Quantcast

'ഇറാനിലെ ഭരണനേതൃത്വം ഇപ്പോഴും ശക്തം, സമീപ ഭാവിയിലൊന്നും തകരില്ല': യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

''ഇറാനിയന്‍ ഭരണകൂടം തകർച്ചയുടെ വക്കിലല്ല. ജനതയുടെ മേൽ അവർക്ക് ഇപ്പോഴും പൂർണ്ണ നിയന്ത്രണമുണ്ട്''

MediaOne Logo
ഇറാനിലെ ഭരണനേതൃത്വം ഇപ്പോഴും ശക്തം, സമീപ ഭാവിയിലൊന്നും തകരില്ല: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
X

തെഹ്റാന്‍: ഇറാനിലെ ഭരണനേതൃത്വം ശക്തമായി തന്നെ തുടരുകയാണെന്നും സമീപഭാവിയിലൊന്നും തകരാൻ സാധ്യതയില്ലെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. രഹസ്യാന്വേഷണ വിഭാഗത്തിലെ ഏതാനും സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഒരേ സ്വഭാവത്തില്‍ വിശകലനം നൽകുന്ന ധാരാളം രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭ്യമാണെന്ന് സ്രോതസ്സുകളിലൊന്ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന് ഇറാനിയന്‍ ഭരണകൂടം തകർച്ചയുടെ വക്കിലല്ലെന്നും ജനതയുടെ മേൽ അവർക്ക് ഇപ്പോഴും പൂർണ്ണ നിയന്ത്രണമുണ്ട് എന്നതാണ്. ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷവും ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ കരുത്ത് രഹസ്യാന്വേഷണ വിഭാഗം എടുത്തുകാണിക്കുന്നു. ഫെബ്രുവരി 28നാണ് യുഎസും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ബോംബിട്ടത്.

അതേസമയം യുദ്ധം ഇറാൻ ഗവൺമെന്റിന്റെ തകർച്ചയിലേക്ക് നയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാംനഈ മാത്രമല്ല നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആര്‍ജിസി) ഏറ്റവും ഉയർന്ന റാങ്കിലുള്ള ചില കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും ഇറാന് ഒരു പതര്‍ച്ചയും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നതാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

എണ്ണവിലയെച്ചൊല്ലിയുള്ള രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് കണ്ടെത്തലുകൾ പുറത്തുവരുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘർഷം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്‍ രംഗത്ത് എത്തി. ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിലൊരു ആക്രമണമുണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഗ്യാരണ്ടി നൽകുക എന്നിവയാണ് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.

TAGS :

Next Story