ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം; സെന്‍ട്രല്‍ ഇസ്രായേലും ജെറുസലേമും ലക്ഷ്യമാക്കി മിസൈലുകള്‍
ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് കമാന്‍ഡറുമാരെ നഷ്ടപ്പെട്ടെന്നും അത് ഇറാന്റെ സൈനികശക്തിയെ ബാധിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു

- Updated:
2026-02-28 16:03:47.0

തെല്‍ അവിവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവെ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ പ്രത്യാക്രമണം. സെൻട്രൽ ഇസ്രായേലും വിശുദ്ധ നഗരമായ ജെറുസലേമും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങൾ ആക്രമണത്തിന്‍റെ ഭാഗമല്ലെന്നും ഇറാന്‍റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ബ്രിട്ടണും ചൈനയും പ്രതികരിച്ചു. നേരത്തെയും ജറുസലേമടക്കം സെന്‍ട്രൽ ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇറാന്‍റെ റോക്കറ്റുകൾ നേരിട്ട് പതിച്ചിരുന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് കമാന്‍ഡറുകളെ നഷ്ടമായെന്നും അത് ഇറാന്റെ സൈനികശക്തിയെ ബാധിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. തനിക്കറിയാവുന്നിടത്തോളം പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ജീവിച്ചിരിപ്പുണ്ടെന്നും യുഎസിലേക്ക് എത്തുംവിധത്തിലുള്ള മിസൈലൊന്നും തങ്ങളുടെ പക്കലില്ലെന്നും അരാഗ്ചി അറിയിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പല മന്ത്രിമാര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയതായും അരാഗ്ചി വ്യക്തമാക്കി.
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 കുട്ടികള്‍ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള ഓപ്പറേറ്റര്‍മാര്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് മേഖലയിലെ വ്യോമപാത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരിക്കുകയാണ്.
അതേസമയം, ഇറാനിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 85 കടന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു.
Adjust Story Font
16
