ഗസ്സയിലെ നെത്‌സരീം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം ഇന്ന് പൂർണമായും പിൻവാങ്ങും
വെടിനിർത്തൽ കരാർ പ്രകാരം നെത്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം അതിർത്തിയിലെ ബഫർ സോണിലേക്ക് പിൻമാറും. ഇതോടെ വടക്കൻ ഗസ്സയിലെ സൈനിക സാന്നിധ്യം തീർത്തും ഇല്ലാതാകും

ഗസ്സസിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം, നെത്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സേന ഇന്ന് പൂർണമായി പിൻവാങ്ങും. വടക്കൻ ഗസ്സയിലെ സൈനിക സാന്നിധ്യം ഇതോടെ ഇല്ലാതാകും. അതേസമയം തുടർ ചർച്ചക്കായി ഇസ്രായേൽ സംഘം, ദോഹയിലെത്തി.
വെടിനിർത്തൽ കരാർ പ്രകാരം നെത്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം അതിർത്തിയിലെ ബഫർ സോണിലേക്ക് പിൻമാറും. ഇതോടെ വടക്കൻ ഗസ്സയിലെ സൈനിക സാന്നിധ്യം തീർത്തും ഇല്ലാതാകും. രണ്ടാം ഘട്ട വെടിനിർത്തൽ വേളയിലാകും ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്‍റെ പൂർണ പിൻമാറ്റം. ചർച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇസ്രായേൽ സംഘം ദോഹയിലെത്തിയത്. എന്നാൽ പൂർണമായ അധികാരം സംഘത്തിന് നൽകിയിട്ടില്ല.
അമേരിക്കൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ സുരക്ഷാ മന്ത്രിസഭ യോഗം ചേർന്നാണ് തീരുമാനം കൈക്കൊള്ളുക. മുഴുവൻ ബന്ദികളുടെയും മോചനമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ കൂറ്റൻ യന്ത്ര സാമഗ്രികൾ വേണമെന്ന് ഗസ്സ അധികൃതർ ആവശ്യപ്പെട്ടു.
ഇതിനിടെ ഇസ്രായേലിന് പുതുതായി എട്ട് ബില്യൻ ഡോളറിന്‍റെ ആയുധങ്ങൾ കൈമാറാൻ യുഎസ് കോൺഗ്രസിനോട് ട്രംപ് ഭരണകൂടം നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. അതിനിടെ, ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അഞ്ചാമത് ബന്ദികൈമാറ്റവും ഫലസ്തീനികളുടെ മോചനവും പൂർത്തിയായി. മൂന്ന് ബന്ദികൾക്ക് പകരം 183 ഫലസ്തീനികളെയാണ് ഇസ്രായേല് വിട്ടയച്ചത്. ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികൾക്ക് വലിയ തോതിൽ ഭാരക്കുറവ് സംഭവിച്ചതായി ഇസ്രായേൽ ആരോപിച്ചു.
Adjust Story Font
16

