Quantcast

അടുത്ത ലക്ഷ്യം ഇറാനോ? മധ്യേഷ്യയിൽ യുദ്ധസന്നാഹങ്ങൾ ശക്തമാക്കി അമേരിക്ക

യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകൾ തെഹ്റാന് സമീപം തമ്പടിച്ചുവെന്നാണ് സൂചനകൾ

MediaOne Logo
അടുത്ത ലക്ഷ്യം ഇറാനോ? മധ്യേഷ്യയിൽ യുദ്ധസന്നാഹങ്ങൾ ശക്തമാക്കി അമേരിക്ക
X

ബെയ്റൂത്ത്: ഇറാനിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ മധ്യേഷ്യയിൽ യുദ്ധസന്നാഹങ്ങൾ ശക്തമാക്കി അമേരിക്ക. ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായാണ് അഭ്യൂഹം. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ പിടികൂടാൻ നേരത്തെ നിയോഗിക്കപ്പെട്ടിരുന്ന അതേ യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകൾ ഇപ്പോൾ തെഹ്റാന് സമീപം തമ്പടിച്ചുവെന്നാണ് സൂചനകൾ. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 വിമാനങ്ങളും യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കറുകളും മധ്യേഷ്യയെ ലക്ഷ്യം വച്ച് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം മിഡിൽ ഈസ്റ്റിൽ കമാൻഡോകളെ വിന്യസിച്ചത് ഇറാനിയൻ സുരക്ഷാ വൃത്തങ്ങളിൽ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ ഇസ്രായേലുമായോ അമേരിക്കയുമായോ യുദ്ധം ചെയ്യാൻ ഇറാൻ ആഗ്രഹിക്കുന്നില്ല, ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാഷിങ്ടണിന്‍റെ ആജ്ഞാപനത്തിന് പകരം പകരം പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ നടക്കുന്നിടത്തോളം കാലം, ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ച് യുഎസുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെനസ്വേലക്ക് ശേഷം ട്രംപ് ലക്ഷ്യം വയ്ക്കുന്നത് ഇറാൻ പ്രസിഡന്‍റിനെയാണെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. ജെഫ്രി സെയ്ക്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതുവത്സരാഘോഷ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു മാറേ ലാഗോയിൽ ട്രംപിനെ കണ്ടുമുട്ടിയതായും ഇറാനാണ് അടുത്ത ലക്ഷ്യമെന്ന് സൂചന നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ ആഴ്ച മുതൽ ഇറാനിലെ 31 പ്രവിശ്യകളിലായി 348 ലധികം സ്ഥലങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിച്ചതായി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) ബുധനാഴ്ച റിപ്പോർട്ട് ചെയ്തു . ഇതുവരെ 2,200 ലധികം അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ അറസ്റ്റ് കണക്കുകളോ ഇറാനിയൻ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച, തലസ്ഥാനമായ തെഹ്‌റാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്തുടനീളം ഇന്‍റര്‍നെറ്റും ടെലിഫോൺ ലൈനുകളും വിച്ഛേദിച്ചു. പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇടപെടുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ് താക്കീത്​ നൽകി നൽകിയിരുന്നു. ഇടപെട്ടാൽ മാരകമായി തിരിച്ചടിക്കുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാണ്​ ഒരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്. പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യതിനെ തുടർന്ന്​ പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാണ്​. ഇതാണ്​ തെരുവിലിറങ്ങാൻ തങ്ങളെപ്രേരിപ്പിച്ചതെന്നാണ്​ പ്രഷോഭകാരികൾ പറയുന്നത്​. തെ​ഹ്റാ​ന് 300 കി.​മീ. തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ലോ​റി​സ്താ​ൻ പ്ര​വി​ശ്യ​യി​ലെ അ​സ്ന മേ​ഖ​ല​യി​ലാ​ണ് പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​ത്.

TAGS :

Next Story