Quantcast

ഗസ്സ കത്തുന്നു; ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത് പൊതു ഇടങ്ങളും വീടുകളും

ഇസ്രായേൽ വ്യോമാക്രമണത്തിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഹെൽത്ത് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-07 14:51:21.0

Published:

7 Oct 2023 2:46 PM GMT

israel palestine conflict death
X

ഗസ്സ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഇതുവരെ 198 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗസ്സയിലെ പൊതു ഇടങ്ങളും പാർപ്പിട കോമ്പൗണ്ടുകളും ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നത്. ഗസ്സ മുനമ്പിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്.

ഗസ്സയില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഞെട്ടലിലാണ് പ്രദേശവാസികള്‍. പലരും വീട് വിട്ടിറങ്ങി. യുദ്ധം ആരംഭിച്ചതുമുതല്‍ ജീവന്‍ കയ്യില്‍പിടിച്ചാണ് നില്‍ക്കുന്നതെന്നാണ് ഗസ്സയിലെ പലചരക്ക് കച്ചവടക്കാരനായ മുനീർ നാസർ അല്‍ ജസീറയോട് പ്രതികരിച്ചത്. ''ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല. നിരന്തരം സ്ഫോടനങ്ങള്‍ നടക്കുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഈ യുദ്ധം ഇനി എത്ര നാള്‍ തുടരും എന്ന ആശങ്കയാണ് ഞങ്ങള്‍ക്ക്''- മുനീർ പറയുന്നു.

അതേസമയം, പുണ്യസ്ഥലങ്ങൾ നശിപ്പിക്കുന്നതിനെതിരെ പലസ്തീൻ പ്രതിരോധം തീർക്കുമെന്ന് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ ഉപമേധാവി സലേഹ് അൽ അറൂരി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഹമാസ് ഇന്ന് രാവിലെ ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചത്, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 500 ൽ അധികം പേർക്ക് പരിക്കേറ്റു എന്നും റിപ്പോർട്ടുണ്ട്. 35 ഇസ്രായേൽ സൈനികർ ഉൾപ്പെടെ ഉള്ളവരെ ഹമാസ് ബന്ദികളാക്കി.

'ഗസ്സയിൽ ഫലസ്തീൻ ജനതയ്‌ക്കെതിരെ നടക്കുന്ന ഇസ്രായേൽ അതിക്രമങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് അധിനിവേശം നടത്തിയവർക്കെതിരെയുള്ള യുദ്ധമാണ്'- എന്നാണ് ആക്രമണത്തെ കുറിച്ച് ഹമാസ് വക്താവ് ഖാലിദ് ഖദൂമി പ്രതികരിച്ചത്.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.

TAGS :

Next Story