ഔദ്യോഗിക സൈന്യമുണ്ടായിട്ടും രാജ്യം ഭരിക്കുന്ന ഐആർജിസി; ഇറാൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സമാന്തര സൈന്യം
ആധുനിക പശ്ചിമേഷ്യയുടെ രാഷ്ട്രീയ-സൈനിക ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സമാന്തര സൈനിക വിഭാഗമാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അഥവാ ഐആർജിസി

- Published:
11 March 2026 4:45 PM IST

തെഹ്‌റാൻ: ആധുനിക പശ്ചിമേഷ്യയുടെ രാഷ്ട്രീയ-സൈനിക ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സമാന്തര സൈനിക വിഭാഗമാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അഥവാ ഐആർജിസി (IRGC). 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഈ സേന, ഇന്ന് ഇറാനിലെ ഔദ്യോഗിക സൈന്യത്തേക്കാൾ കൂടുതൽ അധികാരവും, ആയുധശേഷിയും, സാമ്പത്തിക സ്വാധീനവും കൈയാളുന്നു. ഇറാനിൽ അതിർത്തികൾ സംരക്ഷിക്കാൻ 'ആർതേഷ്' (Artesh) എന്ന ഔദ്യോഗിക സൈന്യമുണ്ടെങ്കിലും 1979ൽ ഷാ ഭരണകൂടത്തെ താഴെയിറക്കി അധികാരത്തിൽ വന്ന ആയത്തുല്ല ഖുമൈനിക്കും അനുയായികൾക്കും മുൻ ഭരണകൂടത്തോട് കൂറുണ്ടായിരുന്ന ഈ സൈന്യത്തെ വിശ്വാസമില്ലായിരുന്നു.
ഷായുടെ കാലത്ത് പാശ്ചാത്യ രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, പാശ്ചാത്യ സൈനിക പരിശീലനവും പ്രത്യയശാസ്ത്രവും സ്വാംശീകരിച്ച ഉദ്യോഗസ്ഥരായിരുന്നു ഔദ്യോഗിക സൈന്യത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. ഇത്തരമൊരു സൈന്യം ഏതുനിമിഷവും ഒരു സൈനിക അട്ടിമറിയിലൂടെ വിപ്ലവ സർക്കാരിനെ താഴെയിറക്കാൻ സാധ്യതയുണ്ടെന്ന ന്യായമായ കാരണമാണ് ഐആർജിസിയുടെ പിറവിക്ക് പിന്നിൽ. ഇന്ന് രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുക എന്ന ദൗത്യം ഔദ്യോഗിക സൈന്യത്തിനും, രാജ്യത്തിന്റെ ഇസ്‌ലാമിക വ്യവസ്ഥിതിയെയും ഭരണകൂടത്തെയും ആഭ്യന്തര-ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുക എന്ന ദൗത്യം ഐആർജിസിക്കുമാണ്.
1979ൽ വിപ്ലവത്തിന് ശേഷം റൂഹുല്ല ഖുമൈനി പാരിസിൽ നിന്ന് തെഹ്‌റാനിലേക്ക് മടങ്ങിയെത്തി ദിവസങ്ങൾക്കകം, മെഹ്ദി ബസർഗാന്റെ ഇടക്കാല ഭരണകൂടം ഇതിനായുള്ള നീക്കങ്ങൾ ആരംഭിക്കുകയും 1979 മെയ് 5ന് ഖുമൈനിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഐആർജിസി ഔദ്യോഗികമായി രൂപീകരിക്കുകയും ചെയ്തു. എന്നാൽ 1980കളിൽ ആരംഭിച്ച എട്ടു വർഷം നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധം ഐആർജിസിയുടെ സ്വഭാവവും ഘടനയും പൂർണമായും മാറ്റിമറിച്ചു. യുദ്ധമുഖത്ത് പരമ്പരാഗത സൈന്യത്തിനൊപ്പം നിന്ന് പോരാടിയ ഐആർജിസി, കേവലം ഒരു ആഭ്യന്തര സുരക്ഷാ സേന എന്ന നിലയിൽ നിന്ന് മാറി, സമാന്തരമായി സ്വന്തം സൈനിക ഘടനകളും, ആയുധപ്പുരകളും, വ്യോമ-നാവിക വിഭാഗങ്ങളും വികസിപ്പിക്കുകയും യുദ്ധാനന്തരം ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഏറ്റവും ശക്തമായ തൂണായി പരിണമിക്കുകയും ചെയ്തു.
