ഗസ്സയിൽ ഭക്ഷണവിതരണ കേന്ദ്രങ്ങളിലടക്കം കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; ഇന്നലെ കൊന്നുതള്ളിയത് 65 പേരെ
പട്ടിണി കാരണം ഗസ്സയിൽ 3 പേര്‍ കൂടി മരിച്ചു

തെൽ അവിവ്: ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. സഹായം തേടിയെത്തിയ 36 പേരുൾപ്പെടെ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത് 65 പേരെയാണ്. പട്ടിണി കാരണം ഗസ്സയിൽ 3 പേര്‍ കൂടി മരിച്ചു.
അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫിന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെ സന്ദർശനത്തിനിടയിലും സഹായം തേടിയെത്തിയവരെ ഗസ്സയിൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ. സഹായം തേടി വന്ന 36 പേരുൾപ്പെടെ 65 ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. പട്ടിണിയും പോഷകാഹാര കുറവും മൂലം രണ്ട് കുട്ടികൾ ഉൾപ്പെടെ 3 പേർ കൂടി ഗസ്സയിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഗസ്സയിൽ പട്ടിണിക്കൊലക്ക് ഇരയായവരുടെ എണ്ണം 162 ആയി.
യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫും ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ മൈക് ഹക്കബീയും ഗസ്സ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനം പ്രഹസനമായി. ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ കാണാൻ പോലും കൂട്ടാക്കാതെ യുഎസ്-ഇസ്രായേൽ സംയുക്ത പദ്ധതിയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ വിതരണ കേന്ദ്രങ്ങളിലായി അഞ്ച് മണിക്കൂർ ചെലവിട്ട് മടങ്ങുകയായിരുന്നു സംഘം. വെറും മാധ്യമ സ്റ്റണ്ട് എന്നതിനപ്പുറം സന്ദർശനത്തിൽ കാര്യമില്ലെന്ന് ഫലസ്തീനികൾ പരാതിപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റിനെ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്ന് സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു. ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.എല്ലാ അതിർത്തികളും തുറന്ന് വിലക്കുകളില്ലാതെയുള്ള സഹായവും കുറ്റമറ്റ വിതരണവും നടത്തുന്നതിലൂടെ മാത്രമേ ഗസ്സയെ പിടിമുറുക്കിയ പട്ടിണി മറികടക്കാൻ കഴിയൂ എന്ന് 'യുനർവ' ഏജൻസി ആവശ്യപ്പെട്ടു.
റഫ അതിർത്തി വഴി പരിമിത ട്രക്കുകൾ മാത്രമാണ് ഇസ്രായേൽ അനുവദിക്കുന്നത്. അതിനിടെ, യെമനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം ഇസ്രായേലിൽ വീണ്ടും ഭീതി പടർത്തി. ഇന്നലെ രാത്രി മണിക്കൂറുകളാണ് ഇസ്രായേൽ ജനത ബങ്കറുകളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നത്.
Adjust Story Font
16

