ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ കൊലപ്പെടുത്തിയത് 583 ഫലസ്തീനികളെ; 4,186 പേർക്ക് പരിക്ക്
ജിഎച്ച്എഫ് പ്രവർത്തനം ആരംഭിച്ച് ആദ്യ എട്ട് ദിവസത്തിനിടെ 100 ഫലസ്തീനികളാണ് ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ഗസ്സയിലെ സഹായവിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 583 ഫലസ്തീനികൾ. മേയ് 27 മുതലാണ് ഗസ്സയിൽ സഹായവിതരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടത്. 4,186 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ്- ഇസ്രായേൽ പിന്തുണയോടെ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആണ് സഹായവിതരണ കേന്ദ്രങ്ങൾ നടത്തുന്നത്.
ഗസ്സയിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തുന്നത്. 2.1 മില്യൺ ഗസ്സക്കാർ ഭക്ഷണത്തിനും കുടിവെള്ളത്തിനും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ജിഎച്ച്എഫ് പ്രവർത്തനം ആരംഭിച്ച് ആദ്യ എട്ട് ദിവസത്തിനിടെ 100 ഫലസ്തീനികളാണ് ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയ ഗസ്സയിൽ ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രങ്ങളാണ്.
''ഭക്ഷണത്തിനായി എത്തുന്നവരെ നിരന്തരം വെടിവെച്ചു കൊലപ്പെടുത്തുന്നതിനാൽ ജിഎച്ച്എഫ് കേന്ദ്രങ്ങളിലേക്ക് പോകാൻ ആദ്യം ആളുകൾ മടിച്ചിരുന്നു. എന്നാൽ മറ്റെവിടെയും ഭക്ഷണം കിട്ടാനില്ലാത്തതിനാൽ തങ്ങളുടെ മക്കളുടെ പട്ടിണി മാറ്റാൻ ആളുകൾ ജീവൻ പണയംവെച്ച് ഈ കേന്ദ്രങ്ങളിലേക്ക് പോകാൻ നിർബന്ധിതരാവുകയാണ്''- ഗസ്സയിലെ അൽ ജസീറ റിപ്പോർട്ട് ഹാനി മഹ്മൂദ് പറഞ്ഞു.
നേരത്തെ യുഎൻ ഏജൻസികളുടെ നേതൃത്വത്തിൽ ഗസ്സയിൽ 400 സഹായവിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ സ്വകാര്യ സായുധ സുരക്ഷാ ഏജൻസികളുടെ സംരക്ഷണത്തിലുള്ള നാല് കേന്ദ്രങ്ങൾ മാത്രമാണ് ജിഎച്ച്എഫ് നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. തെക്കൻ ഗസ്സയിൽ മൂന്ന് കേന്ദ്രങ്ങളും മധ്യ ഗസ്സയിൽ ഒരു കേന്ദ്രവുമാണുള്ളത്. സാഹചര്യം ഏറ്റവും ഗുരുതരമായ വടക്കൻ ഗസ്സയിൽ ഒരു കേന്ദ്രം പോലുമില്ല.
ഒരു കൃത്യതയുമില്ലാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ചിലപ്പോൾ ഒരു മണിക്കൂർ മാത്രമാണ് ഇവ പ്രവർത്തിക്കുക. ഒരുതവണ കേന്ദ്രം തുറന്നുവെന്ന് ഫേസ്ബുക്കിൽ അറിയിപ്പ് നൽകി എട്ട് മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ തീർന്നുവെന്നും അറിയിച്ചു. ആദ്യം എത്തുന്നവർ ആദ്യം എന്ന രീതിയിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത് വലിയ തിക്കിനും തിരക്കിനും കാരണമാകുന്നുണ്ട്.
ഗസ്സയുടെ പല മേഖലയിലുള്ളവർ കിലോമീറ്ററുകൾ താണ്ടിയാണ് ഈ കേന്ദ്രങ്ങളിൽ എത്തുന്നത്. സാധനങ്ങൾ കിട്ടിയാൽ തന്നെ ഭാരിച്ച ചുമടുകളുമായി തിരിച്ചുനടക്കണം. ഇസ്രായേൽ ആക്രമണം നടക്കുന്ന മേഖലകൾ താണ്ടി ജീവൻ പണയംവെച്ചാണ് ഇവർ യാത്ര ചെയ്യുന്നത്. ദീർഘയാത്രകൾ വേണ്ടതിനാൽ പ്രായമായവർക്കും കുട്ടികൾക്കും വികലാംഗർക്കും ആക്രമണത്തിൽ പരിക്കേറ്റവർക്കും ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടാണ്.
സഹായവിതരണ കേന്ദ്രങ്ങളിൽ എത്തുന്നവർക്കെതിരെ വിവേചനരഹിതമായി വെടിവെക്കാൻ കമാൻഡർമാർ നിർദേശിച്ചതായി ഇസ്രായേൽ സൈനികരെ ഉദ്ധരിച്ച് 'ഹാരറ്റ്‌സ്' റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ആളുകളെ വെടിവെച്ചു കൊലപ്പെടുത്തുന്നത്. ഒരു ദിവസം ഒന്നു മുതൽ അഞ്ചുവരെ ആളുകൾ കൊല്ലപ്പെടുന്നതായാണ് 'ഹാരറ്റ്‌സ്' റിപ്പോർട്ടിൽ പറയുന്നത്. 'ഇതൊരു കൊലക്കളമാണ്' എന്നായിരുന്നു ഇസ്രായേൽ സൈനികൻ പറഞ്ഞത്.
Adjust Story Font
16

