Quantcast

ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഖേദിക്കേണ്ടി വരും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യൻ മേഖലയിലെ ആണവ വിഷയങ്ങളിൽ പാശ്ചാത്യ ശക്തികൾ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്നും ഇറാൻ മന്ത്രി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    3 Jun 2025 9:49 PM IST

ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഖേദിക്കേണ്ടി വരും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ
X

ടെഹ്‌റാൻ: ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഇസ്രായേൽ ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ. 'സമാധാനപരമായ ആണവ സ്ഥാപനങ്ങൾക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇസ്രായേൽ അത്തരമൊരു തെറ്റ് ചെയ്താൽ അവർ ഖേദിക്കേണ്ടിവരും.' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പത്രസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിലെ ആണവ വിഷയങ്ങളിൽ പാശ്ചാത്യ ശക്തികൾ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്നും അരഘ്ചി ആരോപിച്ചു.

'ഗസ്സയിൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രയേലിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ വ്യക്തികൾ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടും പടിഞ്ഞാറൻ രാജ്യങ്ങൾ ഈ ഭീഷണികളെ അവഗണിച്ചു. അതേസമയം, സമാധാനപരമായ ആണവ പദ്ധതിക്കായി ഇറാനെ സമ്മർദ്ദത്തിലാക്കുന്നത് അവർ തുടരുന്നു.' അരഘ്ചി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായി തുടരുന്നുവെന്നും ബന്ധപ്പെട്ട ഏതൊരു കക്ഷിക്കും ഉറപ്പ് നൽകാൻ ടെഹ്‌റാൻ തയ്യാറാണെന്നും ഉന്നത നയതന്ത്രജ്ഞർ ആവർത്തിച്ചു.

'ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല. ഞങ്ങളുടെ ആണവ പദ്ധതിയും എല്ലാ പ്രവർത്തനങ്ങളും സമാധാനപരമാണ്. യുറേനിയം സമ്പുഷ്ടീകരണം ഇറാനിയൻ ജനതയുടെ വലിയ ത്യാഗത്തിലൂടെ ഞങ്ങളുടെ ശാസ്ത്രജ്ഞർ നേടിയെടുത്ത ഒരു പ്രധാന ശാസ്ത്ര നേട്ടമാണ്.' അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ആണവായുധങ്ങൾ തേടുകയോ അവ സ്വന്തമാക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. അതേസമയം, ഈ മേഖലയിലെ ഞങ്ങളുടെ സ്വാഭാവിക അവകാശങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ല. അതിനാൽ സമാധാനപരമായ ഒരു ആണവ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിയില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ 60 ശതമാനം വരെ പരിശുദ്ധിയുള്ള യുറേനിയത്തിന്റെ ശേഖരം ഏകദേശം 50 ശതമാനം വർദ്ധിച്ച് 408.6 കിലോഗ്രാം വരെ ആയി ഉയർന്നതായി ഐഎഇഎയുടെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ സമ്പുഷ്ടമാക്കിയാൽ ഒമ്പത് ആണവായുധങ്ങൾക്ക് ഇത് മതിയാകുമെന്ന് യുഎൻ ആണവ നിരീക്ഷണ സംഘം പറയുന്നു. ആണവ പദ്ധതിയിൽ ഒരു കരാറിലെത്തുന്നതിനായി ഇറാൻ അമേരിക്കയുമായി പരോക്ഷ ചർച്ചകൾ തുടരുന്നതിനിടെയാണ് ഐ‌എ‌ഇ‌എയുടെ കണ്ടെത്തലുകൾ പുറത്തുവന്നത്.

TAGS :

Next Story