ഹമാസ് കൈമാറിയ മൃതദേഹം കുഞ്ഞുങ്ങളുടെ അമ്മ ഷിരി ബിബാസിന്‍റേതല്ലെന്ന് ഇസ്രായേൽ
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പിടിയിലായിരിക്കെ ബന്ദികൾ കൊല്ലപ്പെടുന്നത്

തെൽ അവിവ്: വെടിനിര്‍ത്തൽ കരാറിന്‍റെ ഭാഗമായി നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കഴിഞ്ഞ ദിവസം ഇസ്രായേലിന് കൈമാറിയിരുന്നു. ബന്ദികളില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കഫീർ ബിബാസിന്‍റെയും നാല് വയസുകാരന്‍ സഹോദരന്‍ ഏരിയലിന്റെയും അമ്മ ഷിരി ബിബാസിന്റെയും ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നയാളുടെയും മൃതദേഹങ്ങളാണ് അന്താരാഷ്ട്ര റെഡ്ക്രോസ് സംഘത്തിന് കൈമാറിയത്. എന്നാൽ കുഞ്ഞുങ്ങളുടെ അമ്മയുടെ മൃതദേഹമെന്ന തരത്തിലാണ് കൈമാറിയതെങ്കിലും അത് ഷിരി ബിബാസിന്‍റേതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. വെടിനിര്‍ത്തൽ കരാറിന്‍റെ ഗുരുതര ലംഘനമാണ് ഇതെന്നും ആരോപിച്ചു.
കൈമാറിയ നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം ഷിരിയുടെ മക്കളായ കഫീറിന്‍റേതും ഏരിയലിന്‍റേതുമാണെന്നും മറ്റൊരു ബന്ദിയായ ഒഡെഡ് ലിഫ്ഷിറ്റ്‌സിന്‍റേതേയും ആണെന്ന് ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർക്ക് നാലാമത്തെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. പരിശോധനയിൽ ഒരു മൃതദേഹം ഷിരിയുടേത് അല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ''ഇത് തിരിച്ചറിയപ്പെടാത്ത അജ്ഞാത മൃതദേഹമാണ്'' സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. “ഈ ദുഷ്‌കരമായ സമയത്ത് ബിബാസ് കുടുംബത്തിൻ്റെ അഗാധമായ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഷിരിയേയും എല്ലാ ബന്ദികളേയും എത്രയും വേഗം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും തുടരും,” സൈന്യം കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 7 ആക്രമണത്തിന്‍റെ ഇരകളാണ് ബിബാസ് കുടുംബമെന്ന് ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പിടിയിലായിരിക്കെ ബന്ദികൾ കൊല്ലപ്പെടുന്നത്. കുട്ടികളുടെ പിതാവ് യാർഡൻ ബിബാസിനെ ഫെബ്രുവരി ഒന്നിന് മോചിപ്പിച്ചിരുന്നു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസില്‍ വെച്ചാണ് മൃതദേഹങ്ങള്‍ കൈമാറിയത്. തണുപ്പ് അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. ആയുധമേന്തിയ ഹമാസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. അതേസമയം ഇസ്രായേലിന് ഇന്നത്തേത് ഏറെ സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു.
'ബന്ദികളെ ജീവനോടെ നിങ്ങളിലേക്ക് തിരികെ എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ നിങ്ങളുടെ സൈന്യവും നേതാക്കളും അവരെ തിരികെ കൊണ്ടുവരുന്നതിനുപകരം അവരെ കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കഫീറും സഹോദരനും മാതാവും കൊല്ലപ്പെട്ടതായി 2023 നവംബറില്‍ തന്നെ ഹമാസ് അറിയിച്ചിരുന്നു.അതേസമയം വെടിനിർത്തൽ കരാർ പ്രകാരമുള്ള ഏഴാമത് ബന്ദി കൈമാറ്റം നാളെ നടക്കും. 6 ബന്ദികളെയാകും ഹമാസ് കൈമാറുക.
Adjust Story Font
16

