Quantcast

യുഎസ് ആക്രമണത്തെ നേരിടാന്‍ ഇറാഖ്; തിരിച്ചടിക്കാന്‍ പാരാമിലിറ്ററിക്ക് അനുമതി നല്‍കി

ഇന്നലെ യുഎസ് ആക്രമണത്തില്‍ ഇറാഖ് പാരാമിലിറ്ററി കേന്ദ്രത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2026 9:17 AM IST

യുഎസ് ആക്രമണത്തെ നേരിടാന്‍ ഇറാഖ്; തിരിച്ചടിക്കാന്‍ പാരാമിലിറ്ററിക്ക് അനുമതി നല്‍കി
X

ഇറാഖിലെ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പിഎംഎഫ് കമാന്‍ഡര്‍ സാഅദ് അല്‍-ബൈജിയുടെ മൃതദേഹം വഹിച്ചുള്ള യാത്ര

ബാഗ്ദാദ്: രാജ്യത്തിന് നേരെയുള്ള യുഎസ് ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാഖിന്റെ തീരുമാനം. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനി പാരാമിലിറ്ററിക്ക് ആക്രമണത്തിന് അനുമതി നല്‍കി. യുഎസ് ആക്രമണം പരമാധികാരത്തിന് മേലുള്ള ആക്രമണമാണെന്ന് ഇറാഖ് പറഞ്ഞു. ഇന്നലെ യുഎസ് ആക്രമണത്തില്‍ ഇറാഖ് പാരാമിലിറ്ററി കേന്ദ്രത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന് (പിഎംഎഫ്) നേരെയായിരുന്നു ആക്രമണം. ഇറാഖ് സൈന്യത്തിന്റെ ഭാഗമാണെങ്കിലും ഇറാന്‍ അനുകൂലമാണ് ഭൂരിഭാഗവും. ഇവര്‍ യുഎസ് സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്നുണ്ട്. ഇറാഖിലെ നാറ്റോ സഖ്യത്തെ തിരിച്ചടി ഭയന്ന് നേരത്തെ പിന്‍വലിച്ചിരുന്നു.

അതിനിടെ, ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും ഇറാനിലും ഇസ്രായേലിലും വ്യാപക ആക്രമണം തുടരുകയാണ്. ഇറാനില്‍ ഭരണ സിരാകേന്ദ്രങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലും ആക്രമണം നടന്നു. തെഹ്‌റാനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1500 കടന്നു, 18,551 പേര്‍ക്കാണ് പരിക്കേറ്റത്.

ഇസ്രായേലിലേക്ക് ഇറാന്‍ കനത്ത വ്യോമാക്രമണം നടത്തി. വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തെല്‍ അവിവ്, ഏലിയാത്ത്, വടക്കന്‍ ഇസ്രായേല്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണവും തുടരുകയാണ്. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു.

ലബനനില്‍ ഇസ്രായേല്‍ വ്യാപക ആക്രമണം തുടരുകയാണ്. ഇതേ തുടര്‍ന്ന് ജനങ്ങളുടെ കൂട്ട പലായനം നടക്കുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 പിന്നിട്ടു. മൂവായിരത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഇറാന് പിന്തുണയുമായുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ലബനനില്‍ നിന്നും ഇറാന്‍ സ്ഥാനപതിയെ പുറത്താക്കിയിരിക്കുകയാണ്. ഹിസ്ബുല്ലക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ ചൂണ്ടിക്കാട്ടിയാണ് നടപടി. ഹിസ്ബുല്ലയെ ഇല്ലാതാക്കാതെ ലബനനില്‍ ആക്രമണം നിര്‍ത്തില്ലെന്നാണ് ഇസ്രായേല്‍ നിലപാട്.

TAGS :

Next Story