Quantcast

'തുണിമിൽ' എന്ന മറുപടിയിൽ ഒളിപ്പിച്ച ആണവരഹസ്യം; 60 വർഷത്തിനിപ്പുറം ഇസ്രായേലിനോട് ചോദ്യങ്ങളുമായി അമേരിക്ക

1965 ൽ അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഒരു യുറേനിയം സംസ്കരണ കേന്ദ്രത്തിൽനിന്ന് ആയുധനിർമാണത്തിന് ഉപയോഗിക്കാവുന്ന സമ്പുഷ്ടീകരിച്ച യുറേനിയം കാണാതായി. ഇത് ഇസ്രായേലിന്റെ ആണവപദ്ധതിയിലേക്ക് ‘കടത്തിയതാകാമെന്ന്’ ചില അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അന്ന് തന്നെ സംശയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Nov 2026 2:14 PM IST

തുണിമിൽ എന്ന മറുപടിയിൽ ഒളിപ്പിച്ച ആണവരഹസ്യം; 60 വർഷത്തിനിപ്പുറം ഇസ്രായേലിനോട് ചോദ്യങ്ങളുമായി അമേരിക്ക
X

ലിയ അബുകായന്റെ ചിത്രീകരണം കടപ്പാട് - ഗെറ്റി/നാഷണൽ സെക്യൂരിറ്റി ആർക്കൈവ്  

1960 ന്റെ തുടക്കത്തിൽ ഇസ്രായേലിലെ നെഗേവ് മരുഭൂമിക്ക് മുകളിലൂടെ ഒരു ഹെലികോപ്റ്റർ പറക്കുകയായിരുന്നു. യാത്രക്കാരായി അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരും ഇസ്രായേൽ പ്രതിനിധികളും. യാത്രക്കിടെ മരുഭൂമിയിൽ നിർമാണത്തിലിരിക്കുന്ന ഒരു വലിയ കെട്ടിടസമുച്ചയം അമേരിക്കൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ചാവുകടലിന് പടിഞ്ഞാറ് ഏകദേശം 20 മൈൽ അകലെയുള്ള ആ നിർമാണകേന്ദ്രം എന്താണെന്ന ചോദ്യത്തിന് ഇസ്രായേൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അഡ്ഡി കോഹൻ നൽകിയ മറുപടി ഓ..അതൊരു ‘ടെക്സ്റ്റൈൽ ഫാക്ടറി' എന്ന ഒഴുക്കൻ മറുപടിയായിരുന്നു. അമേരിക്കൻ അംബാസഡർ ഓഗ്ഡൻ റീഡും ആ സംഘത്തിലുണ്ടായിരുന്നു. എന്നാൽ അതൊരു തുണിമില്ലായിരുന്നില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആണവരഹസ്യങ്ങളിലൊന്നിന്റെ പിറവിയായിരുന്നു ആകാശത്തിരുന്നു അവർ കണ്ടത്. ആ ടെക്സ്റ്റൈൽ ഫാക്ടറിയാണ് പിന്നീട് ഡിമോണ ആണവനിലയം എന്ന പേരിൽ ലോകം തിരിച്ചറിഞ്ഞത്.

നെഗേവ് മരുഭൂമിയിലെ ഡിമോണ ആണവ നിലയത്തിന്റെ ഒരു ഭാഗം. എഎഫ്‌പിയുടെ ജാക്ക് ഗ്യൂസ് 2014 മാർച്ച് 8 ന് എടുത്ത ചിത്രം

