Quantcast

15കാരനായ ഫലസ്തീൻ ബാലനെ വെടിവച്ച് കൊന്ന് ഇസ്രയേൽ സൈന്യം

റെയ്ഡിനിടെ ഇസ്രായേലി സേന നിരവധി താമസക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MediaOne Logo

Web Desk

  • Published:

    3 Jan 2023 1:16 PM GMT

15കാരനായ ഫലസ്തീൻ ബാലനെ വെടിവച്ച് കൊന്ന് ഇസ്രയേൽ സൈന്യം
X

റാമല്ല: വീണ്ടും ഫലസ്തീൻ കൗമാരക്കാരനെ വെടിവച്ച് കൊന്ന് ഇസ്രായേൽ സൈന്യം. തെക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം നഗരത്തിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. 15കാരനായ ആദം ഇസാം ഷാകിർ അയ്യദ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് ആദമിന് വെടിയേറ്റതെന്ന് ഫലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ദെയ്‌ഷെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് കൊലപാതകം നടന്നത്. നേരം പുലരുന്നതിന് മുമ്പ് ആരംഭിച്ച റെയ്ഡിൽ നിരവധി സായുധ വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. റെയ്ഡിനിടെ ഇസ്രായേലി സേന നിരവധി താമസക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകത്തെ നികൃഷ്ടമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം, ഇസ്രായേൽ തുടർച്ചയായി ഫലസ്തീൻ കുട്ടികൾക്ക് നേരെ ആക്രമണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.

നിയമവിരുദ്ധമായ കൊലപാതക പരമ്പരയാണ് അവർ നടത്തുന്നതെന്നും ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഏതാണ്ട് ഒരു വർഷത്തോളമായി തുടരുന്ന റെയ്ഡുകളുടെയും കൊലപാതകങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴത്തെ ക്രൂരത. പുതുവർഷത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഫലസ്തീനിയാണ് ആദം അയ്യാദ്.

തിങ്കളാഴ്ച രണ്ട് യുവാക്കളെ വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലെ ​കുഫർദാനിൽ നടന്ന റെയ്ഡിനിടെ ഇസ്രയേൽ സേന വെടിവച്ച് കൊന്നിരുന്നു. 16 വർഷത്തിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾ നേരിട്ട ഏറ്റവും ദുരിത വർഷമാണ് 2022 എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

നവംബർ 21ന് വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ ബാലനെ ഇസ്രയേൽ സേന വെടിവച്ച് കൊന്നിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ഫ്ലാഷ്‌പോയിന്റ് പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് വെടിവച്ച് കൊന്നത്.

TAGS :

Next Story