ഇസ്രായേൽ-ഇറാൻ സംഘർഷം; അമേരിക്കൻ പങ്കാളിത്തത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം
ഇറാനെതിരായ ഇസ്രായേലിന്റെ ബോംബാക്രമണത്തിനെതിരെയും ഇസ്രായേലിന് കോടിക്കണക്കിന് ഡോളർ സൈനിക സഹായമായി നൽകുന്നതിലെ യുഎസ് ഇടപെടലിനെതിരെയുമാണ് പ്രതിഷേധം

വാഷിംഗ്‌ടൺ: ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം. യുദ്ധത്തിൽ കൂടുതൽ ഇടപെടരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇറാനെതിരായ ഇസ്രായേലിന്റെ ബോംബാക്രമണത്തിനെതിരെയും ഇസ്രായേലിന് കോടിക്കണക്കിന് ഡോളർ സൈനിക സഹായമായി നൽകുന്നതിലെ യുഎസ് ഇടപെടലിനെതിരെയുമാണ് പ്രതിഷേധം. മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ യുഎസിൽ നിന്നുള്ള മൂന്ന് വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പുകൾ ഉണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമേ അവ അവിടെ തുടരൂ എന്ന് ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇറാന്റെ ഭൂഗർഭ അറകളിലുള്ള ആണവ കേന്ദ്രത്തിലേക്ക് എത്താൻ കഴിവുള്ള 30,000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ യുഎസിന്റെ കൈവശമുള്ളതിനാൽ കൂടുതൽ പിന്തുണക്കായി ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന് ആണവായുധം നിർമ്മിക്കാനുള്ള കഴിവ് അനുവദിക്കുന്നതും യുഎസിന് ഒരു പ്രശ്നമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുന്നു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ടേമിലെ ഏറ്റവും നിർണായകമായ വിദേശനയ തീരുമാനങ്ങളിലൊന്നായി ഇതിൽ പങ്കാളിയാകണോ വേണ്ടയോ എന്ന തീരുമാനം വ്യാപകമായി കണക്കാക്കപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും 'നിരുപാധികമായ കീഴടങ്ങൽ' ട്രംപ് ആവശ്യപ്പെടുകയും ചെയ്തതോടെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടലിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾ രൂക്ഷമായി.
അതേസമയം, ഇറാന് മുന്നിൽ ചർച്ചയുടെ വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാന് ഞങ്ങളുമായി സംസാരിക്കാൻ താൽപര്യമുണ്ട്, ഞങ്ങളും അത് ചെയ്യും എന്നാണ് ട്രംപിൻ്റെ പ്രസ്‌താവന. 'പാക് സൈനിക മേധാവിയുമായും വിഷയം ചർച്ച ചെയ്‌തു. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയാണ്. ഇറാനിലെ ഭരണം അട്ടിമറിച്ച ശേഷം പ്ലാനുണ്ടോ എന്ന ചോദ്യത്തിന് എല്ലാത്തിനും പ്ലാനുണ്ടെന്നും കാത്തിരുന്ന് കാണണമെന്നും മറുപടി. വെടിനിർത്തലിനല്ല, സമഗ്ര വിജയത്തിലേക്കാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ട്രംപ് അംഗീകരിച്ചെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