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് ആ കെട്ടിടത്തിന്റെ പിന്നിലെ യഥാർഥ ലക്ഷ്യം തിരിച്ചറിയാൻ അധികകാലം വേണ്ടിവന്നിലെന്ന് ഡേവിസ് വിൻകി സിഎൻഎന്നിലെഴുതിയ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിന്റെ ആണവപദ്ധതിയുടെ കേന്ദ്രമായിരുന്നു ഡിമോണയെന്ന് അമേരിക്കക്ക് ബോധ്യമായി. 'ടെക്സ്റ്റൈൽ ഫാക്ടറി' എന്ന മറുപടി പിന്നീട് ഇസ്രായേലിന്റെ ആണവനയത്തിന്റെ തന്നെ പ്രതീകമായി മാറി. ആണവായുധങ്ങൾ കൈവശമുണ്ടെന്ന് സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും പതിറ്റാണ്ടുകളായി തുടരുന്ന നയതന്ത്ര മറുപടിയുടെ തുടക്കമായിരുന്നു അത്. ആ മറുപടി നൽകിയിട്ട് ആറ് പതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ, അതേ ആണവരഹസ്യം അമേരിക്കൻ കോൺഗ്രസിൽ വീണ്ടും ചർച്ചയാവുകയാണ്.

ഇസ്രായേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നാണ് ലോകത്തെ മിക്ക രാജ്യങ്ങളും പ്രതിരോധ വിദഗ്ധരും വിലയിരുത്തുന്നത്. എന്നാൽ ഇസ്രായേൽ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആണവായുധങ്ങളില്ലെന്നും പ്രഖ്യാപിച്ചിട്ടില്ല. 'ന്യൂക്ലിയർ അംബിഗ്വിറ്റി' അഥവാ ആണവ അവ്യക്തത എന്നാണ് ഈ നയം അറിയപ്പെടുന്നത്. ആണവശേഷിയെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താതെ തന്നെ എതിരാളികൾക്കിടയിൽ പ്രതിരോധഭീതി നിലനിർത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഇസ്രായേലിന്റെ ആണവശേഷി സംബന്ധിച്ച് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 90 ആണവായുധങ്ങൾ രാജ്യത്തിന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ കണക്ക് ഔ​ദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകളും അന്തർവാഹിനികളും ഇസ്രായേലിനുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

ആണവായുധങ്ങൾ കൈവശമുണ്ടെന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കാതിരിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ നേരിടേണ്ടിവരുന്ന ചില രാഷ്ട്രീയ-നയതന്ത്ര ചോദ്യങ്ങളിൽ നിന്ന് സൗകര്യപൂർവം ഒഴിഞ്ഞുമാറാനും ഇസ്രായേലിന് സാധിക്കുന്നുണ്ട്. ഇസ്രായേലിന്റെ ആണവപദ്ധതിയെക്കുറിച്ച് അമേരിക്കക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. 1960കളിൽത്തന്നെ ഇതുസംബന്ധിച്ച ആശങ്കകൾ അമേരിക്കൻ ഭരണകൂടത്തിൽ ശക്തമായിരുന്നു 1965 ൽ അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഒരു യുറേനിയം സംസ്കരണ കേന്ദ്രത്തിൽനിന്ന് ആയുധനിർമാണത്തിന് ഉപയോഗിക്കാവുന്ന സമ്പുഷ്ടീകരിച്ച യുറേനിയം കാണാതായി. ഇത് ഇസ്രായേലിന്റെ ആണവപദ്ധതിയിലേക്ക് ‘കടത്തിയതാകാമെന്ന്’ ചില അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. The Atom and me എന്ന ഡോക്യുമെന്ററിയും ഈ സാധ്യത ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ യുറേനിയം ഇസ്രായേലിലേക്ക് എത്തിച്ചതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.

അക്കാലത്ത് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഇസ്രായേലിന്റെ ആണവപദ്ധതി തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ നീക്കങ്ങൾ തടയാൻ അമേരിക്കക്ക് കഴിയുമോ എന്ന സംശയം അമേരിക്കൻ ഭരണകൂടത്തിനുള്ളിൽത്തന്നെ ശക്തമായിരുന്നു. അന്ന് വിദേശനയ ഉപദേഷ്ടാവായിരുന്ന ഹെൻറി കിസിഞ്ചറുടെ നിലപാട് നിർണായകമായി. ഇസ്രായേൽ ഇതിനകം ആണവായുധ നിർമാണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇസ്രായേലിന്റെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർക്ക് ആണവായുധങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ സംശയമില്ലെന്നും കിസിഞ്ചർ നിരീക്ഷിച്ചിരുന്നു.