സംഘടനാ ഘടനയും പ്രവർത്തനങ്ങളും
അമേരിക്കയോടും ഇസ്രായേലിനോടും നേരിട്ട് ഏറ്റുമുട്ടുന്നതിന് പര്യാപ്തമായ രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഐആർജിസിക്ക് കരസേന, നാവികസേന, വ്യോമ-ബഹിരാകാശ സേന, ഖുദ്‌സ് ഫോഴ്സ് (Quds Force), ബാസിജ് (Basij) മിലിഷ്യ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളാണുള്ളത്.
ജനറൽ മുഹമ്മദ് കറാമിയുടെ നേതൃത്വത്തിലുള്ള കരസേനക്ക് ഏകദേശം 150,000ത്തിലധികം സൈനികരുണ്ട്. ഇറാന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ രാജ്യത്തുടനീളമുള്ള 31 പ്രവിശ്യകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗത കരസേന അതിർത്തി കാക്കുമ്പോൾ, ഐആർജിസി കരസേന രാജ്യത്തിനകത്തെ ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്തുക, അതിർത്തികളിലെ കള്ളക്കടത്ത് തടയുക, നിയമപാലനം ഉറപ്പാക്കുക എന്നീ ചുമതലകൾ നിർവ്വഹിക്കുന്നു. 1979-ലെ കുർദിഷ് കലാപം മുതൽ സിസ്താൻ-ബലൂചിസ്ഥാൻ മേഖലയിലെ വിഘടനവാദ ഗ്രൂപ്പുകളെ നേരിടുന്നതിൽ വരെ ഇവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ജനറൽ മുഹമ്മദ് കറാമി
ഇറാന്റെ ഏറ്റവും മാരകമായ ആയുധശേഖരമായ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെയും അത്യാധുനിക ഡ്രോൺ സംവിധാനങ്ങളുടെയും പൂർണ നിയന്ത്രണം ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സിനാണ്. അമീർ അലി ഹാജിസാദെയുടെ നേതൃത്വത്തിലുള്ള ഈ വിഭാഗം, പ്രതിരോധ-ആക്രമണ പ്രവർത്തനങ്ങൾക്കായി ഫത്തേഹ് (Fateh), ഖിയാം (Qiam) തുടങ്ങിയ നൂതന ബാലിസ്റ്റിക് മിസൈലുകളും, ഖാദർ, ഹോർമുസ്-1, ഹോർമുസ്-2 തുടങ്ങിയ റഡാർ-വേധ കപ്പൽ-വേധ മിസൈലുകളും വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്ക് 300 മുതൽ 2000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്, ഇത് പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളെയും ഇസ്രായേലിനെയും നേരിട്ട് ആക്രമിക്കാൻ പര്യാപ്തമാണ്.
അമീർ അലി ഹാജിസാദെ
ഇറാന്റെ ഔദ്യോഗിക നാവികസേന അറബിക്കടലിലും കാസ്പിയൻ കടലിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഐആർജിസി നാവികസേനയുടെ പ്രധാന പ്രവർത്തന മേഖല പേർഷ്യൻ ഗൾഫും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമാണ്. ഒരു യഥാർത്ഥ നാവികസേന എന്നതിലുപരി ഒരു സായുധ കോസ്റ്റ് ഗാർഡ് ആയാണ് ഇവർ പ്രവർത്തിക്കുന്നത്. കമാൻഡർ അലിറെസ തങ്‌സിരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സേനയ്ക്ക് ഏകദേശം 20,000 സജീവ സൈനികരുണ്ട്.
