ഗസ്സ വെടിനിർത്തൽ കരാറിന് ഔദ്യോഗിക അംഗീകാരം; സ്ഥിരീകരിച്ച് നെതന്യാഹു
വെടിനിർത്തൽ കരാറിൽ വോട്ടെടുപ്പ് നടത്തുന്നതിനായി, വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് ചേരാനിരിക്കെയാണ് ഒപ്പിടൽ സംബന്ധിച്ച നെതന്യാഹുവിന്റെ സ്ഥിരീകരണം

തെല്‍ അവിവ്: ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിർത്തൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസുമായി അവസാനനിമിഷം ഉടലെടുത്ത ചില തർക്കങ്ങൾ കാരണമാണ് ഇസ്രായേലിന്റെ അംഗീകാരം വൈകുന്നതെന്ന നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കരാർ ഒപ്പിടുന്നത്.
വെടിനിർത്തൽ കരാറിൽ വോട്ടെടുപ്പ് നടത്തുന്നതിനായി, വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് ചേരാനിരിക്കെയാണ് ഒപ്പിടൽ സംബന്ധിച്ച നെതന്യാഹുവിന്റെ സ്ഥിരീകരണം. കഴിഞ്ഞ 15 മാസങ്ങളായി ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന നരനായാട്ട് അവസാനിപ്പിക്കാനും ഫലസ്തീനി തടവുകാർക്ക് പകരം ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരാർ.
വെടിനിർത്തൽ സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനമായെങ്കിലും, കഴിഞ്ഞ ദിവസവും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടർന്നിരുന്നു. 72 പേരെയാണ് 24 മണിക്കൂറിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയത്. വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്നത് വൈകുന്നതിന് പിന്നിൽ ഹമാസാണെന്നായിരുന്നു ഇസ്രായേലിന്റെ വാദം. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനെ നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ എതിർത്തിരുന്നു. കരാർ അംഗീകരിച്ചാൽ സഖ്യം വിടുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ കഴിഞ്ഞ ദിവസവും ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നെതന്യാഹുവിന്റെ വെള്ളിയാഴ്ചത്തെ സ്ഥിരീകരണത്തിന് ശേഷം ബെൻ ഗ്വിറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കരാർ സംബന്ധിച്ച ചർച്ചകൾക്ക് ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ് ഇന്ന് ചേരും.
വെടിനിർത്തലിന് ആദ്യഘട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം, ഗസ്സയില്‍ ബന്ദികളാക്കിയിട്ടുള്ള ശേഷിക്കുന്ന 100 പേരിൽ 33 പേരെ വരും ആഴ്ചകളിൽ മോചിപ്പിക്കും. ഇതിന് പകരമായി നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേലും സമ്മതിച്ചു. ഘട്ടംഘട്ടമായിട്ടാകും ബന്ദികളുടെ മോചനം.
Adjust Story Font
16