എന്നാൽ ആണവശേഷി വികസിപ്പിക്കാനുള്ള നീക്കങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ ആദ്യമായി ആണവായുധം സ്വന്തമാക്കിയ രാജ്യമെന്ന പ്രതീതി സൃഷ്ടിക്കാതിരിക്കാനായിരുന്നു ഇസ്രായേലിന്റെ ശ്രമം. 1969 ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മെയറും തമ്മിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയാണ് പിന്നീട് ഈ വിഷയത്തിൽ നിർണായകമായത്. ഇരുവരും തമ്മിലുള്ള ചർച്ചയുടെ ഔദ്യോഗിക രേഖ പുറത്തുവന്നിട്ടില്ല. ഇസ്രായേൽ രഹസ്യമായി ആണവശേഷി വികസിപ്പിക്കുന്നതിനെക്കാൾ അത് പരസ്യമായി പ്രഖ്യാപിക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ പ്രധാന ആശങ്ക. ഇസ്രായേൽ ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ആണവപരീക്ഷണം നടത്തുകയോ ചെയ്യരുതെന്ന നിലപാടായിരുന്നു നിക്സണുണ്ടായിരുന്നതെന്ന് പിന്നീട് പുറത്തുവന്ന ഹെൻറി കിസിഞ്ചറുടെ മെമ്മോ സൂചിപ്പിക്കുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മെയർ, പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചർ എന്നിവർ 1973 മാർച്ച് 1 ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. (US National Archives and Records Administration )

ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തുന്നത് അമേരിക്കൻ കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്നും ആണവപദ്ധതി പരസ്യമായി ചോദ്യം ചെയ്യുന്നത് സോവിയറ്റ് യൂണിയനും അറബ് രാജ്യങ്ങളും അമേരിക്കയ്ക്കെതിരെ തിരിയാൻ ഇടയാക്കുമെന്നും വാഷിങ്ടൺ ഭയപ്പെട്ടിരുന്നു.

അങ്ങനെ ഇസ്രായേലിന്റെ ആണവപദ്ധതി തടയുന്നതിനു പകരം അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാതിരിക്കാനുള്ള വഴിയാണ് അമേരിക്ക സ്വീകരിച്ചത്. വർഷങ്ങളോളം ഇസ്രായേലിന്റെ ആണവപദ്ധതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അമേരിക്ക ‘സഹായിച്ചു’. എന്നാൽ 1986 ൽ ആ രഹസ്യത്തിന്റെ വലിയൊരു ഭാഗം ലോകത്തിന് മുന്നിലെത്തി. ഡിമോണ ആണവനിലയത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന മൊർദെച്ചായ് വനുനു ആയിരുന്നു അതിന് പിന്നിൽ. കേന്ദ്രത്തിനുള്ളിൽനിന്ന് രഹസ്യമായി പകർത്തിയ ചിത്രങ്ങളും ആണവപദ്ധതിയുടെ വിശദാംശങ്ങളും അദ്ദേഹം ലണ്ടനിലെ സൺഡേ ടൈംസിന് കൈമാറി. ഡിമോണയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളായിരുന്നു അവ. ഇതോടെ ഇസ്രായേലിന്റെ ആണവശേഷിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് കൂടുതൽ ശക്തമായ തെളിവുകൾ ലോകമറിഞ്ഞു.

വാർത്ത പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മൊസാദ് വനുനുവിനെ തട്ടിക്കൊണ്ടുപോയി ഇസ്രായേലിലെത്തിച്ചതായി പിന്നീട് പുറത്തുവന്ന അന്വേഷണാത്മക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിക്ഷിക്കപ്പെട്ട വനുനു 18 വർഷം ഇസ്രായേൽ ജയിലിൽ കഴിഞ്ഞു. ഇതിൽ ഭൂരിഭാഗം കാലവും ഏകാന്ത തടവിലായിരുന്നു. ഇസ്രായേലിന്റെ ആണവരഹസ്യം ലോകം അറിയാൻ കാരണമായ പ്രധാന സംഭവമായിരുന്നു വനുനുവിന്റെ വെളിപ്പെടുത്തൽ.