അലിറെസ തങ്‌സിരി
ഇറാന്റെ അതിർത്തികൾക്ക് പുറത്ത് സൈനിക നീക്കങ്ങളും പ്രോക്സി യുദ്ധങ്ങളും നടത്തുന്നത് ഖുദ്സ് ഫോഴ്സാണ്. ലെബനാനിലെ ഹിസ്ബുല്ല, ഗസ്സയിലെ ഹമാസ്, യമനിലെ ഹൂതികൾ തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും നൽകുന്നത് ഖുദ്‌സ് ഫോഴ്സാണ്. രാജ്യത്തിനകത്തെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും, ഇസ്‌ലാമിക സദാചാര നിയമങ്ങൾ നടപ്പിലാക്കുന്നതിലും മുന്നിൽ നിൽക്കുന്ന അർധസൈനിക വിഭാഗമാണ് ബാസിജ് മിലിഷ്യ. .
പരമ്പരാഗത സൈനിക രീതികൾക്ക് പുറമെ ആധുനിക വെല്ലുവിളികൾ നേരിടാൻ ഐആർജിസി മൂന്ന് പ്രധാന പ്രത്യേക വിഭാഗങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കായി 2022ൽ രൂപീകരിച്ച ന്യൂക്ലിയർ പ്രൊട്ടക്ഷൻ കമാൻഡ്, സൈബർ യുദ്ധമുറകളിലൂടെയും വിവരശേഖരണത്തിലൂടെയും ശത്രുരാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ലക്ഷ്യമിടുന്ന സൈബർ സെക്യൂരിറ്റി കമാൻഡ്, ആഭ്യന്തര സുരക്ഷയും ചാരപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന മുഹമ്മദ് കാസിമിയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് ഓർഗനൈസേഷൻ എന്നിവയാണ് ഇവ. ഇറാനിലെ തന്ത്രപ്രധാനമായ ആസ്തികളുടെ സംരക്ഷണത്തോടൊപ്പം വിദേശ രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങളും രഹസ്യ ഓപ്പറേഷനുകളും നടത്താൻ ഈ വിഭാഗങ്ങൾ സജ്ജമാണ്.
ഐആർജിസിയുടെ 'മൊസൈക്ക് ഡിഫൻസ്' തന്ത്രം
2025-2026 കാലഘട്ടത്തിൽ അമേരിക്കയും ഇസ്രായേലും സംയുകതമായി നടത്തിയ ആക്രമണത്തിൽ ഐആർജിസിയുടെ കേന്ദ്ര നേതൃത്വത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. 2026 ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള ഉന്നത നേതൃനിര തന്നെ കൊല്ലപ്പെട്ടു. എന്നാൽ ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാൻ ഐആർജിസി നേരത്തെ തന്നെ 'മൊസൈക്ക് ഡിഫൻസ്' (Mosaic Defense) എന്ന വികേന്ദ്രീകൃത പ്രതിരോധ തന്ത്രം ആവിഷ്കരിച്ചിരുന്നു. കേന്ദ്ര നേതൃത്വം തകർന്നാലും ഇറാന്റെ 31 പ്രവിശ്യകളിലുള്ള ഐആർജിസി യൂണിറ്റുകൾക്ക് സ്വതന്ത്രമായി ആക്രമണങ്ങൾ തുടരാൻ ഈ തന്ത്രം അവരെ സഹായിക്കുന്നു. 2001ൽ അഫ്ഗാനിസ്താനിലെ, 2003ൽ ഇറാഖിലും അമേരിക്ക നടത്തിയ അധിനിവേശങ്ങളിൽ ശത്രുക്കളുടെ കേന്ദ്രീകൃത സൈനിക സംവിധാനങ്ങൾ അതിവേഗം തകർന്നടിഞ്ഞത് സൂക്ഷ്മമായി നിരീക്ഷിച്ച ഐആർജിസി നേതൃത്വം, ആ പാഠങ്ങളിൽ നിന്നാണ് ഈ സിദ്ധാന്തം വികസിപ്പിച്ചെടുത്തത്.
