Quantcast

'ഇറാൻ 20 ശതമാനം ആയുധങ്ങളെ ഉപയോഗിച്ചുള്ളൂ, സംഘർഷം നീണ്ടാൽ ഇസ്രായേൽ തകരും': എം.കെ ഭദ്രകുമാർ

''ഇത്രയും ദിവസത്തിനിടയ്ക്ക് തെൽ അവിവിൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അയോൺ ഡോമിന്റെ കാര്യക്ഷമത പോലും തുറന്നുകാട്ടപ്പെട്ടു''

MediaOne Logo

Web Desk

  • Updated:

    2025-06-21 08:59:25.0

Published:

21 Jun 2025 11:49 AM IST

ഇറാൻ 20 ശതമാനം ആയുധങ്ങളെ ഉപയോഗിച്ചുള്ളൂ, സംഘർഷം നീണ്ടാൽ ഇസ്രായേൽ തകരും: എം.കെ ഭദ്രകുമാർ
X

തിരുവനന്തപുരം: ഇസ്രായേലിന്റെ എല്ലാതരത്തിലുമുള്ള ആയുധങ്ങൾ നോക്കുകയാണെങ്കിൽ 12 ദിവസത്തിനുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്ന് നയതന്ത്ര വിദഗ്ധനും മുന്‍ അംബാസിഡറുമായ എം.കെ ഭദ്രകുമാർ. അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പെടെ ഇക്കാര്യം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ട്രംപ് സംഘർഷത്തിലേക്ക് കടക്കുകയാണെങ്കിൽ, അമേരിക്ക തയ്യാറാക്കിവെച്ച ഭീമാകാരമായ ബോംബിലാകും( 30,000 പൗണ്ട് -ഏകദേശം 13,600 കിലോഗ്രാം) അദ്ദേഹത്തിന്റെ കണ്ണ്. ഇത് ടെസ്റ്റ് ചെയ്തിട്ടുള്ള ആയുധമല്ല. അതുകൊണ്ട് തന്നെ ആയുധത്തിന് ലക്ഷ്യമിട്ട ഫലം കിട്ടിയില്ലെങ്കില്‍ ഇറാന്‍‌ എങ്ങനെ നേരിടുമെന്നും നോക്കണം. ഇറാൻ തുച്ഛമായ രീതിയിലാണ് അവരുടെ ആയുധങ്ങൾ പ്രയോഗിച്ചിട്ടുള്ളത്. ഇത് കരുതിക്കൂട്ടിയാണ്.

20 ശതമാനം മാത്രമെ പ്രയോഗിച്ചിട്ടുള്ളൂവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അതിനർഥം അവർക്കും സർപ്രൈസ് കൊണ്ടുവരാനാകും എന്നാണ്. റഷ്യ എന്താണ് ഇറാന് കൈമാറിയിട്ടുള്ള മിലിട്ടറി ടെക്‌നോളജി എന്നത് പുറത്താർക്കും അറിയില്ല. ഇറാന്റെ ഹൈപ്പർസോണിക് മിസൈലുകൾ ഒരു മണിക്കൂറിൽ 18,000കിലോമിറ്റര്‍ വരെയാണ് പോകുന്നത്. ഇറാന് പുറമെ ചൈനക്കും വടക്കൻകൊറിയക്കും റഷ്യക്കും മാത്രമെ ഈ മിസൈലുള്ളൂ. റഷ്യൻ ടെക്‌നോളജിയാണ് ഇതിന്റെ പ്ലസ് പോയിന്റ്.

കഴിഞ്ഞ ദിവസം ചൈനയും റഷ്യയും തമ്മിൽ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച നടന്നുകഴിഞ്ഞു. ചൈന ഒരു തരത്തിലും ഇറാന്റെ തകർച്ചയെ സമ്മതിക്കില്ല എന്നുറപ്പാണ്. ട്രംപിനും ഇതറിയാം. അതുകൊണ്ട് തന്നെയാണ് ഭീമാകാരമായ ബോംബില്‍ കണ്ണുവെക്കുന്നത്. സൈന്യത്തെ ഇറക്കി ഇറാഖിൽ ചെയ്തത് പോലൊരു ഓപറേഷൻ ഇറാനിൽ സാധ്യമാകില്ല.

ഇസ്രായേലിന്റെ വലിയൊരു പ്രത്യേകത അവരുടെ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കാന്‍ കഴിയുന്നു എന്നതാണ്. അവരുടെ രാഷ്ട്രീയ ശൈലി കൂടിയാണിത്. ഇക്കാര്യം ഫലപ്രദമായി അറബ് രാജ്യങ്ങൾക്ക് മേൽ ഉപയോഗിക്കുന്നുണ്ട്. ഇത്രയും ദിവസത്തിനിടയ്ക്ക് തെൽ അവീവിൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അയോൺ ഡോമിന്റെ കാര്യക്ഷമത പോലും തുറന്നുകാട്ടപ്പെട്ടു.

ഇന്റർസെപ്റ്റ് കൊണ്ടുപോലും ഇറാൻ അയക്കുന്ന ഫതഹ് മിസൈലുകളെ തടയാനാകുന്നില്ല. ഇറാന്റെ കയ്യിൽ ഇനിയും വലിയ സ്റ്റോക്കുണ്ട്. സംഘർഷം രണ്ടാഴ്ച കൂടി മുന്നോട്ടുപോകുകയാണെങ്കിൽ ഇസ്രായേൽ എന്ന രാജ്യം അവശേഷിക്കുകയില്ല. അങ്ങനെ വരുമ്പോൾ നെതന്യാഹുവിന്റെ കയ്യിൽ ഒരേയൊരു ആയുധമേയുള്ളൂ, അത് ന്യൂക്ലിയർ ബോംബാണ്. ഇത് അമേരിക്കയ്ക്ക് അറിയാം. അവരാണാല്ലോ കൈമാറിയത്.

സംഘര്‍ഷം എവിടെ വരെ എത്തുമെന്ന് റഷ്യക്കും ചൈനക്കും നല്ലപോലെ അറിയം . ഇസ്രായേൽ തകരുന്നു എന്ന ഘട്ടം വരികയാണെങ്കിൽ ന്യൂക്ലിയർ ബോംബ് അവർ ഉപയോഗിക്കും. ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുന്നതിന് മുമ്പ് എല്ലാവിധ ഓപ്ഷനുകളും അവർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഒരാളെ കൊല്ലുക എന്നത് തന്ത്രമായി സ്വീകരിക്കുന്നവരാണ് ഇസ്രായേൽ. അതുകൊണ്ട് ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ വധത്തെ തള്ളിക്കളയുന്നില്ല. ട്രംപിന്റെ അഭിപ്രായം ചോദിക്കാതെ തന്നെ അവരത് ചെയ്യും, അത്മഹത്യാപരമായ നീക്കമാണെങ്കിൽ പോലും അവരത് ചെയ്യും''- എം.കെ ഭദ്രകുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story