ഗസ്സ വെടിനിർത്തൽ: മൂന്നാംഘട്ട ബന്ദി കൈമാറ്റം ആരംഭിച്ചു, കൈമാറ്റങ്ങളിലൊന്ന് യഹിയ സിൻവാറിന്റെ തകര്‍ക്കപ്പെട്ട വീടിന് മുന്നിൽ
മൂന്ന് വനിതാ ബന്ദികളെയും തായ്ലാന്റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറുന്നത്.

ഗസ്സസിറ്റി: ഗസ്സ വെടിനിർത്തൽ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള മൂന്നാമത് ബന്ദി കൈമാറ്റവും ഫലസ്തീനികളെ വിട്ടയക്കലും ആരംഭിച്ചു. മൂന്ന് വനിതാ ബന്ദികളെയും തായ്ലാന്റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളേയുമടക്കം എട്ട് പേരെയാണ് ഹമാസ് ഇന്ന് കൈമാറുക. പകരം ഇസ്രായേല്‍ 30കുട്ടികളടക്കം 110 ഫലസ്തീനികളെയും മോചിപ്പിക്കും.
വനിതാ ഇസ്രായേലി സൈനികയായ, അഗം ബെര്‍ഹറിനെ റെഡ് ക്രോസിന് കൈമാറിയാണ് നടപടികള്‍ ആരംഭിച്ചത്. റെഡ് ക്രോസിന് കൈമാറുന്നതിന് മുമ്പ് വടക്കൻ ഗസ്സയിലെ ജബാലിയയിലെ ഒരു വേദിയിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ അഗം, കൈവീശിക്കാണിക്കുകയും ചെയ്തു.
അതേസമയം രണ്ടിടങ്ങളില്‍ വെച്ചാണ് ഹമാസ് ബന്ദികളെ കൈമാറുന്നത്. ഖാൻ യൂനുസിനിലെ യഹിയ സിൻവാറിന്റെ തകർക്കപ്പെട്ട വീടിന് മുന്നിൽ വെച്ചാണ് ഒരു കൈമാറ്റം. മറ്റൊന്ന് ജബാലിയയില്‍ വെച്ചും.
ബന്ദി കൈമാറ്റത്തിന് മുന്നോടിയായി, കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ വസതിക്ക് മുന്നില്‍ സൈനിക വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഹമാസ് തന്നെ ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ടു. വലിയ ജനക്കൂട്ടം തന്നെയാണ് ഇവിടെ എത്തിയത്. ഹമാസിലെയും ഫലസ്തീൻ ഇസ്ലാമിക് ജിഹാദിലെയും ഡസൻ കണക്കിന് അംഗങ്ങൾ അവരുടെ സൈനിക യൂണിഫോമിൽ ഇവിടെയുണ്ട്.
തന്റെ അവസാന നിമിഷങ്ങള്‍ സിന്‍വാര്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. അവസാന ശ്വാസം വരെയും അധിനിവേശ സേനയോട് പെരുതിയ സിന്‍വാറിന്റെ ഓര്‍മ്മകള്‍ ഫലസ്തീന്‍ ജനത മറക്കാനാഗ്രഹിക്കുന്നില്ല എന്ന് തെളിയിക്കുന്നതാണ് ബന്ദി കൈമാറ്റത്തിന് ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണം.
ഇതിനിടെ ഇസ്രായേലി ബന്ദികളായ അർബെൽ യെഹൂദും ഗാദി മോഷെ മോസസും പുഞ്ചിരിക്കുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതുമായ വീഡിയോ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽ-ഖുദ്സ് ബ്രിഗേഡ്സ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു. ഇരുവരും ഇന്ന് വിട്ടയക്കപ്പെടുന്നവരിലുണ്ട്. അവസാന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും തമ്മില്‍ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

