Quantcast

'ഇത്തവണ ബുള്ളറ്റിന് പിഴക്കില്ല': ട്രംപിന് ഭീഷണിയുമായി ഇറാന്‍ സ്റ്റേറ്റ് ചാനല്‍, എഎഫ്പി റിപ്പോര്‍ട്ട്‌

2024 ജൂലൈയിൽ പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്

MediaOne Logo
ഇത്തവണ ബുള്ളറ്റിന് പിഴക്കില്ല: ട്രംപിന് ഭീഷണിയുമായി ഇറാന്‍ സ്റ്റേറ്റ് ചാനല്‍, എഎഫ്പി റിപ്പോര്‍ട്ട്‌
X

വാഷിങ്ടൺ: ഏത് സമയത്തും ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വധഭീഷണിയുമായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ.

'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം തെറ്റില്ല' എന്നാണ് ട്രംപിന് നേരെയുണ്ടായ വധശ്രമ ചിത്രങ്ങൾ സംപ്രേഷണം ചെയ്ത് ഇറാൻ ഭീഷണി ഉയർത്തിയത്. ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ടിവിയിലാണ് ഈ മുന്നറിയിപ്പ്, സംപ്രേഷണം ചെയ്തതെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2024 ജൂലൈയിൽ പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് തെഹ്റാന്റെ ഭാഗത്തുനിന്നുള്ള വെല്ലുവിളി.

ഇറാനിലെ ആഭ്യന്തര അസ്വസ്ഥതകൾ ട്രംപ് ഭരണകൂടം മുതലെടുക്കുകയാണെന്നും ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്കൻ പ്രസിഡന്റ് ശ്രമിക്കുന്നുണ്ടെന്നും ഇറാൻ ആരോപിക്കുന്നു. അതേസമയം യുദ്ധഭീതിക്കിടെ, നിലപാട്​ മയപ്പെടുത്തി​ ട്രംപ്​ രംഗത്ത് എത്തി. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നതും തൂക്കിലേറ്റുന്നതും ഇറാൻ നിർത്തിവെച്ചതായ റിപ്പോർട്ട്​ ലഭിച്ചതായാണ് ട്രംപിന്‍റെ പ്രഖ്യാപനം.

അർധരാത്രി നടത്തിയ പ്രതികരണത്തിലാണ്​ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും തൂക്കിലേറ്റുന്നതും ഇറാൻ നിർത്തി വെച്ചതായി വിവരം ലഭിച്ചതെന്ന്​ ട്രംപ്​ വെളിപ്പെടുത്തിയത്​. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ തൂക്കിലേറ്റുന്നത്​ നിർത്തി വെച്ച കാര്യം താൻ ഉറപ്പു വരുത്തുമെന്നും ട്രംപ്​ പ്രതികരിച്ചു. സർക്കാർ സ്ഥാപനങ്ങൾ കൈയേറണമെന്നും യു.എസ്​ സഹായം ആസന്നമാണെന്നും നേരത്തെ ട്രംപ്​ പ്രക്ഷോഭകർക്ക്​ ഉറപ്പ്​ നൽകിയിരുന്നു.

ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28 ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭമായി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ വരെ കാര്യങ്ങളെത്തി. പിന്നാലെ ഇന്റര്‍നെറ്റും നിരോധിച്ചു.



TAGS :

Next Story