സാധാരണയായി ഒരു രാജ്യത്തിന്റെ സൈന്യം പ്രവർത്തിക്കുന്നത് കേന്ദ്രീകൃതമായ ഹൈറാർക്കിക്കൽ കമാൻഡ് സിസ്റ്റത്തിലൂടെയാണ് (Centralized command). തലസ്ഥാനത്ത് നിന്ന് ഉത്തരവുകൾ ലഭിച്ചാൽ മാത്രമേ താഴേത്തട്ടിലുള്ള സൈനികർ ആക്രമണം നടത്തുകയുള്ളൂ. അമേരിക്കയുടെ 'ഡീകാപ്പിറ്റേഷൻ സ്ട്രാറ്റജി' (Decapitation strategy) അഥവാ തലപ്പത്തുള്ള നേതാക്കളെയും കമാൻഡ് സെന്ററുകളെയും ഒറ്റയടിക്ക് ഇല്ലാതാക്കുന്ന തന്ത്രം ഇറാഖിലെ സദ്ദാം ഹുസൈന്റെ സൈന്യത്തെ നാമാവശേഷമാക്കി. ഇത് തടയുന്നതിനായി, മൊസൈക്ക് ഡിഫൻസ് പ്രകാരം ഐആർജിസി തങ്ങളുടെ അധികാരവും സൈനിക ശേഷിയും ഇറാന്റെ 31 പ്രവിശ്യകളിലായി പൂർണമായും വികേന്ദ്രീകരിച്ചു (Decentralized structure).
സാമ്പത്തിക സാമ്രാജ്യം: ബോന്യാദുകളും ബിസിനസ് ശൃംഖലകളും
ഐആർജിസി കേവലം ഒരു സായുധ സേന മാത്രമല്ല. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെയും വാണിജ്യത്തിന്റെയും സിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഒരു ഭീമൻ വ്യവസായ സാമ്രാജ്യം കൂടിയാണ്. ഇറാൻ ഭരണഘടനയുടെ 147-ാം അനുച്ഛേദം, സമാധാന കാലത്ത് സൈനിക ശേഷിയും ഉപകരണങ്ങളും രാജ്യത്തിന്റെ വികസന-ഉൽപ്പാദന ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സർക്കാരിനെ അനുവദിക്കുന്നുണ്ട്. ഈ ഭരണഘടനാ വകുപ്പിനെ മറയാക്കിയാണ് ഐആർജിസി തങ്ങളുടെ ബൃഹത്തായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനം മുതൽ 50 ശതമാനം വരെ ഐആർജിസിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള നിയന്ത്രണത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് ഈ ബിസിനസ് ശൃംഖലകളിലൂടെയാണ്.
അലി ഖാംനഈയുടെ മരണശേഷം അദേഹത്തിന്റെ മകൻ മുജ്തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിന് പിന്നിൽ പ്രവർത്തിച്ചത് ഐആർജിസിയുടെ സമ്മർദമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിലൂടെ ഇറാന്റെ യഥാർഥ നിയന്ത്രണം പൂർണമായും ഐആർജിസിയുടെ കൈകളിലാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ചുരുക്കത്തിൽ, ഭരണകൂടത്തെ സംരക്ഷിക്കാൻ രൂപീകരിച്ച ഐആർജിസി കാലക്രമേണ ഇറാനിലെ യഥാർത്ഥ ഭരണകൂടമായി തന്നെ മാറിയിരിക്കുന്നു.
Adjust Story Font
16
