ചു. ഇറാനിൽ ഉപയോഗിക്കാനുള്ള വിവിധ രഹസ്യ, സൈനിക ഉപകരണങ്ങളെക്കുറിച്ച് ട്രംപിന് വിശദീകരണം നൽകിയിട്ടുണ്ടെന്ന് രണ്ട് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇറാൻ.

ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും യുഎസിന്റെ ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28 ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭമായി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ വരെ കാര്യങ്ങളെത്തി. പിന്നാലെ ഇന്റര്‍നെറ്റും നിരോധിച്ചു.

TAGS :

Next Story