വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രായേൽ; എല്ലാ അതിർത്തികളും തുറക്കണമെന്ന് യുഎൻ
ഹമാസുമായി പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ഗസ്സയിൽ പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

Photo| Reuters
തെൽ അവീവ്: ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ്ട്രംപ്.ഇസ്രായേൽ നിയന്ത്രണത്തിലുള്ള യെല്ലോ ലൈനിലെ തുരങ്കങ്ങളിൽ കഴിയുന്ന ഹമാസ് പോരാളികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണ്. ഇന്നലെ, ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്രായേലിന് കൈമാറി. റഫ ഉൾപ്പടെ ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും ഉടൻ തുറക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
ഹമാസുമായി പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ഗസ്സയിൽ പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇടക്കാല സേനയ്ക്ക് രണ്ട് വർഷം ഭരണച്ചുമതല നൽകുന്ന ചർച്ചകൾ യുഎസ് രക്ഷാസമിതിയിൽ ആരംഭിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവരുടെ പിന്തുണയോടെ 20,000 സൈനികരാണ് എത്തുക. ഹമാസിന്റെ നിരായുധീകരണവും വിദേശസേനയുടെ ചുമതലയാകും.
വെടിനിർത്തൽ നിലവിൽവന്ന ശേഷം 190ലേറെ ആക്രമണങ്ങളിലായി 240 ഫലസ്തീനികളാണ് ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ സൈന്യം നിലയുറപ്പിച്ച യെല്ലോ ലൈനിലെ തുരങ്കങ്ങളിൽ കഴിയുന്ന 150ലേറെ വരുന്ന പോരാളികളുടെ സുരക്ഷിത മോചനം സംബന്ധിച്ച ചർച്ച തുടരുന്നതായി മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. ആയുധങ്ങൾ ഉപേക്ഷിച്ചാൽ ഇവർക്ക് സുരക്ഷിത പാത ഒരുക്കാം എന്ന നിർദേശത്തിൽ ഊന്നിയാണ് ചർച്ച. എന്നാൽ തുരങ്കങ്ങൾ തകർത്ത് ഹമാസിനെ നിരായുധീകരിക്കും വരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി.
കഴിഞ്ഞ ദിവസം, പുതുതായി കണ്ടെടുത്ത ഒരു ബന്ദിയുടെ മൃതദേഹം കൂടി ഫലസ്തീൻപേരാളികൾ ഇസ്രയേലിന് കൈമാറി. ഇസ്ലാമിക് ജിഹാദാണ് മൃതദേഹം റെഡ്ക്രോസ് സംഘം മുഖേന ഇസ്രയേലിന് കൈമാറിയത്. ഇനി 5 മൃതദേഹങ്ങൾ കൂടിയാണ് കൈമാറാനുള്ളത്. റഫ ഉൾപ്പെടെ മുഴുവൻ അതിർത്തികളും തുറന്ന് ഗസ്സയിലേക്ക് ഉദാരമായ സഹായം ലഭ്യമാക്കിയില്ലെങ്കിൽ പട്ടിണിയും ദുരിതവും സങ്കീർണമാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പറഞ്ഞു.
അതിനിടെ, അബ്രഹാം ഉടമ്പടിയിലേക്ക് കസാഖ്സ്താനും സന്നദ്ധത അറിയിച്ചത് നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേലും അറബ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള ഉടമ്പടിയിൽ ബഹ്റൈൻ, മൊറോക്കോ, സുഡാൻ, യു.എഇ എന്നീ രാജ്യങ്ങൾ നേരത്തെ ചേർന്നിരുന്നു. 1992 മുതൽ തന്നെ കസാഖ്സ്താന് ഇസ്രായേലുമായി നയതന്ത്രബന്ധമുള്ള രാജ്യം കൂടിയാണ്.
Adjust Story Font
16

