Quantcast

ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാൻ; ഡ്രോണുകളും മിസൈലുകളും അയച്ചു

മിസൈലുകൾ നിർവീര്യമാക്കിയെന്ന് ഇസ്രായേൽ

MediaOne Logo

Web Desk

  • Updated:

    2024-04-14 04:23:54.0

Published:

14 April 2024 1:57 AM GMT

iran attack on israel
X

തെൽ അവീവ്: ഇസ്രായേലിലേക്ക് നിരവധി ഡ്രോണുകളും മിസൈലും അയച്ച് ഇറാൻ. തെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ഇസ്രായേലിലെ നഗരങ്ങളിൽ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും ​അമേരിക്കയും ജോർദാനും ചേർന്ന് തകർത്തു. 185 ഡ്രോണുകൾ, 36 ക്രൂയിസ് മിസൈലുകൾ, 110 ഭൂതല മിസൈലുകൾ എന്നിവയാണ് ഇറാൻ ഉപയോഗിച്ചത്. ഇതിൽ പലതും ഇസ്രായേലിൽ നാശനഷ്ടമുണ്ടാക്കിയതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലിൽ പരി​ഭ്രാന്തി മൂലമുള്ള തിക്കിലും തിരക്കിലും പെട്ട് 31 പേർക്ക് പരിക്കേറ്റു. സ്കൂളുകൾ രണ്ട് ദിവസത്തേക്ക് അടച്ചു. നൂറിലേറെ പേർ കൂട്ടംചേരുന്നതിന് വിലക്കും ഏർപ്പെടുത്തി.

ഇസ്രായേലിലെ നഫാത്തിം വ്യോമകേന്ദ്രവും ആക്രമണ ലക്ഷ്യത്തിൽ ഉൾപ്പെട്ടതായി ഇറാൻ വർത്താ ഏജൻസി അറിയിച്ചു. ഇറാൻ അയച്ച ബാലിസ്റ്റിക് മിസൈലുകളിൽ അധികവും ഇസ്രായേൽ വ്യോമ പരിധിക്ക് പുറത്ത് നിർവീര്യമാക്കിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ്. ഈ വിഷയം തങ്ങൾ അവസാനിപ്പിച്ചതായും ഇറാൻ വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തിന് പിന്നാലെ ​ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ ടുഡേ റിപ്പോർട്ട് ചെയ്തു.

യുദ്ധം വ്യാപിക്കാതിരിക്കാൻ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തും. യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായും പെൻറഗൺ അറിയിച്ചു. കൂടാതെ വിഷയത്തിൽ യു.എൻ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.

അതേസമയം, സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുദ്ധം മേഖലയെ വൻനാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇസ്രായേലി പാർലമെന്റിന് സമീപം മിസൈലുകൾ വരുന്നതും അതിനെ സൈന്യം നിർവീര്യമാക്കുന്നതിന്റെയെല്ലാം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇറാന്റെ ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിലെ നേഗേവ് എയർബേസിൽ പതിച്ചതിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടു.

ഇറാനെതിരെ പ്രത്യാക്രമണത്തിന് മിനി മന്ത്രിസഭാ യോഗം നെതന്യാഹുവിനെ ചുമതലപ്പെടുത്തി. ലെബനാന് നേരെ ശനിയാഴ്ച രാത്രി ഇസ്രായേൽ ആക്രമണം നടത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഇസ്രായേലുമായി ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു.

TAGS :

Next Story