Quantcast

ജയിലുകളിൽ ഫലസ്തീനികളെ പട്ടിണിക്കിടുന്നത് അവസാനിപ്പിക്കണമെന്ന് ഇസ്രയേൽ സുപ്രീംകോടതി

സയണിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധതകളെ തുറന്നുകാട്ടുന്ന ഒരു വിധിപ്രസ്താവം നടത്തിയിരിക്കുകയാണ് ഇസ്രായേലി സുപ്രീംകോടതി. ഇസ്രായേലി തടവറയിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്ക് അതിജീവനത്തിന് ആവശ്യമായ ഭക്ഷണം നെതന്യാഹു ഭരണകൂടം നൽകുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    9 Sept 2025 11:09 AM IST

ജയിലുകളിൽ ഫലസ്തീനികളെ പട്ടിണിക്കിടുന്നത് അവസാനിപ്പിക്കണമെന്ന് ഇസ്രയേൽ സുപ്രീംകോടതി
X

സയണിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധതകളെ തുറന്നുകാട്ടുന്ന ഒരു വിധിപ്രസ്താവം നടത്തിയിരിക്കുകയാണ് ഇസ്രായേലി സുപ്രീംകോടതി. ബെഞ്ചമിൻ നെതന്യാഹു ഭരണകൂടത്തിനെതിരെയാണ് ഉത്തരവ് എന്നുള്ളതുകൊണ്ടുതന്നെ വിഷയത്തിന് ആഗോള ശ്രദ്ധയും വലിയ തോതിൽ ലഭിക്കുന്നുണ്ട്. ഇസ്രായേലി തടവറയിൽ നിരപരാധികളായ ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ആ ഉത്തരവിന്റെ വിശദാംശങ്ങളാണ് ഇൻ ഡെപ്ത് പരിശോധിക്കുന്നത്. സ്വാഗതം.

ലിഖിതമായ ഭരണഘടന ഇല്ലാത്ത രാജ്യമാണ് ഇസ്രായേൽ. പാർലമെന്റിൽ ഒരൊറ്റ സഭ മാത്രം, അതാണ് നെസറ്റ്, ഇന്ത്യയിലെ ലോക്സഭ പോലെ. രാഷ്‌ട്രപതി പദവിയുണ്ടെങ്കിലും അതുവെറും ആലങ്കാരികം മാത്രമാണ്. അതുകൊണ്ടുതന്നെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ജുഡീഷ്യറി എന്നുപറയുന്ന ശാഖയ്ക്ക് പ്രാധാന്യം ഏറെയാണ്. നെസറ്റ് പാസാക്കുന്ന ബില്ലുകൾ പോലും പുനഃപരിശോധിക്കാനുള്ള അധികാരം ഇസ്രായേലി സുപ്രീംകോടതികൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇസ്രായേലി സുപ്രീംകോടതിയുടെ ഉത്തരവുകൾക്ക് ഇസ്രായേലി രാഷ്ട്രീയത്തിൽ വലിയ സ്വാധീനമാണുള്ളത്. ഇനി ഉത്തരവിലേക്ക് വരാം...

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഭരണകൂടത്തെ വിമർശിക്കുന്ന തരത്തിൽ വിധിപ്രസ്താവം ഉണ്ടാകുന്നത്. ഇസ്രായേലി തടവറയിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്ക് അതിജീവനത്തിന് ആവശ്യമായ ഭക്ഷണം നെതന്യാഹു ഭരണകൂടം നൽകുന്നില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഒപ്പം ജയിലുകളിലെ ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.

"ജീവൻ നിലനിർത്താൻ ഏറ്റവും അത്യന്താപേക്ഷിതമായ തരത്തിൽ മൂന്ന് നേരത്തെ ഭക്ഷണമെങ്കിലും തടവുകാർക്ക് നൽകാൻ ഭരണകൂടത്തിന് നിയമപരമായി ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. "സുഖകരമായ ജീവിതമോ ആഡംബരമോ" അല്ല, നിയമം ആവശ്യപ്പെടുന്ന അതിജീവനത്തിന്റെ അടിസ്ഥാന സാഹചര്യങ്ങൾ" സംബന്ധിച്ചാണ് വിധിയെന്നും കോടതി ഊന്നിപ്പറഞ്ഞു. അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ, ഇസ്രായേലി അവകാശ സംഘടനയായ ഗിഷ എന്നിവർ സമർപ്പിച്ച ഹർജിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ നിർണായക വിധി.

ഏകദേശം രണ്ട് വർഷം മുമ്പ് അധിനിവേശത്തിന് പിന്നാലെ ഗസ്സയിൽനിന്നും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽനിന്നും ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേലി സൈന്യം അനധികൃതമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റമൊന്നും ചുമത്താതെയാണ് അവരെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതും. ജയിലുകളിലെ മോശം സാഹചര്യവും ഭക്ഷണ ദൗർലഭ്യതയും കാരണം ഏകദേശം 61 ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. അതിനിടെയാണ് ഇസ്രായേലി ജയിലുകളിലെ ഭീകരാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന തരത്തിൽ സുപ്രീംകോടതി ഉത്തരവുകൂടി പുറത്തുവരുന്നത്.

അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി തീവ്ര വലതുപക്ഷ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ മന്ത്രി ഇാറ്റമർ ബെൻഗ്വിറാണ്‌ കൂട്ടത്തിൽ പ്രധാനി. ജയിൽ നടത്തിപ്പിന്റെ ചുമതല കൂടിയുള്ള ബെൻ ഗ്വിർ, കോടതി ഹമാസിന്റെ പക്ഷം ചേരുന്നു എന്നാണ് പ്രതികരിച്ചത്. ഫലസ്തീനി തടവുകാരുടെ അവസ്ഥ ഏറ്റവും മോശമാക്കിയതിനെ ഒരു അഭിമാനമായി കരുതുന്ന വ്യക്തി കൂടിയാണ് ബെൻ ഗ്വിർ എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ഫലസ്തീൻ ജനതയോടുള്ള ഇസ്രായേലി ഭരണകൂടത്തിന്റെ സമീപനത്തിനെതിരെ ഇസ്രയേലിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഉയരുന്നതിന് ഇടെയാണ് സുപ്രീംകോടതി കൂടി ഇടപെടൽ നടത്തുന്നത്. 2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ഭരണകൂടം അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, ഇതാദ്യമായാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടാകുന്നത്. നേരത്തെ സുപ്രീംകോടതി നിയമനത്തിൽ സർക്കാരിന്റെ സ്വാധീനം വർധിപ്പിക്കാൻ നെതന്യാഹു ഭരണകൂടം നീക്കം നടത്തുകയും അതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

TAGS :

Next Story