Quantcast

ഹമാസിന്റെ വെടിനിർത്തൽ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ

ചർച്ചയുടെ തുടർ നടപടികൾക്കായി ഹമാസ്​ സംഘം കൈറോയിലേക്ക്​ തിരിക്കും

MediaOne Logo

Web Desk

  • Published:

    8 Feb 2024 1:03 AM GMT

Israeli attack: 11,000 children killed in Gaza
X

ദുബൈ: ദീർഘകാല വെടിനിർത്തൽ സംബന്ധിച്ച്​ ഹമാസ്​ നേതൃത്വം മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ അമർച്ച ചെയ്യാതെ പിൻമാറില്ലെന്നും ഗസ്സ ഭാവിയിൽ ഇസ്രായേലിന്​ വെല്ലുവിളിയാകി​ല്ലെന്ന്​ ഉറപ്പുവരുത്തുക കൂടിയാണ്​ യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.

നിലവിലെ സ്​ഥിതിയിൽ മാസങ്ങൾക്കകം ഗസ്സയിൽ ഇസ്രായേൽ സേനക്ക്​ സമ്പൂർണ വിജയം നേടാനാകുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇന്ന്​ ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ്​ നിർദേശം ചർച്ച ചെയ്യും.

ദീർഘകാല വെടിനിർത്തലിന്​ ഇസ്രായേൽ നേതാക്കളെ പ്രേരിപ്പിക്കാനുള്ള യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻക​ന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ്​ മുന്നോട്ടുവെച്ച വ്യവസ്​ഥകളിൽ ചിലതിനോട്​ യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന്​ ഇസ്രായേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിൻകൻ പ്രതികരിച്ചു.

ഗസ്സയിൽ സിവിലിയൻ കുരുതി തുടരുന്നതിൽ ആശങ്ക അറിയിച്ച ബ്ലിൻകൻ, ആവശ്യത്തിന്​ സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട്​ അഭ്യർഥിച്ചു. വെടിനിർത്തൽ ചർച്ചകൾ തുടരുമെന്നും​ അദ്ദേഹം അറിയിച്ചു. ഹമാസ്​ പ്രതികരണം കരാറിലേക്ക്​ നയിക്കാൻ സഹായകമാകുമെന്നും ചില കടുത്ത നടപടികൾ സ്വീകരിക്കാൻ ഈ ഘട്ടത്തിൽ എല്ലാവരും നിർബന്ധിതരാണെന്നും ബ്ലിൻകൻ പ്രതികരിച്ചു.

ഇന്നലെ ചേർന്ന മിനി മന്ത്രിസഭാ യോഗത്തിൽ ഹമാസ്​ വ്യവസ്​ഥകൾ സംബന്ധിച്ച്​ ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇന്ന്​ യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ്​ വ്യവസ്​ഥകൾക്കനുസൃതമായുള്ള വെടിനിർത്തൽ തള്ളാനാണ്​ സാധ്യത. അതേസമയം, വെടിനിർത്തൽ ചർച്ചയുടെ തുടർ നടപടികൾക്കായി ഹമാസ്​ സംഘം കൈറോയിലേക്ക്​ തിരിക്കും. ഹമാസ്​ നേതാവ്​ ഒസാമ ഹംദാനാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂർണ വെടിനിർത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതിയാണ്​ ഹമാസ് മുന്നോട്ടുവെച്ചത്​. നാലര മാസം നീളുന്ന വെടിനിർത്തൽ കാലയളവിനിടെ എല്ലാ ബന്ദികളെയും കൈമാറുമെന്നും അതോടെ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണമെന്നുമാണ്​ ഹമാസ്​ നിർദേശം.

അതേസമയം, റഫയിൽ ഇസ്രായേൽ തുടരുന്ന ശക്​തമായ ആക്രമണം സിവിലിയൻ കുരുതിക്ക്​ വ്യാപ്തിയേകുമെന്ന ആശങ്ക ശക്​തമായി. ഏറ്റവും കൂടുതൽ അഭയാർഥികൾ തമ്പടിച്ച റഫയിൽ ആക്രമണം കരുതലോടെ വേണമെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി ബ്ലിൻകൻ പറഞ്ഞു. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ സ്​ഥിതി ഭയാനകമായിരിക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് വ്യക്തമാക്കി​.

ഇറാൻ അനുകൂല മീലീഷ്യാ വിഭാഗങ്ങൾക്കെതിരെ അമേരിക്കയുടെ ആക്രമണം ഇന്നലെയും തുടർന്നു. ഇറാഖ്​ തലസ്​ഥാനമായ ബഗ്​ദാദിൽ കാറിനു നേരെ നടത്തിയ ഡ്രോൺ ​​ആക്രമണത്തിലാണ്​ ഇറാഖ്​ ഹിസ്​ബുല്ല കമാണ്ടർ ബാഖിർ അൽ സാദി കൊല്ലപ്പെട്ടത്​. ബഗ്​ദാദിലെ മറ്റു മൂന്നിടങ്ങളിലും ആക്രമണം നടന്നു. ജോർദാൻ അതിർത്തിയിൽ മൂന്ന്​ യു.എസ്​ സൈനികരെ വധിച്ചതിനുള്ള പ്രതികാരം എന്ന നിലക്കാണ്​ അമേരിക്കയുടെ നടപടിയെന്ന്​ പെൻറഗൺ വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story