ഇസ്രായേൽ ആക്രമണം: സുരക്ഷാസേനാംഗം കൊല്ലപ്പെട്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ സഅദ് മുഹമ്മദ് അൽ ദുസൂരിയാണ് കൊല്ലപ്പെട്ടത്.

ദോഹ: ഇസ്രായേൽ ആക്രമണത്തിനിടെ സൈനികൻ കൊല്ലപ്പെട്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. സേനയിലെ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ സഅദ് മുഹമ്മദ് അൽ ദുസൂരിയാണ് കൊല്ലപ്പെട്ടത്.
അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും അഞ്ച് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് അറിയിക്കുന്നത്. ഹമാസ് നേതൃത്വം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അമേരിക്കൻ നിർദേശം ചർച്ച ചെയ്യാനെത്തിയ സംഘത്തിന് നേരെയായിരുന്നു ആക്രമണമെന്നും ഹമാസ് വ്യക്തമാക്കി.
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ അൽ ഹിന്ദി, അൽ ജസീറയോടാണ് കാര്യങ്ങൾ വിശദീകരിച്ചത്. അധിനിവേശത്തിന് എതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് സുഹൈൽ അൽ ഹിന്ദി പറഞ്ഞു.
ട്രംപിന്റെ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ യോഗം ചേർന്ന ഖലീൽ അൽ-ഹയ്യയെയും മറ്റ് ഹമാസ് നേതാക്കളെയും വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് അൽ-ഹിന്ദി പറഞ്ഞു. എന്നാൽ ആക്രമണങ്ങളിൽ ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമ്മാം അൽ ഹയ്യയും അദ്ദേഹത്തിന്റെ ഒരു സഹായി ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
ഇതിനിടെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ബ്രിട്ടനും ഫ്രാൻസും രംഗത്ത് എത്തി. പരമാധികാരത്തിന് മേലുള്ള കയ്യേറ്റമെന്നും വേണ്ടത് അടിയന്തിര വെടിനിർത്തലെന്നും ബ്രിട്ടൻ വ്യക്തമാക്കി. ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ഫ്രാൻസും പ്രതികരിച്ചു.
Adjust Story Font
16

