Quantcast

യുഎസ് എതിർപ്പ്; കിഴക്കൻ ജറൂസലമിലെ പുതിയ കുടിയേറ്റ പദ്ധതികൾ നിർത്തിവച്ച് ഇസ്രായേൽ

ഫലസ്തീനിൽനിന്ന് ജറൂസലമിനെ പൂർണമായും വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കുടിയേറ്റ പദ്ധതിയെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-07 10:23:09.0

Published:

7 Dec 2021 10:22 AM GMT

യുഎസ് എതിർപ്പ്; കിഴക്കൻ ജറൂസലമിലെ പുതിയ കുടിയേറ്റ പദ്ധതികൾ നിർത്തിവച്ച് ഇസ്രായേൽ
X

അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ പുതിയ കുടിയേറ്റ പദ്ധതികൾക്കു നല്‍കിയ അനുമതി ഇസ്രായേൽ അധികൃതർ താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎസ് വിമർശനത്തിനു പിറകെയാണ് ഇസ്രായേൽ ആസൂത്രണ സമിതിയുടെ നടപടി. പുതിയ കുടിയേറ്റ നീക്കത്തില്‍ ആശങ്കയുമായി ഫലസ്തീനും രംഗത്തെത്തിയിരുന്നു.

പുതുതായി 9,000 ജൂതകുടുംബങ്ങൾക്കുകൂടി ഭവനങ്ങൾ നിർമിക്കാൻ അനുമതി നൽകാനായിരുന്നു പദ്ധതി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ കൂടുതൽ നിയന്ത്രണമുറപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ നിർണായക നീക്കമായിരുന്നു ഇത്. പദ്ധതിക്ക് കഴിഞ്ഞ മാസം ഔദ്യോഗിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ, പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ജറൂസലം ജില്ലാ ആസൂത്രണ, കെട്ടിട നിർമാണ സമിതി. കൂടുതൽ പാരിസ്ഥിതിക പഠനം ആവശ്യമുള്ളതിനാലാണ് തീരുമാനമെന്നാണ് ഇസ്രായേൽ ആസൂത്രണ വകുപ്പ് അറിയിച്ചത്. എത്രകാലത്തേക്കാണ് പദ്ധതികൾ നിർത്തിവച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

കിഴക്കൻ ജറൂസലമിനും വെസ്റ്റ്ബാങ്കിലെ റാമല്ലയ്ക്കുമിടയിലുള്ള പുതിയ കുടിയേറ്റ നീക്കം ഫലസ്തീൻരാഷ്ട്രമെന്ന ആവശ്യത്തിനു തന്നെ വൻതിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ കുടിയേറ്റ നീക്കത്തെ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഫലസ്തീനിൽനിന്ന് ജറൂസലമിനെ പൂർണമായും വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കുടിയേറ്റ പദ്ധതിയെന്ന് മന്ത്രാലയം വിമർശിച്ചു.

ഞായറാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ വിളിച്ചാണ് പുതിയ കുടിയേറ്റനീക്കത്തിൽ എതിർപ്പറിയിച്ചത്. ഏകപക്ഷീയമായ നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. പുതിയ കുടിയേറ്റനീക്കങ്ങളുമായി മുന്നോട്ടുപോകുന്നത് ദ്വിരാഷ്ട്ര പരിഹാരശ്രമങ്ങൾക്കുള്ള ശ്രമങ്ങൾക്കെല്ലാം തിരിച്ചടിയാകുമെന്നും അദ്ദേഹം ബെന്നറ്റിനോട് പറഞ്ഞു.

1967ൽ അറബ് രാജ്യങ്ങളുമായുള്ള യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കിന്റെയും കിഴക്കൻ ജറൂസലമിന്റെയും നിയന്ത്രണം ഇസ്രായേൽ പിടിച്ചടക്കിയത്. എന്നാൽ, വെസ്റ്റ്ബാങ്കും ഗസ്സയും പ്രധാനനഗരങ്ങളായും കിഴക്കൻ ജറൂസലം തലസ്ഥാനമായുമുള്ള പുതിയ രാഷ്ട്രമാണ് ഫലസ്തീനികളുടെ ഏറെനാളായുള്ള ആവശ്യം.

Summary: An Israeli state planning committee delayed granting further approval of a major settlement project in East Jerusalem that has drawn U.S and Palestinian concern

TAGS :

Next Story