ന്യൂക്ലിയർ വിസിൽബ്ലോവറും മുൻ ന്യൂക്ലിയർ ടെക്നീഷ്യനുമായ മൊർദെച്ചായ് വനുനു, ഇസ്രായേലിന്റെ ആണവ രഹസ്യങ്ങൾ വെളിപ്പെടുത്തിയ പത്രത്തിന്റെ ഒരു പകർപ്പുമായി - Oded Balilty/AP

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷമാണ് ഇസ്രായേലിന്റെ ആണവനയത്തെ വീണ്ടും അമേരിക്കയിൽ ചോദ്യം ചെയ്യാനുള്ള പ്രധാന കാരണം. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സൈനിക നടപടികൾ തുടരുകയാണ്. എന്നാൽ ഇതേ മേഖലയിൽ ആണവായുധങ്ങൾ കൈവശമുണ്ടെന്ന് വ്യാപകമായി വിലയിരുത്തപ്പെടുന്ന ഇസ്രായേലിന്റെ കാര്യത്തിൽ അമേരിക്ക പരസ്യമായ നിലപാട് സ്വീകരിക്കുന്നില്ല. ഇതാണ് അമേരിക്കയിലെ ഒരു വിഭാഗം ജനപ്രതിനിധികൾ ചോദ്യം ചെയ്യുന്നത്.

ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് അമേരിക്കയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും വിശദമായ പരിശോധനകളും ചർച്ചകളും നടത്തുമ്പോൾ ഇസ്രായേലിന്റെ ആണവശേഷി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം. ഇറാൻ ആണവ നിർവ്യാപന കരാറിൽ അംഗമാണ്. ഇസ്രായേൽ ഈ കരാറിൽ ഒപ്പുവെച്ചിട്ടില്ല. അതിനാൽ രണ്ട് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ബാധ്യതകൾ ഒരുപോലെയല്ല. എങ്കിലും മേഖലയിലെ ആണവശേഷി സംബന്ധിച്ച സുതാര്യതയിൽ വലിയ അസമത്വമുണ്ടെന്ന വിമർശനം വ്യാപകമാണ്. അമേരിക്കൻ ജനപ്രതിനിധി ജോവാക്വിൻ കാസ്ട്രോയാണ് ഇസ്രായേലിന്റെ ആണവശേഷിയെക്കുറിച്ചുള്ള മൗനം അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നവരിൽ ഒരാൾ.

അമേരിക്ക ഇസ്രായേലിനൊപ്പം യുദ്ധത്തിൽ പങ്കാളിയാകുമ്പോൾ ഇസ്രയേലിന്റെ ആണവായുധ ഉപയോഗവുമായി ബന്ധപ്പെട്ട പരിധികൾ എന്താണെന്ന് അറിയേണ്ടതുണ്ടെന്നാണ് കാസ്ട്രോയുടെ നിലപാട്. ഇസ്രയേലിന്റെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള 'റെഡ് ലൈൻ' എന്താണ്? ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇസ്രായേൽ എങ്ങനെ പ്രതികരിക്കും? അമേരിക്കൻ സൈനികർ മേഖലയിലുള്ളപ്പോൾ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടായാൽ അമേരിക്കക്ക് എന്ത് മുൻകരുതൽ പദ്ധതികളാണുള്ളത്? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ജൂണിൽ നടന്ന കോൺഗ്രസ് ഹിയറിങ്ങിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോടും കാസ്ട്രോ വിശദീകരണം തേടി.

ഇസ്രായേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നാണ് ലോകത്തെ മിക്ക രാജ്യങ്ങളും വിലയിരുത്തുന്നതെന്നും ഇസ്രായേൽ ഇക്കാര്യം പരസ്യമായി അംഗീകരിച്ചിട്ടില്ലെന്ന മറുപടിയിലൊതുക്കി റൂബിയോ. അമേരിക്കയും ഈ വിഷയം പരസ്യമായി ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ ആണവശേഷിയെക്കുറിച്ച് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച പരസ്യപ്രതികരണമായിരുന്നു ഇത്.

