Quantcast

ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ഏതു ചര്‍ച്ചയുമുള്ളൂവെന്ന് ഇറാന്‍

ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ ഒരു സമാധാന ചര്‍ച്ചയുമില്ലെന്നു മധ്യസ്ഥരോട് വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍

MediaOne Logo

Web Desk

  • Published:

    17 Jun 2025 8:31 PM IST

ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ഏതു ചര്‍ച്ചയുമുള്ളൂവെന്ന് ഇറാന്‍
X

തെഹ്റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഇസ്രായേല്‍ അമേരിക്കയുടെ സഹായം തേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഇറാന്റെ ആണവ സന്നാഹങ്ങള്‍ തകര്‍ക്കാനാകില്ലെന്നാണ് അവര്‍ അമേരിക്കയോട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇറാന്‍ തങ്ങളെ നേരിട്ട് ആക്രമിക്കുന്നതു വരെ നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകേണ്ടതില്ലെന്ന നിലപാടിലാണ് യുഎസ്. ഇരുകക്ഷികളെയും ഉടന്‍ തന്നെ അനുരഞ്ജനത്തിലെത്തിക്കാന്‍ തനിക്കാകുമെന്ന അവകാശവാദവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിട്ടുണ്ട്.

ഇതിനിടെ, വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിരാകരിച്ചിരിക്കുകയാണ് ഇറാന്‍. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് 'കനത്ത തിരിച്ചടി' നല്‍കുന്നതുവരെ പിന്മാറ്റമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലോക സാമ്പത്തികക്രമത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പിടിവിടുമ്പോഴാണ് ഖത്തറും ഒമാനും ചേര്‍ന്നു മധ്യസ്ഥത ശ്രമവുമായി ഇറങ്ങുന്നത്. എന്നാല്‍, ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ ഒരു സമാധാന ചര്‍ച്ചയുമില്ലെന്നു മധ്യസ്ഥരോട് വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ഇസ്രായേല്‍ തുടക്കമിട്ട ആക്രമണത്തിനു തക്ക മറുപടി നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ ഗൗരവത്തിലുള്ള അനുരഞ്ജന ചര്‍ച്ചകളിലേക്കു കടക്കൂവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്‍ ആണവ കരാറിനു വഴങ്ങണമെന്ന് അമേരിക്കയും ആവശ്യപ്പെടുന്നുണ്ട്. ആണവ സമ്പുഷ്ടീകരണ പദ്ധതി പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നാണ് യുഎസ് കരാറില്‍ ആവശ്യപ്പെടുന്നത്. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കുമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ആണവ നിര്‍വ്യാപന കരാറില്‍നിന്നും ഇറാന്‍ പിന്മാറാന്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ മിസൈല്‍ ആക്രമണവമായി ഇസ്രായേല്‍ സംഘര്‍ഷത്തിനു തുടക്കമിട്ടത്. തലസ്ഥാനമായ തെഹ്‌റാന്‍ മുതല്‍ നതാന്‍സ്, തബ്രീസ്, ഇസ്ഫഹാന്‍, അരാക്, കിര്‍മാന്‍ഷാ തുടങ്ങിയ മേഖലകളിലായിരുന്നു ആക്രമണം നടന്നത്. തെഹ്‌റാനില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സൈനിക താവളങ്ങള്‍ മുതല്‍ പ്രതിരോധ കാര്യാലയങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും.

ഇസ്രായേല്‍ ആക്രമണം നടന്ന് അഞ്ചു മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഇറാന്‍ ആദ്യമായി പ്രത്യാക്രമണത്തിനു ശ്രമിച്ചത്. നൂറോളം ഡ്രോണുകള്‍ ഇസ്രായേലിലേക്ക് അയച്ചായിരുന്നു തുടക്കം. അതെല്ലാം പക്ഷേ ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ തകര്‍ത്തിട്ടു. ഇതിനു പിന്നാലെയും ഇസ്രായേല്‍ ഇറാന്റെ മണ്ണില്‍ ആക്രമണം തുടരുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ നിശബ്ദമായി നിന്ന ഇറാന്റെ യഥാര്‍ഥ രൂപം പുറത്തുവരുന്നത് ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു.

തെല്‍ അവീവ്, ജറൂസലേം, ഹൈഫ ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളും പ്രദേശങ്ങളും ലക്ഷ്യമിട്ട് നൂറുകണക്കിന് മിസൈലുകള്‍ പ്രവഹിച്ചു. പലതും അയേണ്‍ ഡോമും ഏരോയുമെല്ലാം നിര്‍വീര്യമാക്കി. പക്ഷേ, എല്ലാ പ്രതിരോധ സംവിധാനങ്ങളും ഭേദിച്ച് നിരവധി മിസൈലുകള്‍ വിവിധ ഭാഗങ്ങളില്‍ പതിച്ചു. തെല്‍ അവീവിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ജനവാസമേഖലയിലുമെല്ലാം കനത്ത പ്രഹരമാണ് അവ ഏല്‍പ്പിച്ചത്. തുടര്‍ന്നുള്ള രാത്രികളിലെല്ലാം ഇസ്രായേല്‍ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാനില്‍നിന്നു വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

TAGS :

Next Story