എട്ടുമാസം ഗർഭിണിയെയടക്കം കൊന്നുതള്ളി; വെസ്റ്റ് ബാങ്കിൽ നടപടി ശക്തമാക്കി ഇസ്രയേൽ
രണ്ടുതവണ ആംബുലൻസ് എത്തിയെങ്കിലും പരിക്കേറ്റവരുടെ അടുത്തേക്ക് പോകാൻ പോലും സൈന്യം അനുവദിച്ചില്ല.

എട്ട് മാസം ഗർഭിണിയായ 23കാരിയെ കൊലപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം... റിപ്പോർട്ട് പുറത്ത് വരുന്നത് വെസ്റ്റ് ബാങ്കിൽ നിന്നാണ്. ഗസ്സ കഴിഞ്ഞു, 15 മാസം കൊണ്ട് കൊന്നുതള്ളാവുന്ന മനുഷ്യരെയെല്ലാം കൊന്നുതള്ളി.. കളിചിരികളുടെ പ്രായത്തിൽ ജീവൻ നഷ്‌ടപ്പെട്ടും അംഗഭംഗം വന്നും അനാഥരായും നിരവധി കുഞ്ഞുങ്ങൾ.. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും അടക്കം ഭൂരിഭാഗം കെട്ടിടങ്ങളും തകർത്ത് തരിപ്പണമാക്കി... അടുത്ത ലക്ഷ്യം വെസ്റ്റ് ബാങ്കാണ്..
വെസ്റ്റ് ബാങ്കിൽ സാധാരണക്കാരായ ഫലസ്‌തീനികളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യത്തിന്റെ നടപടികൾ അതിശക്തമായി തുടരുകയാണ്. നൂർ ഷാംസ് അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്‌ഡിനിടെ രണ്ട് ഫലസ്‌തീൻ യുവതികളെ വെടിവെച്ചുകൊന്നു. കൊല്ലപ്പെടുമ്പോൾ 23കാരിയായ സുന്ദോസ് ജമാൽ മുഹമ്മദ് ഷലാബി എട്ട് മാസം ഗർഭിണിയായിരുന്നു. റഹാഫ് ഫൗദ് അബ്ദുല്ല അൽ- അഷ്‌കർ എന്ന 21കാരിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
പ്രദേശത്ത് തീവ്രവാദികൾ കയറിക്കൂടിയിട്ടുണ്ടെന്ന് പറഞ്ഞാണ് സാധാരണക്കാരുടെ വീടുകളിലേക്ക് വാതിലുകൾ തല്ലിത്തകർത്ത് ഇസ്രായേൽ സൈന്യം കടന്നുകയറിയത്. ടാങ്കറുകളും ബുൾഡോസറുകളുമായി എത്തിയ സൈന്യത്തെ പേടിച്ച് നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിന് കിഴക്കുള്ള അൽ-മൻഷിയയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു സുന്ദോസ് ജമാലും കുടുംബവും. വീടിന് പുറത്തിറങ്ങിയപ്പോഴേക്ക് ഇവർക്ക് നേരെ വെടിവെപ്പുണ്ടായി. സുന്ദോസിനും ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. അയൽവാസികൾ ഓടിയെത്തി വീടുകൾക്കുള്ളിലേക്ക് മാറ്റിയതിനാൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ തലനാരിഴക്ക് രക്ഷപെട്ടു.
വെടിയേറ്റ് വീണ് പിടഞ്ഞ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റാനും ഇസ്രായേൽ സൈന്യം അനുവദിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫെബ്രുവരി ഒൻപത് ഞായറാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം. രണ്ടുതവണ ആംബുലൻസ് എത്തിയെങ്കിലും പരിക്കേറ്റവരുടെ അടുത്തേക്ക് പോകാൻ പോലും സൈന്യം അനുവദിച്ചില്ല. എട്ട് മാസം ഗർഭിണിയായ സുന്ദോസ് അപ്പോഴേക്കും ചോരവാർന്ന് മരിച്ചിരുന്നു. ഇസ്രായേൽ സൈന്യം ഇതിനോടകം ഉപരോധിച്ച തബെത് സർക്കാർ ആശുപത്രിയിലേക്കാണ് സുന്ദോസിനെയും ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെയും കൊണ്ടുപോയത്. സുന്ദോസിന്റെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ആ കുഞ്ഞും ഉദരത്തിൽ വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
വംശഹത്യ, കുട്ടികളെ കൊലപ്പെടുത്തുക, നിർബന്ധിത പലായനം ഇങ്ങനെ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ വെസ്റ്റ് ബാങ്കിലും ആവർത്തിക്കുകയാണ് ഇസ്രായേൽ. തുൽകാർമിന് കിഴക്കുള്ള ക്യാമ്പിൽ വെച്ചാണ് 21 വയസ്സുള്ള റഹാഫ് ഫൗദ് അബ്ദുല്ല എന്ന യുവതിയെ സൈന്യം വെടിവെച്ചുകൊന്നത്. ഒരു തീവ്രവാദിയെ കണ്ടെത്താൻ സൈന്യം വീട് പരിശോധിക്കുകയാണെന്നും ആളുകൾ പുറത്തുപോകണമെന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകിയിട്ടും യുവതി പുറത്തുവന്നില്ലെന്നും തുടർന്ന് വാതിൽ തകർത്തപ്പോൾ ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു എന്നുമാണ് ഇസ്രായേലിന്റെ ന്യായം. സാധാരണക്കാർക്ക് സംഭവിച്ച നാശനഷ്ടങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത് തടയാൻ ശ്രമിക്കുന്നതായും സൈന്യം പറഞ്ഞു.
ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് പരുക്കേറ്റവർക്കു വൈദ്യസഹായവുമായി രംഗത്തുള്ളത്. ഇവരെ സൈന്യം തടയുന്നതു പതിവാണ്.
കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിൽ നിന്ന് നിലവിളികൾ ഉയരുന്നത്. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിൻമാറ്റം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ തുൾകരീം മേഖലയിലാണ് നൂർ ഷാംസ് അഭയാർഥി ക്യാംപ്. ജെനിൻ, തുൾകരീമിലെ ക്യാംപുകൾ, തുബാസ് ഗവർണറേറ്റിലെ ഫാറാ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചും ഇസ്രായേൽ നടപടി തുടരുന്നു. ഭീകരർക്കായുള്ള റെയ്‌ഡുകളെന്ന പേരിൽ വെസ്റ്റ് ബാങ്കിലെ വടക്കൻ മേഖലകളിലെ പരിശോധനകളും വെടിവെപ്പും വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 26,000 ഫലസ്‌തീനികൾ ഇവിടെനിന്നു പലായനം ചെയ്‌തിരുന്നു. ഇസ്രായേൽ ഫലസ്‌തീന്റെ നിലനിൽപ്പ് ഇല്ലാതാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യങ്ങളാണ് അന്താരാഷ്ട്രതലത്തിൽ ഉയരുന്നത്.
നൂർ ഷാംസിൽ വെടിവെപ്പും സ്ഫോടനങ്ങളും നടന്നതായി പ്രദേശവാസികൾ പറയുന്നു. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. . ജനുവരി 21ന് ഇസ്രായേലി സൈന്യവും പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും ജെനിനിൽ ഭീകരവിരുദ്ധ പ്രവർത്തനം എന്നപേരിൽ ഒരു സൈനിക നടപടി ആരംഭിച്ചിരുന്നു. നടപടിയിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായും സംശയം തോന്നുന്നവരെ കസ്റ്റഡിയിൽ എടുത്തതായും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം സാധാരണക്കാരുടെ കൊലപാതകമാണ് തുറന്നുകാട്ടുന്നത്.
സ്വന്തം മണ്ണിനായി പതിറ്റാണ്ടുകളായി ഫലസ്‌തീനികൾ അനുഭവിക്കുന്ന യാതനകൾക്ക് അവസാനമാകുന്നില്ല. ഇസ്രയേലിനുള്ളിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി ചുരുങ്ങിപ്പോയിരിക്കുകയാണ് അവരുടെ നാട്. ഗസ്സയിൽ ബോംബ് വീഴാത്ത ഒരിടം പോലും ബാക്കിയില്ല. സമാന അവസ്ഥയിലേക്കാണോ അധിനിവേശ വെസ്റ്റ് ബാങ്ക് കടക്കുന്നത്. വെസ്റ്റ് ബാങ്കിലെ ടുബാസിന് തെക്കുള്ള അഭയാർത്ഥി ക്യാമ്പിന്റെ ഉപരോധം എട്ടാം ദിവസവും തുടരുകയാണ് ഇസ്രായേൽ.
ഹംറ ചെക്ക്‌പോസ്റ്റിൽ നിന്ന് ഫറ ക്യാമ്പിലേക്ക് കൂടുതൽ സൈനികരെ ഇസ്രായേൽ വിന്യസിച്ചതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം ജനങ്ങളുടെ സ്വത്തുക്കളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയാണെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ വീടുകളിലേക്കാണ് റെയ്‌ഡ് എന്ന പേരിൽ അതിക്രമിച്ചുകയറുന്നത്. ഫെബ്രുവരി എട്ട് ശനിയാഴ്‌ച നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ ഇസ്രായേൽ നിർബന്ധിതരാക്കി. നിരവധി കുടുംബങ്ങൾ സ്‌കൂളുകളിലാണ് അഭയം തേടിയിരിക്കുന്നത്. എട്ട് ഫലസ്‌തീൻ പൗരന്മാരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.
വെസ്റ്റ് ബാങ്കിലെ സൾഫിത്തിനു വടക്കുള്ള മാർദ ഗ്രാമത്തിലേക്കു സൈന്യം കടന്നതായും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതുപോലെ, ഇസ്രയേൽ സൈന്യം നെത്‌സരീം ഇടനാഴിയിൽ നിന്ന് പിൻമാറിയിരുന്നു. കഴിഞ്ഞ 15 മാസമായി ഇസ്രായേൽ സൈനികർ തങ്ങളുടെ താവളമാക്കിരുന്ന ഒരു പ്രദേശമാണ് നെറ്റ്സാരിം ഇടനാഴി. ഈ പ്രദേശം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുന്നു. ഇവിടെ കെട്ടിടങ്ങളൊന്നും അവശേഷിക്കുന്നില്ല. ഈ പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈനികർ നശിപ്പിച്ചു.
നെറ്റ്സാരിം ഇടനാഴിയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് വീടുകളിലേക്ക് മടങ്ങുന്നത് ഇപ്പോൾ അസാധ്യമാണ്. ആളുകൾ തിരിച്ചെത്തിയാലും അവർക്ക് ഒന്നുംതന്നെ ഇവിടെ അവശേഷിക്കുന്നില്ല. കഴിഞ്ഞ മാസം ഗസ്സയിൽ നിലവിൽവന്ന വെടിനിർത്തലിനു ശേഷവും ഫലസ്‌തീനികൾ കൊല്ലപ്പെടുന്നതായി ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതുവരെ 110 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് കടക്കുമ്പോൾ വെസ്റ്റ് ബാങ്കിലെ നടപടികൾ ആശങ്ക ഉയർത്തുകയാണ്. സമാധാനം ശാശ്വതമല്ലേ എന്ന ചോദ്യങ്ങളും ഉയരുന്നു...
Adjust Story Font
16

