ഇസ്രായേൽ ആക്രമണങ്ങളിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുവെന്ന് ഇറാൻ
ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 94 സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

ടെഹ്‌റാൻ: ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്റ്റേറ്റ് മീഡിയയിൽ പറഞ്ഞു. ജൂൺ 13 ന് ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 94 സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു. ഇസ്രായേൽ ആക്രമണങ്ങളിൽ മൂന്ന് ആശുപത്രികൾ ആക്രമിക്കപ്പെടുകയും രണ്ട് ഡോക്ടർമാർ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇറാൻ ആണവ ശാസ്ത്രജ്ഞൻ എയ്‌താർ തബതബായി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. കഴിഞ്ഞയാഴ്‌ച ഇറാനിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്‌താർ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസി മെഹർ സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്‌താർ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തിൽ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.
Adjust Story Font
16

