Quantcast

ഗസ്സയിലെ ആശുപത്രിയിൽ പരിക്കേറ്റവർക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം; കുഴിയെടുത്ത് മൃതദേഹങ്ങൾ വലിച്ചെറിഞ്ഞു

ആശുപത്രി അങ്കണത്തിലെ ടെന്റുകൾക്ക് മുകളിലൂടെ ഇസ്രായേൽ സേന ബുൾഡോസറുകൾ ഓടിക്കുമ്പോൾ വലിയ നിലവിളി കേട്ടെന്നും മൃതദേഹങ്ങൾക്കൊപ്പം ചിലർ ചതഞ്ഞ് മരിച്ചതായി സംശയിക്കുന്നതായും ‍ഡോക്ടർ കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Updated:

    2023-12-19 13:31:03.0

Published:

19 Dec 2023 1:23 PM GMT

Israeli army unleashed attack dogs on wounded in Gaza hospital
X

​ഗസ്സ: അധിനിവേശ സേനയുടെ കര-വ്യോമാക്രമണത്തിൽ പരിക്കേറ്റ് ​ഗസ്സയിലെ ആശുപത്രിയിൽ കഴിയുന്നവർക്ക് നേരെ ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ​ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ ഇസ്രായേൽ സേന ബുൾഡോസറുകൾ ഉപയോഗിക്കുകയും ആക്രമണകാരികളായ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തുവെന്നും അതിൽ അന്വേഷണം വേണമെന്നും ഗസ്സ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ദിവസങ്ങളോളം ഉപരോധിക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്ത ശേഷമാണ് ഇസ്രായേൽ സൈന്യം ആശുപത്രിയിൽ റെയ്ഡ് നടത്തിയത്. ഇസ്രായേൽ സൈന്യം ആശുപത്രിയുടെ ചില ഭാഗങ്ങൾ നശിപ്പിക്കുകയും രോ​ഗികൾക്ക് സഹായം നിഷേധിക്കുകയും ആരോഗ്യപ്രവർത്തകരെയും തൊഴിലാളികളെയും പരിക്കേറ്റവരെയും അഭയം തേടിയ സിവിലിയന്മാരെയും ആക്രമിക്കുകയും ചെയ്തതായി ഗസ്സ മുനമ്പിലെ ആശുപത്രികളുടെ ജനറൽ ഡയറക്ടർ മുനീർ അൽ ബുർഷും ആശുപത്രി പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഹുസാം അബൂ സഫിയയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ആശുപത്രി കവാടത്തിലും പരിസരത്തും സേന ബോംബിട്ടു. ആശുപത്രി കോമ്പൗണ്ടിലെ വിവിധ കെട്ടിടങ്ങൾക്കു നേരെ വെടിയുതിർത്തു. പ്രസവ വാർഡ് പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്കും ബോംബാക്രമണം ഉണ്ടായി. ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൂത്തിനെ പിടികൂടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി'- ഇരുവരും പറഞ്ഞു.

'ആശുപത്രിയിൽ അഭയം തേടിയ സിവിലിയൻമാരെയും ആരോ​ഗ്യപ്രവർത്തകരേയും ന​ഗ്നരാക്കി ഒരു വലിയ കുഴിയിലേക്ക് തള്ളിയിടുകയും ആക്രമണകാരികളായ നായ്ക്കളെ അവരുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്തു. ആശുപത്രിയുടെ ഓക്സിജൻ യൂണിറ്റും വാട്ടർ ടാങ്കും സെൻട്രൽ ആർക്കൈവും ഫാർമസിയും സേന തകർത്തു'- അവർ വ്യക്തമാക്കി.

'ആശുപത്രിയുടെ മുറ്റത്ത് ബുൾഡോസർ ഉപയോ​ഗിച്ച് വലിയ കുഴി കുഴിച്ച ഇസ്രായേൽ സേന, അവർ കൊന്ന 12 പേരുടെ മൃതദേഹങ്ങൾ അതിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുഴിയിൽ എറിയപ്പെട്ടവരിൽ പരിക്കേറ്റവരിൽ ആരെങ്കിലുമുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം'- ഇരുവരും ആവശ്യപ്പെട്ടു.

പരിക്കേറ്റ 75 വയസുള്ള ഒരു വ്യക്തിക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണകാരിയായ നായയെ അഴിച്ചുവിട്ടതായും അദ്ദേഹം അടുത്ത ദിവസം മരിച്ചുവെന്നും അബൂ സഫിയ പറഞ്ഞു. ആശുപത്രി അങ്കണത്തിലെ ടെന്റുകൾക്ക് മുകളിലൂടെ ഇസ്രായേൽ സൈനികർ ബുൾഡോസറുകൾ ഓടിക്കുമ്പോൾ വലിയ നിലവിളി കേട്ടുവെന്നും മൃതദേഹങ്ങൾക്കൊപ്പം ചിലർ ചതഞ്ഞ് മരിച്ചതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ നടപടികളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ അൽ കൈല നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ​ഗസ്സയിൽ ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18700 ആയി. പരിക്കേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.

TAGS :

Next Story