ഇസ്രായേലിന്റെ ആണവനയത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ സൗദി അറേബ്യയുടെ നീക്കങ്ങളും ശ്രദ്ധേയമാവുകയാണ്. ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ സൗദി അറേബ്യയും ആണവായുധങ്ങൾ വികസിപ്പിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി, ഇസ്രയേലിന്റെ ആണവശേഷി, സൗദിയുടെ ആണവമോഹം എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ പശ്ചിമേഷ്യയിൽ പുതിയൊരു ആണവമത്സരത്തിനുള്ള സാഹചര്യം രൂപപ്പെടുന്നുണ്ടെന്നാണ് വിദഗ്ധരുടെ ആശങ്ക.

ഇറാന്റെ ആണവശേഷി പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികൾക്കു ശേഷവും ഇറാന്റെ കൈവശം ഏകദേശം 1000 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം ശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അത് ആണവായുധ നിർമാണത്തിലേക്ക് നീങ്ങാനുള്ള സാധ്യത ഇല്ലാതാക്കുന്നില്ലെന്നാണ് വിലയിരുത്തൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇറാൻ ആണവായുധം സ്വന്തമാക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശീതയുദ്ധകാലത്ത് രൂപപ്പെട്ട ഇസ്രായേലിന്റെ ആണവ അവ്യക്തതയ്ക്ക് ഇന്നും പ്രസക്തിയുണ്ടോ എന്ന ചോദ്യമാണ് അമേരിക്കയിൽ ഉയരുന്നത്. അന്ന് അറബ് രാജ്യങ്ങൾ ആണവായുധങ്ങളിലേക്ക് നീങ്ങുന്നത് തടയാനും സോവിയറ്റ് യൂണിയന്റെ ഇടപെടൽ ഒഴിവാക്കാനും ഈ നയം സഹായിച്ചിരിക്കാം. എന്നാൽ ഇറാനുമായുള്ള യുദ്ധവും സൗദിയുടെ ആണവനീക്കങ്ങളും പശ്ചിമേഷ്യയിലെ മാറിയ സാഹചര്യങ്ങളും പഴയ നയത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്. ഇസ്രായേൽ ആണവശക്തിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചാൽ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും അതേ വഴി സ്വീകരിക്കാനുള്ള സമ്മർദമുണ്ടാകുമെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ ആണവതന്ത്ര വിദഗ്ധൻ മാത്യു ക്രോണിഗ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഇറാൻ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യമുണ്ടായാൽ ഇസ്രായേൽ സ്വന്തം ആണവനയം കൂടുതൽ വ്യക്തമായി വിശദീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

എന്നാൽ കാസ്ട്രോയുടെ നിലപാട് വ്യത്യസ്തമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെട്ട നയം ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ തുടരുന്നത് അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇസ്രയേലിന്റെ ആണവശേഷിയെക്കുറിച്ച് പരസ്യമായി സംസാരിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാകുമ്പോഴും ഇസ്രായേൽ ഇതുവരെ ഔദ്യോഗിക നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. അമേരിക്കയും പതിവ് നയതന്ത്ര മൗനം തുടരുകയാണ്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു അമേരിക്കൻ ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് 'ടെക്സ്റ്റൈൽ ഫാക്ടറി' എന്ന മറുപടി നൽകിയ ഇസ്രായേൽ ഇന്നും അതേ ആണവ അവ്യക്തത തുടരുന്നു. എന്നാൽ അന്ന് ആ മറുപടി കേട്ട അമേരിക്ക ഇന്ന് അതിന്റെ അർഥം പരസ്യമായി വിശദീകരിക്കേണ്ട സാഹചര്യത്തിലേക്ക് എത്തുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുമ്പോൾ, ആണവായുധങ്ങളെക്കുറിച്ചുള്ള ആ പഴയ മൗനം ഇനി എത്രകാലം നിലനിൽക്കും എന്നതാണ് അമേരിക്കയിലുയരുന്ന ചോദ്യം.

TAGS :

Next Story