സമാധാനത്തിനരികെ?; അമേരിക്കയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇറാൻ
ഇറാനും അമേരിക്കയും തമ്മിൽ ധാരണപത്രം തയാറായതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്കയുമായി ഇതാദ്യമായി ഒരു കരാറിനരികിലെത്തിയതായി ഇറാൻ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ധാരണാപത്രത്തിൽ ഒപ്പ് വെക്കാൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. ആദ്യഘട്ടത്തിൽ ചടങ്ങ് ഇല്ലാതെയും ഒപ്പ് വെക്കൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേവലം അനുമാനങ്ങൾ വാർത്തയാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും അന്തിമ തീർപ്പായാൽ കരാറിന്‍റെ മുഴുവൻ ഉള്ളടക്കവും പൊതുസമൂഹത്തെ അറിയിക്കുമെന്നും അരാഗ്ചി അറിയിച്ചു. ഇറാനിയൻ മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ്. വെടിനിർത്തൽ കരാറിലെ നിർണായക വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ ചോർത്തുന്നുവെന്ന് ട്രംപ് ആരോപണം ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.
ഇറാനും അമേരിക്കയും തമ്മിൽ ധാരണപത്രം തയാറായതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. സമാധാന കരാറിന്‍റെ മിനുക്കുപണികൾക്കായി ഇറാനും അമേരിക്കയും അടുത്ത സമ്പർക്കം പുലർത്തിവരികയാണെന്നും സമാധാനത്തിലേക്ക് ഇരുരാജ്യങ്ങളും ഇത്രമാത്രം അടുത്ത് വന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായർ അല്ലെങ്കിൽ തിങ്കളാഴ്ച കരാർ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പറഞ്ഞു. അരാഗ്ചിയുടെ എക്സ് പോസ്റ്റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെക്കുകയും ചെയ്തു. ഉറപ്പുകൾ പാലിച്ചാൽ ഇറാന് സാമ്പത്തിക നേട്ടം ലഭിക്കുമെന്നും കരാറിൽ ഒപ്പ് വെച്ചത് കൊണ്ടു മാത്രം ഫണ്ടുകൾ വിട്ടുകിട്ടില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ നെതന്യാഹു, സൈന്യത്തിന്ന് നിർദേശം നൽകിയതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന വാർത്തകൾ യുഎഇ നിഷേധിച്ചു. ആക്രമണം നിർത്തിവെക്കാൻ 20 ശതകോടി ഡോളർ ഇറാന് നൽകാൻ ഡീൽ ഉണ്ടാക്കിയെന്നും ഇതിൽ 3 ബില്യൺ കൈമാറി എന്നായിരുന്നു വാർത്ത. ഇതാണ് ഇറാൻ നിഷേധിച്ചത്. അത്തരമൊരു ഇടപാടും ഇറാനുമായി നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറിയിട്ടില്ല. 3 ബില്യൺ ഡോളർ നൽകിക്കഴിഞ്ഞു എന്ന റിപ്പോർട്ടും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പറഞ്ഞു.
Adjust Story Font
16

