ഇൻസ്റ്റഗ്രാം ഫീഡിൽ ഈ കുട്ടി പെൻഗ്വിനാണോ? ചില്ലറക്കാരനല്ല, പിന്നിലൊരു രഹസ്യമുണ്ട്
2007-ൽ ഇന്റർനെറ്റിൽ തരംഗമായ പഴയൊരു വീഡിയോയാണ് പതിനേഴ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു 'ഗംഭീര തിരിച്ചുവരവ്' നടത്തിയിരിക്കുന്നത്

- Published:
23 Jan 2026 5:28 PM IST

ഇൻസ്റ്റഗ്രാം തുറന്നാൽ മഞ്ഞിലൂടെ ആത്മവിശ്വാസത്തോടെ നടന്നുനീങ്ങുന്ന കുട്ടി പെൻഗ്വിന്റെ വീഡിയോയാണോ? ചിലരെങ്കിലും ഇതെന്താണെന്നറിയാതെ ചിന്തിച്ചിരുന്നിട്ടുണ്ടാകുമല്ലേ. 2007-ൽ ഇന്റർനെറ്റിൽ തരംഗമായ പഴയൊരു വീഡിയോയാണ് പതിനേഴ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു 'ഗംഭീര തിരിച്ചുവരവ്' നടത്തിയിരിക്കുന്നത്. വെറുമൊരു പഴയ വീഡിയോ എന്നതിലുപരി, ജെൻസിക്ക് വലിയൊരു ജീവിതപാഠം നൽകുന്ന ഒരു പ്രതീകമായി ഈ കുഞ്ഞൻ പെൻഗ്വിൻ മാറിയിരിക്കുന്നു എന്നതാണ് അത്ഭുതകരമായ വസ്തുത. കുട്ടി പെൻഗ്വിനെക്കണ്ട് പ്രചോദനം ഉൾക്കൊണ്ടവരും, ആത്മവിശ്വാസം കൂടിയവരുമടക്കം നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരുക്കുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ ഈ പെൻഗ്വിന്റെ പുറകെയാണ്!
എന്താണ് ഈ പെൻഗ്വിനെ ഇത്ര പ്രത്യേകതയുള്ളതാക്കുന്നതെന്നല്ലേ? ഒരുകൂട്ടം പെൻഗ്വിനുകൾ ഒന്നിച്ച് കടൽ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ നിന്നാണ് കുഞ്ഞു പെൻഗ്വിൻ ഒന്നു നിർത്തി മാറി നടക്കാൻ തുടങ്ങുന്നത്. തനിക്ക് മരണം സംഭവിച്ചേക്കാവുന്നത്ര അപകടരമായിട്ടുകൂടി പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മഞ്ഞുമല ലക്ഷ്യമാക്കി നടന്നുനീങ്ങുകയായിരുന്നു. വെളുത്ത മഞ്ഞിലൂടെ ആത്മവിശ്വാസത്തോടെ നടന്നുനീങ്ങുന്ന ആ കുഞ്ഞു പെൻഗ്വിൻ ഇടയ്ക്ക് ഒന്നു തെന്നിവീഴുന്നുണ്ട്. എന്നാൽ വീഴ്ചയിൽ തളരാതെ, ഒന്നും സംഭവിക്കാത്ത മട്ടിൽ ഉടൻതന്നെ എഴുന്നേറ്റ് തന്റെ യാത്ര തുടരുന്ന ആ ദൃശ്യമാണ് ആളുകളുടെ ഹൃദയം കീഴടക്കിയത്. 'വീണാലും എഴുന്നേൽക്കുക, ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുക' എന്ന ലളിതമായ പാഠമാണ് ഈ ചെറിയ വീഡിയോ നൽകുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു പരാജയങ്ങളിൽ തളർന്നുപോകുന്നവർക്ക് ഈ പെൻഗ്വിൻ ഒരു വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ന് ഈ പെൻഗ്വിൻ ഒരു 'ഐക്കൺ' ആണ്. പലരും തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഈ പെൻഗ്വിന്റെ ആത്മവിശ്വാസത്തെ മാതൃകയാക്കുന്നു. '2007-ലെ ആ പെൻഗ്വിൻ ഇപ്പോഴും നമ്മെ പഠിപ്പിക്കുന്നത് ഒന്നുമാത്രമാണ്: വീഴുന്നത് സ്വാഭാവികമാണ്, പക്ഷേ എഴുന്നേറ്റ് മുന്നോട്ട് പോകുന്നതിലാണ് കാര്യം' എന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ പങ്കുവെക്കപ്പെടുന്നത്. ഓരോ തവണ വീഴുമ്പോഴും കൂടുതൽ കരുത്തോടെ തിരികെ വരാൻ ഈ കുഞ്ഞൻ പക്ഷി നമുക്ക് ധൈര്യം നൽകുന്നുവെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.
ചുരുക്കത്തിൽ, സാങ്കേതികവിദ്യയും കാലവും എത്ര മാറിയാലും ചില കാര്യങ്ങൾ എന്നും പ്രസക്തമായി തുടരും എന്നതിന്റെ തെളിവാണ് ഈ പെൻഗ്വിൻ തരംഗം. വിരൽത്തുമ്പിലെ വിനോദങ്ങൾക്കപ്പുറം, ജീവിതത്തെ പോസിറ്റീവായി കാണാൻ പ്രേരിപ്പിക്കുന്ന ഇത്തരം കുഞ്ഞു കാര്യങ്ങളാണ് ഇന്റർനെറ്റിനെ ഇന്നും മനോഹരമാക്കുന്നത്. അതുകൊണ്ട് ഇനി ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്ന് കാലിടറിയാൽ, 2007-ലെ ആ പെൻഗ്വിനെ ഒന്ന് ഓർക്കുക; എന്നിട്ട് ആത്മവിശ്വാസത്തോടെ എഴുന്നേറ്റ് മുന്നോട്ട് നടക്കുക!
Adjust Story Font
16
